Enter your Email Address to subscribe to our newsletters

Newdelhi, 11 മാര്ച്ച് (H.S.)
13 വര്ഷമായി കോമയില് കഴിയുന്ന 31 കാരന് ദയാവധത്തിന് അനുമതി നല്കി സുപ്രീംകോടതി. നോയിഡ സ്വദേശിയായ ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്കിയിരിക്കുന്നത്.
ഒരു ദശാബ്ദത്തിലേറെയായി മകനെ ജീവനോടെ നിലനിര്ത്തുന്ന കൃത്രിമ ജീവന്രക്ഷാ ഉപകരണങ്ങള് പിന്വലിക്കാന് അനുമതി തേടി ഹരീഷിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്ന്നാണ് ഈ സുപ്രധാന വിധി.
മരിക്കാനുള്ള അന്തസ്സുള്ള അവകാശത്തെ അംഗീകരിച്ച 2018-ലെ 'കോമണ് കോസ്' വിധിയുടെ (2023ല് ഭേദഗതി ചെയ്തത്) അടിസ്ഥാനത്തിലാണ് നിഷ്ക്രിയ ദയാവധം നിയമപരമായി അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു വിധിക്ക് സുപ്രീംകോടതി അനുമതി നല്കുന്നത്. 2013-ല് തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളെ തുടര്ന്ന് കഴിഞ്ഞ 12 വര്ഷമായി കോമയിലാണ് ഹരീഷ്.
ഒരു കെട്ടിടത്തിന്റെ നാലാം നിലയില് നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായ മസ്തിഷ്ക ക്ഷതമുണ്ടായത്. അന്നുമുതല് അദ്ദേഹം കോമയില് തുടര്ന്നു. തുടര്ന്ന്, ജീവന് നിലനിര്ത്താന് പൂര്ണ്ണമായും കൃത്രിമ സഹായത്തെ ആശ്രയിച്ച് കഴിയുകയായിരുന്നു. വര്ഷങ്ങള് നീണ്ട ചികിത്സകള്ക്കൊടുവിലും കാര്യമായ പുരോഗതിയില്ലാത്തതായതോടെയാണ് പിതാവ് ദയാവധത്തിനായി കോടതിയെ സമീപിച്ചത്.
ഹരീഷ് ഏകദേശം 12 വര്ഷത്തോളമായി മാറ്റമില്ലാത്ത അവസ്ഥയിലാണെന്നും അതിനാല് ജീവന് നിലനിര്ത്തുന്ന വൈദ്യസഹായം പിന്വലിക്കാന് അനുമതി നല്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം നിഷ്ക്രിയ ദയാവധത്തിനായി അപേക്ഷിച്ചത്. ഇത്തരം വിഷയങ്ങളില് അതീവ ശ്രദ്ധയും ആലോചനയും ആവശ്യമാണെന്ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.
ഹരീഷ് റാണയുടെ കൃത്രിമ ജീവന്രക്ഷാ ഉപകരണങ്ങള് നീക്കം ചെയ്യാന് സുപ്രീം കോടതി അനുമതി നല്കിയതോടെ, ഇന്ത്യന് നിയമം അംഗീകരിക്കുന്ന നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങള്ക്കും വൈദ്യശാസ്ത്രപരമായ നടപടിക്രമങ്ങള്ക്കും അനുസരിച്ച് ഇത് നടപ്പാക്കാന് കഴിയും. ഇത്തരം കേസുകളില് കുടുംബത്തിന്റെ പങ്ക് വളരെ നിര്ണായകമാണെന്നും കോടതി വ്യക്തമാക്കി
ഈ തീരുമാനം ഇന്ത്യയിലെ നിഷ്ക്രിയ ദയാവധത്തെക്കുറിച്ചുള്ള നിയമപരമായ ചട്ടക്കൂടിന് കരുത്ത് പകരുന്നതാണ്. ജീവിക്കാനുള്ള അവകാശം, അന്തസ്സ്, വൈദ്യശാസ്ത്രപരമായ ധാര്മ്മികത, കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള് എന്നിവ തമ്മില് തുലനം ചെയ്യണം എന്നതിനാല് അത്യന്തം സങ്കീര്ണമായ നടപടി ക്രമം കൂടിയാണിത്.
