Enter your Email Address to subscribe to our newsletters

Kochi, 11 മാര്‍ച്ച് (H.S.)
ധീവര സഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങില്‍ ധീവരസഭയുടെ പരമ്പരാഗത ഉപഹാരമായ മത്സ്യാവതാരത്തിന്റെ ശില്പം അദ്ദേഹം സ്വീകരിച്ചു.
താന്‍ ഇവിടേക്ക് എത്തിയത് അനുഗ്രഹം നല്‍കാനല്ലെന്നും മറിച്ച് എല്ലാവരുടെയും അനുഗ്രഹം തേടാനാണെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പ്രളയകാലത്ത് കേരളം കാണിച്ച ഒത്തൊരുമ രാജ്യം കണ്ടതാണെന്നും അത് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തെ കേരളം ആക്കിയതും മത്സ്യത്തൊഴിലാളികള്‍ക്കായി പദ്ധതികള്‍ നടപ്പിലാക്കിയതും എന്‍ഡിഎ സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ധീവരസഭയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇവിടത്തെ ചടങ്ങുകള്‍ക്ക് ശേഷം കലൂരില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ഷോ പുരോഗമിക്കുകയാണ്.
ഇതിനുശേഷം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ 5500 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചി റിഫൈനറിയിലെ പോളിപ്രോപിലീന്‍ യൂണിറ്റ്, കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്‌ലോട്ടിങ് സോളാര്‍ പദ്ധതി എന്നിവ ഇതില്‍പ്പെട്ടവയാണ്. ദേശീയപാത 66-ലെ തലപ്പാടി-ചെങ്ങള ആറുവരിപ്പാത, 2140 കോടി രൂപ ചെലവില്‍ നവീകരിച്ച കോഴിക്കോട്, കാസര്‍കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരമുള്ള 23 റോഡുകള്‍ എന്നിവയും അദ്ദേഹം നാടിന് സമര്‍പ്പിക്കും.
റെയില്‍വേ മേഖലയില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കുറ്റിപ്പുറം, ചങ്ങനാശ്ശേരി സ്റ്റേഷനുകള്‍, ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. കൂടാതെ പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിന്‍ സര്‍വീസും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. പരിപാടികള്‍ക്ക് ശേഷം അരലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ്‌ഷോയിലും അദ്ദേഹം പങ്കെടുക്കും. കൊച്ചിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകുന്നേരം മൂന്നരയോടെ പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങും.
---------------
Hindusthan Samachar / Sreejith S