Enter your Email Address to subscribe to our newsletters

Kannur, 10 മാര്ച്ച് (H.S.)
കണ്ണൂർ: ആർഭാടപൂർവ്വം ഉദ്ഘാടനം ചെയ്യപ്പെട്ട മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ് അഞ്ച് മാസം പിന്നിട്ടിട്ടും യാത്രക്കാർക്ക് ലഭ്യമാകാത്തതിൽ കടുത്ത അമർഷം. കഴിഞ്ഞ വർഷം ഒക്ടോബർ 13-ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത പുതിയ ബോട്ട് സർവീസാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അധികൃതർ മുടക്കിയിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് 146 ദിവസങ്ങൾ പിന്നിട്ടിട്ടും ഈ റൂട്ടിൽ ബോട്ട് ഓടിത്തുടങ്ങിയിട്ടില്ല.
പാലത്തിന് അടിയിലൂടെ ബോട്ട് പോകില്ല!
സർവീസ് ആരംഭിക്കാത്തതിന് വിചിത്രമായ കാരണമാണ് ജലഗതാഗത വകുപ്പ് നിരത്തുന്നത്. പുതുതായി അനുവദിച്ച കറ്റാമറൈൻ ബോട്ടിന് ഉയരം കൂടുതലായതിനാൽ വളപട്ടണം പാലത്തിനടിയിലൂടെ കടന്നുപോകാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. നിലവിൽ പറശ്ശിനിക്കടവിൽ നിന്ന് പുറപ്പെടുന്ന ബോട്ട് വളപട്ടണം ജെട്ടി വരെ എത്തി സർവീസ് അവസാനിപ്പിച്ച് മടങ്ങുകയാണ്. പാലത്തിന് താഴെയുള്ള ഉയരക്കുറവ് നേരത്തെ അറിയാമായിരുന്നിട്ടും, അത് പരിഗണിക്കാതെ എന്തിനാണ് ഈ ബോട്ട് അനുവദിച്ചതെന്നും എന്തിനാണ് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതെന്നുമാണ് നാട്ടുകാർ ചോദിക്കുന്നത്.
നാട്ടുകാരുടെ നീണ്ട കാത്തിരിപ്പ്
2010-ലാണ് മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാരത്തിനും നിത്യോപയോഗത്തിനും ഏറെ ഉപകാരപ്രദമായ ഈ സർവീസ് വൻ വിജയമായിരുന്നു. എന്നാൽ പഴയ ബോട്ടുകൾ കാലപ്പഴക്കം മൂലം പണിമുടക്കുന്നത് പതിവായതോടെയാണ് പുതിയ ബോട്ടുകൾക്കായി നാട്ടുകാർ മുറവിളി കൂട്ടിയത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ രണ്ട് പുതിയ ബോട്ടുകൾ അനുവദിച്ചെങ്കിലും അതിൽ ഒന്നുമാത്രമാണ് (മാട്ടൂൽ–അഴീക്കൽ റൂട്ടിൽ) നിലവിൽ സർവീസ് നടത്തുന്നത്.
ജലഗതാഗത വകുപ്പിന്റെ മെല്ലെപ്പോക്ക്
ജലഗതാഗത വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക ബ്രോഷറിൽ മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിലെ പുതിയ ബോട്ട് സർവീസിനെക്കുറിച്ച് വാചാലമാകുന്നുണ്ടെങ്കിലും പ്രായോഗികമായി യാതൊരു നടപടിയും കാണുന്നില്ല. ഉയരം കുറഞ്ഞ മറ്റൊരു പഴയ ബോട്ട് അറ്റകുറ്റപ്പണി നടത്തി ഈ റൂട്ടിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും അതിന് വേഗത കുറവാണെന്ന പരാതിയും ഉയരുന്നുണ്ട്. മാട്ടൂൽ നിവാസികൾക്ക് കുറഞ്ഞ ചിലവിൽ പ്രകൃതിഭംഗി ആസ്വദിച്ച് പറശ്ശിനിക്കടവ് ക്ഷേത്രത്തിലും പരിസരങ്ങളിലും എത്താൻ സഹായകമായ സർവീസാണിത്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ തന്നെ നേരിട്ട് ഇടപെട്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉദ്ഘാടന വേളയിൽ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം പുകയുന്നുണ്ട്.
---------------
Hindusthan Samachar / Roshith K