Enter your Email Address to subscribe to our newsletters

Kochi, 11 മാര്‍ച്ച് (H.S.)
ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് ഒഴിവാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പിഎംഒ ഓഫീസിന്റെ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു.
2014-ല്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ 2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസര്‍ക്കാര്‍ 5,600 കോടി രൂപ വിഹിതം നല്‍കാന്‍ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ തുടക്കംമുതല്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് വ്യക്തമാക്കി. ഇത്രയധികം പങ്കാളിത്തമുള്ള ഒരു പദ്ധതിയുടെ ഔദ്യോഗിക ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നത് ശരിയായ നടപടിയല്ല.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ മാത്രം ഉള്‍പ്പെടുത്തുന്നെങ്കില്‍ മറ്റു പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയും വിളിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന് പദ്ധതിയിലുള്ള റോള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് കൊച്ചിയില്‍നടക്കുന്ന, വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ മന്ത്രിയുടെ പേരില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണ് വിവരം.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ക്കും എംപിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കും ഉമ തോമസ് എംഎല്‍എയ്ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളില്‍ ആദ്യം പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. കൊച്ചിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവിധ വികസനപദ്ധതികളിലാണ് ഇതും ഉള്‍പ്പെടുന്നത്. ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതില്‍ ഉള്‍പ്പെടും. 39 കിലോമീറ്റര്‍ വരുന്നതാണ് തലപ്പാടി-ചെങ്കള റീച്ച്.
2,650 കോടി രൂപ ചെലവില്‍ നിര്‍മിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷന്‍ (ദേശീയപാത-66) ആറുവരിപ്പാത, 2,140 കോടി രൂപ ചെലവില്‍ വെങ്ങളംമുതല്‍ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിര്‍മിച്ച 23 ഗ്രാമീണ റോഡുകള്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
---------------
Hindusthan Samachar / Sreejith S