ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കേരളത്തെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു
Kasaragod, 11 മാര്ച്ച് (H.S.) ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കേരളത്തെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. കൊച്ചിയിൽ പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുന്നതിന് മുൻപ
National highway


Kasaragod, 11 മാര്ച്ച് (H.S.)

ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കേരളത്തെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. കൊച്ചിയിൽ പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുന്നതിന് മുൻപായി, കാസർകോട് തലപ്പാടി - ചെങ്കള റീച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി പ്രതീകാത്മകമായി തുറന്നുനൽകി.

ദേശീയപാത ആറുവരിപ്പാതയായി യാഥാർത്ഥ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ നിരന്തരം ഇടപെടലുകൾ നടത്തിയിട്ടും, ഉദ്ഘാടന വേളയിൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെപ്പോലും ക്ഷണിച്ചില്ലെന്നതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ഉദ്ഘാടനത്തിൻ്റെ വിവരങ്ങൾ സംസ്ഥാന സർക്കാരിനെ കൃത്യമായി അറിയിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ദേശീയപാതയിലെത്തി. തുടർന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ തലപ്പാടി - ചെങ്കള റീച്ചിൻ്റെ പ്രതീകാത്മക ഉദ്ഘാടനം നിർവഹിച്ചു.

ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിൻ്റെ പങ്ക് വിസ്മരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. 2025 ഓഗസ്റ്റിൽ തന്നെ പൂർത്തിയായ റോഡ് ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ വൈകിയതും സംസ്ഥാനത്തെ അവഗണിച്ചുള്ള ഉദ്ഘാടനവും വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.

നിർമാണം പൂർത്തിയായ തലപ്പാടി - ചെങ്കള, വെങ്ങളം - രാമനാട്ടുകര റീച്ചുകൾ ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാത്ത കേന്ദ്ര നടപടിക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. രാമനാട്ടുകര മുതല് വെങ്ങളം വരെയുള്ള റീച്ചിന്റെ ഉദ്ഘാടന ചടങ്ങില് നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില് പ്രതിഷേധിച്ച്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്പ് മന്ത്രി അതേ റീച്ചില് മന്ത്രി റോഡ് ഷോ നടത്തി. തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും സംസ്ഥാനത്തോടുള്ള അപമാനമാണെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.

പദ്ധതിയില് യാതൊരു പങ്കുമില്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കുകയും വകുപ്പ് മന്ത്രിയെ ഒഴിവാക്കുകയും ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് സര്ക്കാര് ആരോപിക്കുന്നു. 2014-ല് അടച്ചുപൂട്ടിയ പദ്ധതി 2016-ല് പിണറായി വിജയന് സര്ക്കാര് അധികാരത്തില് വന്നതോടെയാണ് പുനരുജ്ജീവിപ്പിച്ചത്. മന്ത്രിയെ ഒഴിവാക്കിയ നടപടിയില് പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ചടങ്ങ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബഹിഷ്കരിച്ചേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ക്ഷണിക്കേണ്ട പരിപാടിയില് നിന്ന് സംസ്ഥാനത്തെ ബോധപൂര്വം മാറ്റിനിര്ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് സംസ്ഥാന സര്ക്കാരിന്റെ നിലപാട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News