Enter your Email Address to subscribe to our newsletters

Wayanad, 10 മാര്ച്ച് (H.S.)
പണിയ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ആദിവാസി–ദലിത് സംഘടനകൾ. ഇക്കാര്യം മുന്നണികൾ പരിഗണിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ആദിവാസി–ദലിത് സംഘടനകൾ വ്യക്തമാക്കി.
ജില്ലയിൽ രണ്ട് സംവരണ മണ്ഡലങ്ങളുണ്ടെങ്കിലും വളർച്ച നേടിയ ചില സമുദായങ്ങൾക്കു മാത്രമാണ് നിയമസഭയിൽ അവസരം ലഭിക്കുന്നതെന്ന് ആരോപിച്ചാണ് മുന്നറിയിപ്പ്. ഇടത്–വലത് മുന്നണികൾ ഒരേ സമീപനമാണ് തുടരുന്നതെന്നും ആദിവാസി ഗോത്രമഹാസഭ കോഓർഡിനേറ്റർ എം. ഗീതാനന്ദൻ പറഞ്ഞു.
വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങളെ വെറും വോട്ടർമാരായി മാത്രം കാണുന്ന സമീപനം വംശീയ വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു. പണിയ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നണികളുമായി ചർച്ച ചെയ്തിരുന്നുവെന്നും വിഷയം ലോക്സഭാ അംഗങ്ങളായ പ്രിയങ്ക ഗാന്ധിയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഗീതാനന്ദൻ പറഞ്ഞു. എന്നാൽ ഇതുവരെ അനുകൂലമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ രാഷ്ട്രീയ പ്രബുദ്ധരായ ദലിത്–ആദിവാസി പ്രവർത്തകരെ പൊതുവേ രാഷ്ട്രീയ മുന്നണികൾ മാറ്റിനിർത്തുന്ന സമീപനം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണത്തെ സ്ഥാനാർഥി പരിഗണനകളിലും പ്രമുഖ ദലിത് നേതാക്കൾ അവഗണിക്കപ്പെടുന്ന സാഹചര്യം കൂടുതൽ വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞു. വർഷങ്ങളായി തുടരുന്ന ഈ മനോഭാവത്തിൽ മാറ്റം വരുത്താൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'പണിയ വിഭാഗങ്ങളിൽ നിന്നുള്ള ഏതെങ്കിലും ഒരു എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥിയെ മാനന്തവാടി, ബത്തേരി ഭാഗങ്ങളിൽ നിർത്തണം. കഴിഞ്ഞ വട്ടം നുമക്കത് ആവശ്യപ്പെടാൻ സാധിച്ചിട്ടില്ല, എന്നാൽ ഇന്ന് സ്ഥിതി വിശേഷം മാറിയിട്ടുണ്ട്. ഒരു പക്ഷേ ഇത് നമ്മുടെ അവസാന അവസരമായിരിക്കും. അതുകൊണ്ട് ഈ രണ്ട് മണ്ഡലത്തിൽ നിന്നും ഏതെങ്കിലും ഒരു മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധിയുണ്ടാകണമെന്നുള്ള ആവശ്യം ഉന്നയിച്ചു കൊണ്ട് വയനാട് ജില്ലയിൽ ഒരു ആദിവാസി കൂട്ടായ്മ രൂപം കൊണ്ടിട്ടുണ്ട്. ആ കൂട്ടായ്മയുടെ ഭാഗമായാണ് മുന്നണികൾ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ പണിയ വിഭാഗത്തിൽ നിന്നുള്ള ഒരു സ്വതന്ത്ര സ്ഥാനാർഥി മത്സരിക്കുമെന്ന് പറയുന്നത്' എം. ഗീതാനന്ദൻ പറഞ്ഞു.
മുന്നണികൾ അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം പണിയ സമുദായത്തിൽ നിന്നുള്ള യോഗ്യനായ സ്വതന്ത്ര സ്ഥാനാർഥിയെ പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും ആദിവാസി–ദലിത് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയോടെയായിരിക്കും മത്സരമെന്നും ആദിവാസി ഗോത്രമഹാസഭ അറിയിച്ചു. നിയമസഭാ തലത്തിലുള്ള ഈ രാഷ്ട്രീയ ഇടപെടൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR