Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 മാര്‍ച്ച് (H.S.)
യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യമായ അഭിപ്രായ പ്രകടനം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഘടകക്ഷികള്‍ക്ക് സീറ്റുകള് നല്കുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനും പാര്‍ട്ടി ഘടകത്തിനും ചേര്‍ന്നതല്ല. അത്തരം പ്രസ്താവനകള്‍ അച്ചടക്കലംഘനമായി കോണ്‍ഗ്രസ് കരുതുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നേതാക്കള്‍ക്കോ വിവിധ പാര്‍ട്ടി ഘടങ്ങള്‍ക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കില്‍ അതിന് നേതൃത്വത്തെ സമീപിക്കാവുന്നതാണ്. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ത്ഥികളാകാന്‍ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് വിട്ടുനല്‍കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡലം കോണ്‍ഗ്രസിന്റേതാണെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ ചുവരെഴുത്തുകള്‍ നടത്തി. സിഎംപിക്ക് സീറ്റ് നല്‍കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ രഹസ്യയോഗം ചേരുകയും ചെയ്തു.
മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രഹസ്യയോഗം ചേര്‍ന്നു. ശരത്ചന്ദ്ര പ്രസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സിഎംപിക്ക് സീറ്റ് നല്‍കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചു. മണ്ഡലം സിഎംപിക്ക് വിട്ടുനല്‍കുന്നത് പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍.
വിഎസ് ശിവകുമാര്‍ ഈ നീക്കത്തിനെതിരെ നേരത്തെ തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. മണ്ഡലത്തില്‍ ആയിരം വോട്ടര്‍മാര്‍ പോലുമില്ലാത്ത ഒരു കക്ഷിക്കായി കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റ് വിട്ടുനല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി അംഗം ചിത്രാലയം ഹരികുമാര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമായാല്‍ പലരും പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യം വരെ ഉണ്ടായേക്കാമെന്നാണ് പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
---------------
Hindusthan Samachar / Sreejith S