Enter your Email Address to subscribe to our newsletters

Kasaragod , 12 മാര്ച്ച് (H.S.)
വാർധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി കാസർകോട് കുടുംബശ്രീ മിഷൻ്റ 'എൽഡ' (ELDA - Elderly Diet Add). പൈലറ്റ് അടിസ്ഥാനത്തിൽ ജില്ലയിൽ വിജയകരമായി നടപ്പിലാക്കിയ ഈ ജെറിയാട്രിക് ഫുഡ് പദ്ധതി ഇനി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. 1.5 കോടി രൂപയുടെ 'എൽഡ' പൊടിയും പ്രത്യേക കഞ്ഞിക്കൂട്ടുമാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തുന്നത്.
എന്താണ് എൽഡ?
ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ ബുദ്ധിമുട്ടുള്ള പ്രായമായവർക്കായി പ്രത്യേകം തയാറാക്കിയ പോഷകാഹാരമാണിത്. പല്ലുകളുടെ ബലക്കുറവോ താടിയെല്ലിലെ പ്രശ്നങ്ങളോ ഉള്ളവർക്ക് ഇത് പാലിലോ ചൂടുവെള്ളത്തിലോ ചേർത്ത് ദ്രവരൂപത്തിൽ നൽകാം. തിന, റാഗി, ചെറുപയർ, നുറുക്ക് ഗോതമ്പ്, കാരറ്റ്, മുരിങ്ങയില, എള്ള്, ചുക്ക്, അവൽ തുടങ്ങി 15 ഇനം ചേരുവകൾ കൃത്യമായ അളവിൽ ചേർത്താണ് ഇത് നിർമിക്കുന്നത്. വിശപ്പും ദാഹവും അകറ്റുന്നതിനൊപ്പം ശരീരക്ഷീണം മാറ്റി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
കാസർകോട് സിപിസിആർഐയുടെ (CPCRI) സാങ്കേതിക സഹായത്തോടെ കരിന്തളം കാട്ടിപ്പൊയിലെ 'ഐശ്വര്യ പ്രൊഡക്ഷൻ യൂണിറ്റ്' എന്ന കുടുംബശ്രീ സംരംഭമാണ് ഈ ഉൽപ്പന്നം തയാറാക്കുന്നത്. ശാസ്ത്രജ്ഞയായ നിലോഫറാണ് ഇതിന് ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകിയത്. ആദ്യഘട്ടത്തിൽ 7000 പാക്കറ്റുകൾ എല്ലാ ജില്ലകളിലും വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റുകൾ വഴി ഇത് നേരിട്ട് വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള യൂണിറ്റിന് പുറമെ നാല് യൂണിറ്റുകൾ കൂടി ഉടൻ രംഭിക്കുന്നതോടെ സംസ്ഥാനത്ത് കൂടുതൽ എത്തിക്കാനാകുമെന്ന് ജില്ലാ കുടുംബശ്രീ മിഷൻ എഡിഎം സി ഡി ഹരിദാസ് പറഞ്ഞു.
കാസർകോട്ടെ ആരോഗ്യക്കൂട്ടിൻ്റെ വിജയമറിഞ്ഞ് കുടുംബശ്രീ എക്സിക്യുട്ടീവ്ഡയറക്ടർ എച്ച് ദിനേശൻ, അസി. ഡയക്ടർ എസ് ജലജ, സൂപ്രണ്ട് യു എസ് ബിന്ദു, അസി.ഡയറക്ടർ അരുൺ എസ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് കേരളം മുഴുവൻ വയോജനങ്ങൾക്കുള്ള സമീകൃതാഹാരം വിതരണം ചെയ്യാനുള്ള നടപടി തുടങ്ങിയത്. സിപിസിസിആർഐയിലെ ശാസ്ത്രജ്ഞ നിലോഫറാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം ചെയ്തത്.
വയോജന സൗഹൃദ കേരളം
മികച്ച വയോജന സൗഹൃദ ജില്ലയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയുടെ വിജയം കണക്കിലെടുത്ത് കുടുംബശ്രീ സംസ്ഥാന മിഷൻ്റെ നേതൃത്വത്തിലാണ് കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
വാർധക്യത്തിൽ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും ശ്വാസംമുട്ടൽ പോലുള്ള അപകടങ്ങൾക്കും ഈ 'ആരോഗ്യക്കൂട്ട്' ഒരു ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR