Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 മാര്ച്ച് (H.S.)
പശ്ചിമേഷ്യൻ സംഘർഷം നീളുന്നതിനെത്തുടർന്നുള്ള പാചകവാതക പ്രതിസന്ധിയിൽ കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലകളും അടച്ചുപൂട്ടൽ ഭീഷണിയിൽ. തിരുവനന്തപുരത്ത് പല ജനകീയ ഭക്ഷണശാലകൾക്കും പാചകവാതകം ലഭിച്ചിട്ടില്ല. പാചകവാതകം ലഭിച്ചില്ലെങ്കിൽ ഭക്ഷണശാല പൂട്ടാനാണ് ജീവനക്കാരുടെ തീരുമാനം.
അഗതികളുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് 35 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഈ ഭക്ഷണശാലകളെ ദിവസേന ആശ്രയിക്കുന്നത്. ഇവയ്ക്ക് പൂട്ടുവീഴുന്നതോടെ സാധാരണക്കാരിൽ സാധാരണക്കാരാണ് പട്ടിണിയാവുന്നത്. ജനകീയ ഭക്ഷണശാലകളിലെ വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൗരന്മാരും വിധവകളുമുണ്ട്. ഭക്ഷണശാലകൾ പൂട്ടുന്നതോടെ ഇവരും പ്രതിസന്ധിയിലാവും. ബുധനാഴ്ച പല ജനകീയ ഭക്ഷണശാലകളിലും വട, പഴംപൊരി അടക്കമുള്ള പലഹാരങ്ങൾ ഉണ്ടാക്കിയില്ല. ഒൻപതു മണിയോടെ ചായക്കച്ചവടം അവസാനിപ്പിച്ചു. ഊണിനുള്ള കറികളും പരിമിതപ്പെടുത്തി.
ഭക്ഷണശാലയിലേക്ക് ദിവസേന ഓരോ കുറ്റി പാചകവാതകം വേണമെന്ന് അനന്തപുരി കഫേ ജനകീയ ഭക്ഷണശാലയിലെ കെ. സരോജം പറഞ്ഞു. പാചകവാതകത്തിനായി ചൊവ്വാഴ്ച ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ വാതകം ഇല്ലെന്നാണ് ആദ്യം ലഭിച്ച മറുപടി. വാതകം ലഭിച്ചില്ലെങ്കിൽ ഭക്ഷണശാല അടയ്ക്കേണ്ടി വരുമെന്നും തങ്ങളെ സഹായിക്കണമെന്നും പറഞ്ഞപ്പോൾ 'അടച്ചോളൂ' എന്നാണ് മറുപടി ലഭിച്ചത്.
പിന്നീട് ഏജൻസിയുടെ ജീവനക്കാരോട് സംസാരിച്ചപ്പോൾ അവർ ഒരു സിലിണ്ടർ തന്നു. ബുധനാഴ്ച രാവിലെ വിളിച്ചപ്പോൾ സിലിണ്ടർ ലഭിക്കില്ലെന്നും ഭക്ഷണശാല അടച്ചോളൂ എന്നുമാണ് ഏജൻസിയിൽനിന്നും പറഞ്ഞത്. ഉച്ചകഴിഞ്ഞ് ഒരിക്കൽക്കൂടി ഏജൻസിയെയും കോർപ്പറേഷൻ അധികാരികളെയും ബന്ധപ്പെടും. എന്നിട്ടും സിലിണ്ടർ കിട്ടിയില്ലെങ്കിൽ 'ഹോട്ടൽ അടച്ചു' എന്ന് ബോർഡ് വയ്ക്കും. പരസഹായമില്ലാത്ത പ്രായമായവരുൾപ്പെടെ ഭക്ഷണത്തിനായി ദിവസേന ഇവിടെ വരാറുണ്ട്. അവർക്ക് സൗജന്യമായാണ് ഇവിടെനിന്നും ഭക്ഷണം നൽകുന്നത്. ഭക്ഷണശാല അടച്ചാൽ അവരെല്ലാം പ്രതിസന്ധിയിലാവുമെന്നും സരോജം പറഞ്ഞു.
ജീവനക്കാരിൽ ഭൂരിഭാഗവും 60 വയസോളം പ്രായമുള്ളവരാണെന്ന് മറ്റൊരു ജീവനക്കാരിയായ സരളകുമാരി പറഞ്ഞു. ഞങ്ങൾ മറ്റു ജോലികൾ അന്വേഷിക്കുമ്പോൾ പ്രായം തടസമാവുന്നു. പ്രായം കാരണം എല്ലാവർക്കും ജോലി തരാൻ മടിയാണ്. ഞങ്ങൾ ഈ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ്, സരളകുമാരി പറഞ്ഞു.
ഭക്ഷണശാല നടത്തേണ്ടത് ജീവനക്കാരുടെ ആവശ്യം
ജനകീയ ഭക്ഷണശാലയെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും സഹായമൊന്നും കിട്ടുന്നില്ലെന്നും അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ലെന്നുമാണ് ജീവനക്കാർ കുറ്റപ്പെടുത്തുന്നത്. കടം വാങ്ങിയും ലോണെടുത്തുമാണ് പല ജനകീയ ഭക്ഷണശാലകളും മുന്നോട്ടുപോകുന്നത്.
പത്തുലക്ഷം രൂപ കടത്തിലാണ് ഭക്ഷണശാല പ്രവർത്തിപ്പിക്കുന്നതെന്ന് അനന്തപുരി കഫേയിലെ ജീവനക്കാർ പറഞ്ഞു. പച്ചക്കറി, പലവ്യഞ്ജനം, ഭക്ഷണം പൊതിയുന്ന പേപ്പറുകൾ ഉൾപ്പെടെ കഫേയുടെ പ്രതിദിന ചെലവിന് 15,000 രൂപയോളം വേണം. ജീവനക്കാർക്കുള്ള കൂലി കൂടി നൽകിക്കഴിയുമ്പോൾ മിച്ചമൊന്നും കിട്ടുന്നില്ല. ഇതോടെ കഫേ നടത്താൻ ലോണിനു പുറമേ സ്വകാര്യ വ്യക്തികളിൽനിന്നും കടം വാങ്ങിയിട്ടുണ്ട്.
മാസം 30,000 രൂപയാണ് ബാങ്കിൽ അടയ്ക്കേണ്ടത്. എന്നാൽ പല മാസങ്ങളിലും ആ തുക കണ്ടെത്താൻ കഴിയാറില്ല. കൂടെയുള്ളവരുടെ സ്വർണം പണയം വെച്ചൊക്കെയാണ് തുക ബാങ്കിൽ അടയ്ക്കുന്നതെന്ന് സരോജം പറഞ്ഞു. 35 രൂപയ്ക്കാണ് ജനകീയ ഭക്ഷണശാലകളിൽനിന്ന് ഊണ് ലഭിക്കുന്നത്. കച്ചവടം കുറഞ്ഞതിനൊപ്പം വിലക്കയറ്റവും ഊണിന് വില വർധിപ്പിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതിനകം പല ജനകീയ ഭക്ഷണശാലകളും അടച്ചുപോയി. പലരും പിടിച്ചുനിൽക്കുന്നത് സ്വകാര്യ പരിപാടികൾക്കായി ലഭിക്കുന്ന ഓർഡറുകൾ കൊണ്ട് മാത്രമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR