Enter your Email Address to subscribe to our newsletters

Kozhikode, 10 മാര്ച്ച് (H.S.)
പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. പൊലീസ് ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ഹരിദാസിനെ വിസ്തരിക്കുന്നതോടെ വിചാരണ നടപടികള് അവസാനിക്കും. കോടതി നടപടികൾ മാർച്ച് 16-ന് നടക്കും. അവസാനഘട്ട വിചാരണയ്ക്കു ശേഷം ഏപ്രിൽ-മേയ് മാസത്തോടെ കേസിൽ വിധി പറഞ്ഞേക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. റോയ് തോമസ് വധക്കേസിന്റെ വിചാരണ മാറാട് പ്രത്യേക കോടതിയിൽ ആരംഭിച്ചിട്ട് മാർച്ച് 8-ന് മൂന്ന് വർഷം പിന്നിട്ടു. നിലവിലെ ജഡ്ജി കെ. സുരേഷ് കുമാർ മുൻപാകെയാണ് വിസ്താരം നടക്കുന്നത്. സയനൈഡ് കണ്ടെത്തി ശേഖരിക്കുന്നതിനു സാക്ഷിയായ ഒ.പി. അബ്ദുറഹ്മാന്റെ വിചാരണയാണ് ഏറ്റവും ഒടുവിൽ നടന്നത്.
2023 ഫെബ്രുവരിയിലാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽനിന്നും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്. 2023 മാർച്ച് 8-ന് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാം ലാൽ മുൻപാകെ നടപടികൾ ആരംഭിച്ചു. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി എൻ.കെ. ഉണ്ണിക്കൃഷ്ണനെയും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇ. സുബാഷിനെയും നിയമിച്ചു. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ബി.എ. ആളൂർ, ഹിജാസ് അഹമ്മദ്, എം. ഷഹീർ സിങ്, രാജേഷ്, പി. കുമാരൻകുട്ടി എന്നിവരാണ് ഹാജരായത്. 2025 ഏപ്രിലിൽ അഡ്വ. ബി.എ. ആളൂർ മരിച്ചതിനെ തുടർന്ന് മുഖ്യപ്രതി ജോളി ജോസഫിനു വേണ്ടി അഡ്വക്കറ്റ് കെ.പി. പ്രശാന്ത് ഹാജരായി.
കൂടത്തായി പൊന്നാമറ്റം ജോളിയാമ്മ ജോസഫ് (ജോളി-48), ആദ്യ ഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. 2020 ജനുവരി 25-നാണ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. ഓഗസ്റ്റിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ച വിചാരണ നടപടികൾ വിവിധ കാരണങ്ങളാൽ നീണ്ടുപോയിരുന്നു. ഇതിനിടെ രണ്ടുതവണ ജഡ്ജിമാർ സ്ഥലം മാറിപ്പോയി.
കേസുകളിൽ ആകെ 270 സാക്ഷികളാണുള്ളത്. ഇതിൽ 123 സാക്ഷികളെ വിസ്തരിച്ചു. 235 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കിയുൾപ്പെടെ 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. കേസിൽ ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ്. മാത്യുവും ജയിലിലാണ്. ജോളിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയിരുന്നു.
റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫോറൻസിക് വിഭാഗം മേധാവി നിർണ്ണായക മൊഴി നൽകിയിരുന്നു. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹങ്ങൾ സംസ്കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ ഈ മൊഴി നിർണായകമാകും. സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ സയനൈഡ് ഉപയോഗിച്ച് ആറുപേരെ കൊലപ്പെടുത്തി എന്നതാണു കേസ്. 2019 ഒക്ടോബർ 5-നാണ് ജോളി അറസ്റ്റിലായത്. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ മഞ്ചാടിയിൽ എം.എസ്. മാത്യു, സ്വർണപ്പണിക്കാരനായ പ്രജികുമാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണാണ് അന്വേഷണത്തിനു തുടക്കമിട്ടത്.
മരണങ്ങൾ കൊലപാതകങ്ങളാണെന്നു കണ്ടെത്തിയതോടെ വിവിധ കല്ലറകളിലായി അടക്കിയ ആറ് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് പുറത്തെടുത്ത് പരിശോധനയ്ക്കയച്ചു. റോയിയുടെ അമ്മയെ ആട്ടിൻ സൂപ്പിൽ കീടനാശിനി കലർത്തി നൽകിയും മറ്റുള്ളവരെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയുമാണു കൊലപ്പെടുത്തിയതെന്നു ജോളിയുടെ കുറ്റസമ്മതമുണ്ടായിരുന്നു. നിലവിൽ കണ്ണൂർ വനിതാ ജയിലിലാണ് ജോളിയെ പാർപ്പിച്ചിരിക്കുന്നത്. എം.എസ്. മാത്യു കോഴിക്കോട് ജില്ലാ ജയിലിൽ വിചാരണത്തടവിലാണ്. മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു.
കൊലപാതകങ്ങളുടെ നാൾവഴി:
2002: അന്നമ്മ തോമസ് (57) വീട്ടിലെത്തിയ ശേഷം ഒരു ഗ്ലാസ് വെള്ളം കുടിച്ചു. തൊട്ടുപിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയും ചെയ്തു.
2008: ടോം തോമസ് (66) ഭക്ഷണം കഴിച്ചശേഷം ബോധരഹിതനായി വീണു മരിച്ചു. സംഭവസ്ഥലത്ത് ജോളിയുമുണ്ടായിരുന്നു.
2011: റോയ് തോമസ് (40) അത്താഴം കഴിച്ചശേഷം കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തിയെങ്കിലും സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാണെന്നാണു പുറംലോകം കരുതിയത്.
2014: മാത്യു മഞ്ചാടിയിൽ (68) വിസ്കിയിൽ വിഷം കലർത്തി നൽകിയതിനെ തുടർന്ന് മരിച്ചു. ഇതേ വർഷം ഷാജുവിന്റെ രണ്ടുവയസ്സുള്ള മകൾ ആൽഫൈനും മരണപ്പെട്ടു.
2016: സിലി ഷാജുവിന് (41) വിഷാദം കുറയ്ക്കാനെന്ന വ്യാജേന ജോളി വിഷം കലർത്തിയ ക്യാപ്സ്യൂൾ നൽകി. സിലിയുടെ മരണവും ഇതോടെ സംഭവിച്ചു.
2018: റോയ് തോമസിന്റെ സഹോദരൻ റോജോ തോമസ് നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയ റോജോ റൂറൽ എസ്പിക്ക് പരാതി നൽകുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ജോളിയുടെ പങ്ക് വെളിപ്പെടുകയുമായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR