Enter your Email Address to subscribe to our newsletters

Ernakulam , 12 മാര്ച്ച് (H.S.)
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്പാദന മേഖലകൾ കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ അഞ്ച് ദിവസമായി എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടാനൊരുങ്ങുകയാണ്.
ഹോട്ടൽ മേഖലയിൽ കനത്ത തിരിച്ചടി
കൊച്ചിയിൽ 50 ശതമാനത്തോളം ഹോട്ടലുകൾ പാചകവാതകം ലഭിക്കാത്തതിനെത്തുടർന്ന് പ്രവർത്തനം നിർത്തിയതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് പറഞ്ഞു. അവശേഷിക്കുന്ന ഹോട്ടലുകൾ വരും ദിവസങ്ങളിൽ പൂട്ടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വിഭവങ്ങളുടെ എണ്ണം കുറച്ചും പ്രവർത്തന സമയം ക്രമീകരിച്ചുമാണ് മുന്നോട്ട് പോകുന്നത്.
ചെറുകിട-വൻകിട വ്യത്യാസമില്ലാതെ എല്ലാ ഹോട്ടലുകളും ഒരുപോലെ പ്രതിസന്ധിയിലാണ്. ആരുടെയും കൈവശം സിലിണ്ടറുകൾ സ്റ്റോക്കില്ല. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. മുൻകൂട്ടി കരുതലുകൾ എടുക്കുന്നതിൽ കേന്ദ്രത്തിന് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം എന്ന് അസീസ് പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) വിശദീകരണം
വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ തടസ്സമുണ്ടെന്ന് സമ്മതിക്കുമ്പോഴും ഗാർഹിക ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഗാർഹിക പാചകവാതക വിതരണം സുഗമമായി നടക്കുന്നുണ്ടെന്നും പരിഭ്രാന്തരായി ബുക്കിംഗ് നടത്തേണ്ട സാഹചര്യമില്ലെന്നും ഐ.ഒ.സി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ഗാർഹികേതര വാണിജ്യ വിഭാഗങ്ങളിലാണ് നിലവിൽ വിതരണ പ്രശ്നങ്ങളുള്ളത്. വിതരണം സാധാരണ നിലയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഐ.ഒ.സി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബേക്കറി മേഖലയും പ്രതിസന്ധിയിൽ
ഹോട്ടലുകൾക്ക് പുറമെ സംസ്ഥാനത്തെ ബേക്കറി മേഖലയും വലിയ തകർച്ചയെ നേരിടുകയാണ്. പാക്കേജ്ഡ് ഫുഡ് നിർമ്മാണ യൂണിറ്റുകളും ചെറുകിട ബേക്കറികളും പാചകവാതകത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ ഇവർ നിർബന്ധിതരായി. ഇത് വിപണിയിൽ ബേക്കറി ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിന് കാരണമാകും.
ഭക്ഷ്യ ഉൽപ്പാദന മേഖലയെ ഒരു 'അനിവാര്യ സേവന മേഖല'യായി പരിഗണിച്ച് ഇന്ധന വിതരണത്തിൽ മുൻഗണന നൽകണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ കേരള ആവശ്യപ്പെട്ടു. ആവശ്യമാണെങ്കിൽ പ്രത്യേക റേഷനിങ് സംവിധാനം ഏർപ്പെടുത്തി ബേക്കറികൾക്ക് ഗ്യാസ് ലഭ്യമാക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കലും ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കറും ആവശ്യപ്പെട്ടു.
സാധാരണക്കാരെ ബാധിക്കുന്നു
ഭക്ഷ്യ മേഖലയിലെ ഈ പ്രതിസന്ധി സാധാരണക്കാരായ ഉപഭോക്താക്കളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. യാത്രക്കാർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവർ ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
കൂടാതെ, ഉത്പാദനം തടസപ്പെടുന്നത് ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും അപകടത്തിലാക്കിയിരിക്കുകയാണ്. സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഭക്ഷ്യ വിതരണ ശൃംഖല പൂർണ്ണമായും തകരാൻ സാധ്യതയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR