അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി 16ന്
Thiruvananthapuram, 10 മാര്ച്ച് (H.S.) അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ
Rahul Ishwar


Thiruvananthapuram, 10 മാര്ച്ച് (H.S.)

അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കേസിൽ കോടതി ഈ മാസം 16-ന് വിധി പറയും.

അതിജീവിതയെ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാൻ പ്രതി ശ്രമിച്ചെന്നും, ഇത് ഇരയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നും പ്രോസിക്യൂട്ടർ പ്രവീൺ കോടതിയിൽ വാദിച്ചു. ജാമ്യം ലഭിച്ചവർ കർശനമായി പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും, പോലീസ് ഉന്നയിക്കുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും പ്രതിഭാഗം വാദിച്ചു. തന്നെ മനഃപൂർവം വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

നേരത്തെ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 17 ദിവസത്തെ ജാമ്യത്തിന് ശേഷമാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഈ ജാമ്യ വ്യവസ്ഥകൾ പ്രതി ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇപ്പോൾ പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

നേമം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് രാഹുല് ഈശ്വറിനെതിരെ നടപടി സ്വീകരിച്ചത്. ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ പേരും വിവരങ്ങളും ചിത്രങ്ങളും ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്നും അശ്ലീലവും ലൈംഗിക ചുവയുമുള്ള പരാമർശങ്ങൾ നടത്തിയെന്നുമായിരുന്നു രാഹുൽ ഈശ്വറിനെതിരെയുള്ള പ്രധാന ആരോപണം.

അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിന് 16 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വ്യാജ പരാതിയിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അറസ്റ്റിന് മുൻപ് തനിക്ക് നോട്ടിസ് നൽകിയിരുന്നില്ല എന്നും മോചനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു. അന്വേഷണ ഓഫിസർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, മറ്റ് കേസുകളിൽ ഉൾപ്പെടാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്, അതിജീവിതയെക്കുറിച്ച് സോഷ്യൽ മീഡിയയിലോ മറ്റ് പൊതുയിടങ്ങളിലോ യാതൊരുവിധ പരാമർശങ്ങളും നടത്താൻ പാടില്ല എന്നിവയായിരുന്നു പ്രധാന ജാമ്യവ്യവസ്ഥകൾ.

അതിജീവിതയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News