Enter your Email Address to subscribe to our newsletters

Ernakulam, 11 മാര്ച്ച് (H.S.)
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസും എറണാകുളം സിജെഎം കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിവിരോധം മുൻനിർത്തി നൽകിയ പരാതി, നടിയുടെ സത്പേര് കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് നേരത്തെ തന്നെ എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ച കോടതി, പരാതി ഫയലിൽ സ്വീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഗൂഢാലോചനയെന്ന വാദം ശരിവച്ച് കോടതി
കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതി മുഖവിലയ്ക്ക് എടുത്താലും കേസ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് എഫ്ഐആർ ഇട്ടതെങ്കിലും, പരാതിയുടെ നിജസ്ഥിതിയോ ഗൂഢലക്ഷ്യങ്ങളോ മനസ്സിലാക്കാതെയാണ് കേസ് ഫയലിൽ സ്വീകരിച്ചതെന്ന് കോടതി വിമർശിച്ചു. നിയമനടപടികളെ പരാതിക്കാരൻ ദുരുദ്ദേശത്തോടെ ഉപയോഗിക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിത താരത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനും ജനസമ്മതി ഇല്ലാതാക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമുള്ള നടിയുടെ വാദം പൂർണമായും ശരിവയ്ക്കുന്നതാണ് വിധി. ഒരു കലാകാരി എന്ന നിലയിലുള്ള അവരുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണിത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം
സെൻസർ ബോർഡ് പരിശോധിച്ച് പ്രദർശനാനുമതി നൽകിയതും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചതുമായ സിനിമകളുടെ പേരിലാണ് വിവാദങ്ങൾ ഉണ്ടാക്കിയതെന്ന് ശ്വേത മേനോൻ്റെ ഹർജിയിൽ പറഞ്ഞിരുന്നു. സിനിമ എന്ന കലാരൂപത്തിലെ കഥാപാത്രങ്ങളെ മുൻനിർത്തി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നിയമനടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്നും നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിൻ്റെ ഉന്നത പുരസ്കാരങ്ങൾ നേടിയ സിനിമകൾ വരെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
ഇതിന് പുറമെ അശ്ലീല വെബ്സൈറ്റുകൾ നടത്തുന്നുവെന്ന വ്യാജ ആരോപണവും സ്വകാര്യതയ്ക്കും അന്തസ്സിനുമേറ്റ പ്രഹരമാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തിയ ശ്വേത മേനോന് ഹൈക്കോടതി വിധി വലിയ ആശ്വാസമാണ് നൽകുന്നത്. സിനിമ മേഖലയിലെ മറ്റ് വനിത താരങ്ങൾക്കും ഇതൊരു മാതൃകയാണ്. വ്യക്തിവൈരാഗ്യം തീർക്കാൻ കോടതികളെയും നിയമസംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന പ്രവണത സമൂഹത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് വളരെ പ്രസക്തമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR