മന്ത്രി റിയാസിനെ പ്രധാനമന്ത്രിയുടെ പരിപാടിയില് നിന്ന് ഒഴിവാക്കിയത് അസംബന്ധം; ഇതിന് നിന്നു കൊടുക്കില്ല; മന്ത്രി രാജേഷ്
Palakkad, 11 മാര്‍ച്ച് (H.S.) കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ പാതാ പദ്ധതികളുടെഉദ്ഘാടന ചടങ്ങില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി അസംബന്ധമെന്ന് മന്ത്രി എം.ബി. രാജേഷ്. ജനങ്ങളുടെ നികുത
M b Rajesh


Palakkad, 11 മാര്‍ച്ച് (H.S.)

കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ പാതാ പദ്ധതികളുടെഉദ്ഘാടന ചടങ്ങില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി അസംബന്ധമെന്ന് മന്ത്രി എം.ബി. രാജേഷ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയുടെ ഉദാഹരണമാണ് ബിജെപിയുടെ നടപടിയെന്നും എം.ബി. രാജേഷ് പറഞ്ഞു.

സ്വന്തം മണ്ഡലത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഉള്ളപ്പോള്‍ ഇത്തരം അസംബന്ധങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്നും പോകില്ലെന്ന് ഇന്നലെതന്നെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രത്യേക വിഐപി പാസുമായി എത്തിയ തന്നോട് എസ്പിജി ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നുവെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെത്തുടര്‍ന്ന് താന്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും സംസ്ഥാന പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ഇടപെടുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പിഎംഒ ഓഫീസിന്റെ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.

2014-ല്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസര്‍ക്കാര്‍ 5,600 കോടി രൂപ വിഹിതം നല്‍കാന്‍ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ തുടക്കംമുതല്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് വ്യക്തമാക്കി. ഇത്രയധികം പങ്കാളിത്തമുള്ള ഒരു പദ്ധതിയുടെ ഔദ്യോഗിക ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നത് ശരിയായ നടപടിയല്ല.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ മാത്രം ഉള്‍പ്പെടുത്തുന്നെങ്കില്‍ മറ്റു പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയും വിളിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന് പദ്ധതിയിലുള്ള റോള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കൊച്ചിയില്‍നടക്കുന്ന, വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ മന്ത്രിയുടെ പേരില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണ് വിവരം.

---------------

Hindusthan Samachar / Sreejith S


Latest News