ഏതെങ്കിലും നേതാക്കൾ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ പാർട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യത്തിൽ സംശയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
Newdelhi, 10 മാര്ച്ച് (H.S.) ഏതെങ്കിലും നേതാക്കൾ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ പാർട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യത്തിൽ സംശയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥ
V D Satheeshan


Newdelhi, 10 മാര്ച്ച് (H.S.)

ഏതെങ്കിലും നേതാക്കൾ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ പാർട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യത്തിൽ സംശയമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങേണ്ടതില്ലെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ കർശന നിർദേശത്തിന് പിന്നാലെയാണ് ഡൽഹിയിൽ മാധ്യമങ്ങളോട് അദ്ദേഹത്തിൻ്റെ പ്രതികരണം. കെപിസിസി അധ്യക്ഷൻ വളരെ വ്യക്തമായി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്ഥാനാർഥിത്വം ആരും സ്വയം തീരുമാനിക്കേണ്ടതില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് നൂറ്റിപ്പത്ത് ശതമാനം ഉറപ്പാണെന്നും അതിൽ കുഴപ്പമില്ലെന്നും കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു വിഡി സതീശൻ നിലപാട് വിശദമാക്കിയത്. ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്ന കാര്യവും ആരും ഏകപക്ഷീയമായി തീരുമാനിക്കേണ്ടതില്ല. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും നടത്താൻ കേരളത്തിൽ പാർട്ടിക്കും യുഡിഎഫിനും കൃത്യമായ നേതൃത്വമുണ്ട്. നേതാക്കളും ഹൈക്കമാൻഡും ഘടകകക്ഷി നേതാക്കളുമായി ആലോചിച്ചായിരിക്കും സീറ്റ് വിഭജനം പൂർത്തിയാക്കുക. താഴെത്തട്ടിൽ നടക്കേണ്ട ഒന്നല്ല സ്ഥാനാർഥി നിർണയമെന്നും വിഡി സതീശൻ മുന്നറിയിപ്പ് നൽകി.

തൻ്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പാർട്ടി ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. താൻ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളിൽ വെള്ളം ചേർക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും അത്തരത്തിലുള്ള ഒരു നടപടിയും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായി പറഞ്ഞു.

സ്ഥാനാർഥി നിർണയം; സിറ്റിങ് എംപിമാരുടെ സമ്മർദം

കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും സിറ്റിങ് എംപിമാർക്കിടയിൽ കടുത്ത സമ്മർദം നിലനിൽക്കുന്നുണ്ട്. താൻ കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്ന നിലപാടിൽ കെ സുധാകരൻ ഉറച്ചുനിൽക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വാഗ്ദാനം തനിക്കുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം. സമുദായ സംഘടനകളുടെ പിന്തുണയോടെ അടൂർ പ്രകാശും സീറ്റിനായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാന ഘടകം സ്ക്രീനിങ് കമ്മിറ്റിയിൽ അറിയിച്ചിരുന്നുവെങ്കിലും ദേശീയ തലത്തിൽ ഇത് എത്രത്തോളം നടപ്പിലാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സീറ്റ് സിപി ജോണിന് നൽകണമെന്ന നിലപാടാണ് വിഡി സതീശൻ അടക്കമുള്ളവർക്കുള്ളതെങ്കിലും വലിയ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നു. നാളെ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാത്രമേ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കൃത്യമായ ചിത്രം വ്യക്തമാവുകയുള്ളൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News