Enter your Email Address to subscribe to our newsletters

Kozikode, 10 മാര്ച്ച് (H.S.)
കോഴിക്കോട്: നഗരത്തിന്റെ ഗതാഗത മുഖച്ഛായ മാറ്റുന്ന മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മലാപ്പറമ്പിൽ നടന്ന ചടങ്ങിൽ പാതയുടെ സമർപ്പണം നിർവഹിച്ചു. മാനാഞ്ചിറ മുതൽ വെള്ളിമാട്കുന്ന് വരെയുള്ള 8.34 കിലോമീറ്റർ റോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മലാപ്പറമ്പിൽ നടന്ന ഉദ്ഘാടനത്തിന് ശേഷം മാനാഞ്ചിറയിലേക്ക് വാഹനങ്ങളുടെ ഘോഷയാത്രയും നടന്നു.
പൂർത്തിയാകാൻ 40 ദിവസം കൂടി; വിമർശനവുമായി നാട്ടുകാർ
റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തുവെങ്കിലും നിർമ്മാണപ്രവൃത്തികൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്ന ആക്ഷേപവുമായി ഒരു വിഭാഗം നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഫുട്പാത്ത് നിർമ്മാണം, അഴുക്കുചാൽ സ്ലാബുകൾ സ്ഥാപിക്കൽ, ഡിവൈഡറുകളുടെ അന്തിമ മിനുക്കുപണികൾ എന്നിവ പൂർത്തിയാകാൻ ഇനിയും 40 ദിവസമെങ്കിലും വേണ്ടിവരും. നിർമ്മാണം പൂർത്തിയാകാതെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ധൃതിപിടിച്ച് ‘ഷോ’ നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. എന്നാൽ, പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ചാണ് പാത തുറന്നുകൊടുത്തതെന്ന് അധികൃതർ വിശദീകരിച്ചു.
രണ്ടാം ഘട്ടം വെള്ളിമാട്കുന്ന് വരെ
മലാപ്പറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെയുള്ള 3.027 കിലോമീറ്റർ രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. 50.49 കോടി രൂപയാണ് ഈ റീച്ചിനായി ചെലവ് പ്രതീക്ഷിക്കുന്നത്. മാനാഞ്ചിറ–മലാപ്പറമ്പ് റീച്ചിനായി 76.90 കോടി രൂപയാണ് ഇതുവരെ ചിലവായത്. പദ്ധതി പൂർത്തിയാകുന്നതോടെ വയനാട് റോഡിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
‘ന്യൂ കാലിക്കറ്റ്’ വിഷൻ
ഡൽഹി ‘ന്യൂഡൽഹി’ ആയതുപോലെ കോഴിക്കോടിനെ ‘ന്യൂ കാലിക്കറ്റ്’ ആക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാരിസ് മോഡലിലുള്ള 1000 കോടി രൂപയുടെ കനാൽ സിറ്റി പദ്ധതിയും നഗരത്തിലെ ബി.എം ആന്റ് ബി.സി നിലവാരത്തിലുള്ള റോഡുകളും കോഴിക്കോടിനെ ആധുനിക നഗരമാക്കി മാറ്റും. കേന്ദ്ര സർക്കാരിന്റെ എൻ.ഒ.സി (NOC) കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ സ്വന്തം നിലയിലാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോയതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്
2008-ൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും ഫണ്ടിന്റെ കുറവും കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്ത് വർഷത്തിലേറെ നീണ്ട നിരന്തര സമരങ്ങൾക്കൊടുവിലാണ് പദ്ധതി ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. ആദ്യഘട്ടത്തിൽ 5.32 കിലോമീറ്റർ പാതയാണ് 24 മീറ്റർ വീതിയിൽ നവീകരിച്ചത്. പാതയുടെ ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയുള്ള നടപ്പാതകളും മധ്യത്തിൽ മീഡിയനും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജംക്ഷനുകളുടെ നവീകരണവും സിഗ്നൽ സംവിധാനങ്ങളും പൂർണ്ണമായി സജ്ജമാകുന്നതോടെ കോഴിക്കോട് നഗരഹൃദയത്തിലേക്കുള്ള യാത്ര സുഗമമാകും. രണ്ടാം ഘട്ട പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പുനൽകി.
---------------
Hindusthan Samachar / Roshith K