മാരക രോഗം ബാധിച്ചതോ അല്ലെങ്കില് സ്ഥിരമായി അബോധാവസ്ഥയിലുള്ളവരോ ആയ രോഗികളെ ജീവനോടെ നിലനിര്ത്തുന്ന വൈദ്യചികിത്സകള് തടഞ്ഞോ പിന്വലിച്ചോ സ്വാഭാവികമായി മരിക്കാന് അനുവദിക്കുന്നതിനെയാണ് നിഷ്ക്രിയ ദയാവധം എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്. രോഗം ഭേദമാക്കാന് വൈദ്യശാസ്ത്രപരമായി സാധ്യതയില്ലെന്ന് വരുമ്പോള് വെന്റിലേറ്റര് സഹായം നീക്കം ചെയ്യുക, കൃത്രിമമായി ഭക്ഷണം നല്കുന്നത് നിര്ത്തുക, മറ്റ് ജീവന്രക്ഷാ നടപടികള് നിര്ത്തലാക്കുക എന്നിവ ഇതില് ഉള്പ്പെടുന്നു.
ലളിതമായി പറഞ്ഞാല്, ഒരു നേരിട്ടുള്ള വൈദ്യശാസ്ത്രപരമായ പ്രവര്ത്തിയിലൂടെ മരണം സംഭവിക്കുന്നില്ല. മറിച്ച്, ജീവന് കൃത്രിമമായി നീട്ടിക്കൊണ്ടുപോകുന്ന അസാധാരണ വൈദ്യസഹായം അവസാനിപ്പിക്കുക വഴി മരണം സ്വാഭാവികമായി സംഭവിക്കാന് അനുവദിക്കുകയാണ് ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവന് അവസാനിപ്പിക്കാന് മാരകമായ വസ്തുക്കള് കുത്തിവയ്ക്കുന്നത് പോലുള്ള നേരിട്ടുള്ള നടപടികള് ഉള്പ്പെടുന്ന സജീവ ദയാവധത്തില് നിന്ന് ഇത് വ്യത്യസ്തമാണ്.
സജീവ ദയാവധം ഇന്ത്യയില് നിയമവിരുദ്ധമാണ്. ന്ത്യന് നിയമപ്രകാരം, കര്ശനമായ വ്യവസ്ഥകള്ക്കും നടപടിക്രമങ്ങള്ക്കും വിധേയമായി സുപ്രീം കോടതി നിഷ്ക്രിയ ദയാവധത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. എന്നാല് ഇത് സൂക്ഷ്മമായ വൈദ്യശാസ്ത്രപരമായ പരിശോധനയ്ക്കും നിയമപരമായ മേല്നോട്ടത്തിനും ശേഷം മാത്രമായിരിക്കണം എന്നും നിഷ്കര്ഷിട്ടുണ്ട്.
ഇന്ത്യയിലെ നിഷ്ക്രിയ ദയാവധത്തിന് ചില പ്രധാന സവിശേഷതകളുണ്ട്. രോഗിക്ക് സുഖം പ്രാപിക്കാന് സാധ്യതയില്ലാത്ത അസാധാരണ കേസുകളിലാണ് ഇത് സാധാരണയായി ബാധകമാകുന്നത്. രോഗിയുടെ അവസ്ഥ മാറ്റിയെടുക്കാന് കഴിയാത്തതാണോ എന്ന് മെഡിക്കല് വിദഗ്ധര് വിലയിരുത്തേണ്ടതുണ്ട്. കൂടാതെ, തീരുമാനം ഏകപക്ഷീയമോ സമ്മര്ദ്ദത്തിന് വഴങ്ങിയോ അല്ലെന്ന് കോടതി അല്ലെങ്കില് നിയമപരമായി അംഗീകരിക്കപ്പെട്ട സംവിധാനം വഴി ഉറപ്പാക്കണം.
രോഗിക്ക് ആശയവിനിമയം നടത്താന് കഴിയാത്ത സാഹചര്യങ്ങളില് അടുത്ത കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്ക്ക് പ്രാധാന്യം നല്കുന്നു. ജീവന് സജീവമായി അവസാനിപ്പിക്കുക എന്നതിലുപരി, രോഗിയുടെ അന്തസ്സ് സംരക്ഷിക്കുക എന്നതാണ് ഇതിലെ പ്രധാന തത്വം. നിലവില് ഡല്ഹിയിലെ എയിംസില് ആണ് ഹരീഷ് റാണ കഴിയുന്നത്. അനങ്ങാന് പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്.
ട്യൂബിലൂടെയാണു ഭക്ഷണം നല്കുന്നത്. ഓക്സിജന് ട്യൂബുമുണ്ട്. ജസ്റ്റിസുമാരായ ജെ.ബി. പര്ദിവാല, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് നിഷ്ക്രിയ ദയാവധത്തിന് അനുവാദം നല്കിയത്. അതേസമയം കേന്ദ്ര സര്ക്കാര് ഈ വിഷയത്തില് സമഗ്ര നിയമനിര്മ്മാണം നടത്തണമെന്ന് കോടതി ശുപാര്ശ ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR