Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 മാര്ച്ച് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് മുന്നണികള് സ്ഥാനാർത്ഥി ചർച്ചകള് കാര്യമായ രീതിയില് തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണ്.
ഇടത്-വലത് മുന്നണികള് പ്രബലമായ കേരളത്തില് എൻഡിഎ ഇത്തവണ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. പാർട്ടിയിലെ പരിചിത മുഖങ്ങള്ക്കും അപ്പുറം സോഷ്യല് മീഡിയയിലും അല്ലാതെയും ഉള്ള സെലിബ്രിറ്റികളെ കളത്തില് ഇറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
അതില് റോബിൻ രാധാകൃഷ്ണൻ, അഖില് മാരാർ എന്നിങ്ങനെ ചിലരുടെ കാര്യത്തില് ഏകദേശ തീരുമാനം ആയിട്ടുണ്ട്. ഇവർ ഇക്കുറി മത്സരിക്കുമെന്നാണ് വിവരം. റോബിൻ രാധാകൃഷ്ണൻ പാർട്ടി ചിഹ്നത്തില് തന്നെ ആയിരിക്കും മത്സരിക്കുക. മറുവശത്ത് അഖില് മാരാർ ട്വന്റി-20യുടെ ഭാഗമായാവും ജനവിധി തേടുക. പുതിയ സാഹചര്യത്തില് ഇക്കുറി പരമാവധി സീറ്റുകള് നേടുക എന്നതാണ് എൻഡിഎയുടെ, ബിജെപിയുടെ ലക്ഷ്യം.
അതുകൂടാതെ കേന്ദ്ര നേതൃത്വം ചില നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്, അതില് പ്രധാനപ്പെട്ട ഒന്നാണ് മറ്റ് പാർട്ടികളില് നിന്ന് വന്നവർക്കും സെലിബ്രിറ്റികള്ക്കും സീറ്റ് നല്കണമെന്നത്. അതിലൂടെ സീറ്റുകള് നേടിയെടുക്കാമെന്നാണ് അവരുടെ വിലയിരുത്തല്. ഇത് കേരളത്തിന് പുറത്തും മറ്റ് പലയിടത്തും അവർ പരീക്ഷിക്കുന്ന തന്ത്രമാണ്.
നിലവില് പല സെലിബ്രിറ്റികളെയും, പ്രത്യേകിച്ച് സിനിമാ താരങ്ങളും ഗായകരും ഒക്കെ ബിജെപിയുടെ റഡാറില് ആണുള്ളത്. പ്രമുഖ ഗായിക ഉള്പ്പെടെ പലരെയും ബിജെപി നേതൃത്വം ഇതിനായി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് കൂടാതെ ബിജെപി അനുഭാവം പുലർത്തുന്ന ഒരു യുവനടനും മത്സരിക്കാനുള്ള നിർദ്ദേശം അവഗണിച്ചുവെന്നാണ് ഇപ്പോള് അടുത്ത വൃത്തങ്ങള് പറയുന്നത്. മുൻപ് തന്നെ സംഘ പരിവാർ അനുകൂല നിലപാട് വ്യക്തമാക്കിയ ആളായിരുന്നു ഈ നടൻ.
ബിഗ് ബോസ് താരവും സംവിധായകനുമായ അഖില് മാരാരെ കൊട്ടാരക്കരയിലോ പത്തനാപുരത്തോ സ്ഥാനാർഥിയാക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല് ഇവിടെ പ്രാദേശികമായ എതിർപ്പുള്ളതിനാല് അദ്ദേഹത്തെ എറണാകുളം ജില്ലയിലേക്കാണ് ഇപ്പോള് പരിഗണിക്കുന്നത്. കാരണം ഇവിടെയാണ് ട്വന്റി-20ക്ക് കാര്യമായ സ്വാധീനമുള്ളത്.
മാരാർ നിലവില് എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപി ചിഹ്നത്തില് അല്ല മത്സരിക്കുക, ട്വന്റി-20യുടെ ഭാഗമായാണ് അഖില് മാരാർ എൻഡിഎയില് എത്തിയതെങ്കിലും തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോഴേക്കും പല വിഷയങ്ങളിലും അഖില് മാരാർ കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് സീറ്റ് മുന്നില് കണ്ടാണെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആക്ഷേപം.
അതിനിടെ എതിർ സ്വരങ്ങളും പാർട്ടിയില് നിന്ന് ഉയരുന്നുണ്ട്. ഇങ്ങനെ പാർട്ടി മാറി വരുന്ന ആളുകളെയും സെലിബ്രിറ്റികളെയും കളത്തില് ഇറക്കിയത് കൊണ്ട് പാർട്ടിക്ക് ഒരു ഗുണവും ഉണ്ടാവില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. പാർട്ടി അണികളുടെ വോട്ട് പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത് നയിക്കുമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
ശ്രീശാന്ത്, പുനത്തില് കുഞ്ഞബ്ദുള്ള, മാടമ്പ് കുഞ്ഞുകുട്ടൻ, ഭീമൻ രഘു, രാജസേനൻ തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളെ മുൻപ് കേരളത്തില് മത്സരിപ്പിച്ച പാർട്ടിയാണ് ബിജെപി. എന്നാല് അതില് നിന്നൊന്നും യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും മാത്രമല്ല ഇവരില് പലരും പിന്നീട് പാർട്ടിയുമായി അകന്നെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും പിടി ഉഷ അടക്കമുള്ള ചിലരുടെ പേരുകള് ഇപ്പോഴും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR