ലോട്ടറി തൊഴിലാളികളുടെ 14 കോടി കവർന്ന കേസ്:കൈയക്ഷരം പരിശോധിക്കാൻ കോടതി നിർദേശം
Thiruvananthapuram, 11 മാര്ച്ച് (H.S.) ലോട്ടറി ക്ഷേമനിധി ബോർഡിലെ 14 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതികളായ സംഗീത്, അനിൽകുമാർ, സമ്പത്ത് എന്നിവരുടെ ഒപ്പും കൈയക്ഷരവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിയുടെ നിർദേശം. കേസ് അന്വേഷിക
Lottery Welfare Fund Board.


Thiruvananthapuram, 11 മാര്ച്ച് (H.S.)

ലോട്ടറി ക്ഷേമനിധി ബോർഡിലെ 14 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസിലെ പ്രതികളായ സംഗീത്, അനിൽകുമാർ, സമ്പത്ത് എന്നിവരുടെ ഒപ്പും കൈയക്ഷരവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിയുടെ നിർദേശം.

കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ചാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ മനോജിൻ്റെ സുപ്രധാന ഉത്തരവ്. ലോട്ടറി വിൽപനക്കാരായ തൊഴിലാളികളുടെ അംശാദായം പ്രതികൾ തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വകമാറ്റിയതിലൂടെ വ്യാജരേഖകൾ ചമച്ചുവെന്ന് തെളിയിക്കുന്നതിനാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.

സ്വത്തുക്കൾ കണ്ടുകെട്ടും

പ്രതികളും അവരുടെ ബന്ധുക്കളും ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകളുടെ പരിധിയിൽ വാങ്ങിക്കൂട്ടിയ 15 ഭൂമികൾ കണ്ടുകെട്ടാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂന്ന് പ്രതികളും ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയത്. ലോട്ടറി തൊഴിലാളികൾ ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന അംശാദായം ബോർഡിൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ എത്തുന്നതിന് പകരം സോഫ്റ്റ്വെയറിലെ പഴുതുകൾ ഉപയോഗിച്ച് വ്യാജ വിവരങ്ങൾ നൽകി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തും ഇടനിലക്കാരനുമായ അനിൽകുമാറിൻ്റെ അക്കൗണ്ടിലേക്കാണ് പ്രധാനമായും പണം വകമാറ്റിയത്. ഇത്തരത്തിൽ 14 കോടിയോളം രൂപയാണ് പാവപ്പെട്ട തൊഴിലാളികളിൽ നിന്നും ഇവർ അപഹരിച്ചത്.

വൻകിട നിക്ഷേപങ്ങളും കള്ളപ്പണം വെളുപ്പിക്കലും

തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ചുരുങ്ങിയ കാലയളവിനുള്ളിൽ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് സംഘം നിക്ഷേപിച്ചത്. തിരുവനന്തപുരത്തെ പ്രധാന ഐടി ഇടനാഴിയായ കഴക്കൂട്ടത്തെ സബ് രജിസ്ട്രാർ ഓഫിസിൽ മാത്രം ഈ പണം ഉപയോഗിച്ച് 45 രജിസ്ട്രേഷനുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അനിൽകുമാർ ഒരു നിർമാണ കമ്പനി രൂപീകരിക്കുകയും ബാക്കി തുക ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി സൂക്ഷിക്കുകയും ചെയ്തു.

ഈ നിർമാണ കമ്പനിയുടെ മറവിൽ വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. കമ്പനിയുടെ സാമ്പത്തിക സ്രോതസ്, നിർമാണ പ്രവർത്തനങ്ങൾ, ഇടപാടുകാർ എന്നിവരെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് സ്റ്റേറ്റ്മെൻ്റുകൾ വിജിലൻസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെയും ബന്ധുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. ആഡംബര വാഹനങ്ങൾ വാങ്ങിയതിലും സംസ്ഥാനത്തിന് പുറത്തുള്ള നിക്ഷേപങ്ങളിലും കർശന പരിശോധന തുടരുകയാണ്.

വർഷങ്ങളായി തുടർന്നുവന്ന ഈ ക്രമക്കേട് വകുപ്പിൻ്റെ ആഭ്യന്തര ഓഡിറ്റിങ്ങിലെ വീഴ്ചകൾ മുതലെടുത്താണ് പ്രതികൾ നിർബാധം നടത്തിയത്. വ്യാജ രസീതുകൾ, ബാങ്ക് രേഖകൾ എന്നിവയിലെ ഒപ്പുകൾ പ്രതികളുടേത് തന്നെയെന്ന് തെളിയിക്കുന്നതിനാണ് ഇപ്പോൾ കൈയക്ഷരവും ഒപ്പും തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ശാസ്ത്രീയമായി പരിശോധിക്കുന്നത്. ഈ ഫലം അന്വേഷണത്തിൽ നിർണായകമാകും.

വലിയൊരു തുക ചോർന്നുപോയിട്ടും അത് കണ്ടെത്താൻ കഴിയാതിരുന്നത് ദൈനംദിന പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചയാണ്. ഇതിൽ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. സിസ്റ്റം അഡ്മിനിസ്ട്രേഷനിലെ പിഴവാണോ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്ന് കണ്ടെത്താൻ സൈബർ വിങ്ങിൻ്റെയും ഐടി വിദഗ്ധരുടെയും സഹായത്തോടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളും സർവറുകളും പരിശോധിച്ചുവരികയാണ്.

ഇഡി അന്വേഷണത്തിനും സാധ്യത

അന്നന്നത്തെ അന്നത്തിനായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന കൂലിപ്പണിക്കാരും ഭിന്നശേഷിക്കാരും ഉൾപ്പെടുന്ന സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ പെൻഷനും ചികിത്സ സഹായങ്ങൾക്കുമുള്ള തുകയാണ് നഷ്ടപ്പെട്ടത്. ഇതോടെ വലിയ പ്രതിഷേധമാണ് ലോട്ടറി ഏജൻ്റുമാരുടെയും തൊഴിലാളി യൂണിയനുകളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പണം പ്രതികളുടെ സ്വത്തുക്കളിൽ നിന്ന് തിരികെ പിടിക്കണമെന്നും ക്ഷേമനിധി ബോർഡിൻ്റെ സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

അതേസമയം സാമ്പത്തിക തട്ടിപ്പിൻ്റെ വ്യാപ്തി 14 കോടി കടന്ന സാഹചര്യത്തിൽ കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കാനുള്ള സാധ്യത നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമായതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നാൽ പ്രതികൾക്ക് അത് കൂടുതൽ കുരുക്കാകും. പഴുതുകളടച്ചുള്ള അന്വേഷണത്തിലൂടെ എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് വിജിലൻസ് സംഘം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News