Enter your Email Address to subscribe to our newsletters

Alappuzha , 12 മാര്ച്ച് (H.S.)
സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുത്തുകൊണ്ട് സിപിഎമ്മിനെ വെട്ടിലാക്കിയ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള് ഇപ്പോഴും പാർട്ടി തുടരുകയാണ്.
അതിനിടെ വരുന്ന തിരഞ്ഞെടുപ്പില് ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയില് മത്സരിക്കുകയാണെങ്കില് അതിന് ശക്തമായ വെല്ലുവിളി തീർക്കാനുള്ള ആലോചനകളും പാർട്ടിയില് സജീവമാണ്.
അതിന്റെ ഭാഗമായി വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുണ്കുമാറിനെ ഇവിടെ കളത്തില് ഇറക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് വിവരം. ഇന്ന് രാവിലെ നടന്ന പത്രസമ്മേളനത്തില് പോലും സുധാകരൻ തന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. മത്സരിക്കുമെന്ന് ആരോടും ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ അറിയിച്ചത്. എങ്കിലും അവസാന നിമിഷം അതിനുള്ള സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല.
ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ സംസാരിച്ചിട്ടില്ലെന്നാണ് സുധാകരൻ പറയുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോള് നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങള് മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തില് അറിയിച്ചു. ഇനി ഒരുപക്ഷേ, സുധാകരൻ സ്ഥാനാർത്ഥിയാവുകയാണെങ്കിലും അതിനെ പ്രതിരോധിക്കുക എന്നതാണ് സിപിഎം മുന്നോട്ട് വയ്ക്കുന്ന തന്ത്രം.
ഈ സാഹചര്യത്തില് ഇത് സംബന്ധിച്ച് വിഎ അരുണ് കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കുമെന്നാണ് വിവരം. അദ്ദേഹം സമ്മതം മൂളിയാല് തുടർനടപടികള് കൈക്കൊള്ളും. സിറ്റിംഗ് എംഎല്എമാർ മത്സരിക്കട്ടെ എന്നാണ് സിപിഎമ്മിലെ ഇപ്പോഴത്തെ തീരുമാനം. എന്നാല് സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാല് എച്ച് സലാമിന്റെ കാര്യത്തില് പുനരാലോചന ഉണ്ടാകുമെന്നാണ് വിവരം. അവിടെ അരുണ് കുമാറിനാവും നറുക്ക് വീഴുക.
സുധാകരൻ മത്സരത്തിന് ഇറങ്ങുകയാണെങ്കില് പിന്തുണയ്ക്കുക എന്ന നയമാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. ദീർഘകാലം എംഎല്എയും മന്ത്രിയും ഒക്കെ ആയിരുന്ന ജി സുധാകരനെ വിടാതെ പിടിച്ചാല് ജില്ലയില് വലതുമുന്നണിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്. നിലവിലെ സാഹചര്യത്തില് അതിന് തന്നെയാവും അവരുടെ ശ്രമം.
കഴിഞ്ഞ ദിവസവും ചർച്ചയ്ക്കായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള് ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. അവസാനവട്ട അനുനയശ്രമത്തിനാണ് നേതാക്കള് സുധാകരനെ കാണാൻ എത്തിയത്. എന്നാല് നേതാക്കളെ വീടിനുള്ളില് സുധാകരൻ കയറ്റിയിരുന്നില്ല. പുറത്തിരുന്നാണ് നേതാക്കള് സുധാകരനുമായി ചർച്ച നടത്തിയത്.
അതിനിടെ ജി സുധാകരൻ പല നേതാക്കളെയും ബന്ധപ്പെട്ടത് പാർട്ടി നേതൃത്വത്തിന് ഇടയില് തലവേദന സൃഷ്ടിച്ചിരുന്നു. ഇതോടെ ജില്ലയിലെ പ്രമുഖ നേതാവെന്ന നിലയില് സുധാകരനൊപ്പമുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനായി തീവ്ര ശ്രമത്തിലാണ് പാർട്ടിയും അണികളും ഒക്കെ. ജില്ലയില് അതിനായി പ്രത്യേക പദ്ധതികള് പാർട്ടി നേതൃത്വം അണിയറയില് ഒരുക്കുന്നുണ്ടെന്നാണ് വിവരം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR