Enter your Email Address to subscribe to our newsletters

Alappuzha , 12 മാര്ച്ച് (H.S.)
മുതിർന്ന നേതാവ് ജി സുധാകരൻ്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷമാകുന്നു. അദ്ദേഹത്തിനെതിരെ പാർട്ടിയിൽ യാതൊരു അവഗണനയും ഉണ്ടായിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കുമ്പോൾ, പാർട്ടിയെ പച്ചയ്ക്ക് ചതിച്ചുവെന്ന രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാനും എച്ച് സലാം എംഎൽഎയും രംഗത്തെത്തി. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള ജി സുധാകരൻ്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചതിന് പിന്നാലെയാണ് പ്രാദേശിക തലത്തിലും പ്രതിഷേധം ശക്തമാകുന്നത്.
ജി സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ല
പാർട്ടിയിൽ നിന്ന് ജി സുധാകരന് യാതൊരു തരത്തിലുമുള്ള അവഗണനയും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വിശദീകരിക്കുന്നത്. ഒക്ടോബർ 27ന് വലിയ ചുടുകാട്ടിൽ നിന്ന് ദീപശിഖ കൊളുത്തി വയലാറിലേക്ക് കൊണ്ടുവരുന്ന സുപ്രധാന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ നിയോഗിച്ചത് ജി സുധാകരനെയാണ്. മുൻപ് വിഎസ് അച്യുതാനന്ദൻ നിർവഹിച്ചിരുന്ന ഈ ചുമതല അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന് ശേഷമാണ് ജി സുധാകരന് നൽകിയത്.
പാർട്ടിയുടെ ഭാഗത്തുനിന്ന് അവഗണന ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രധാനപ്പെട്ട ഒരു ചടങ്ങ് നിർവഹിക്കാൻ അദ്ദേഹത്തെ നിയോഗിക്കില്ലായിരുന്നുവെന്നും എല്ലാ അർഥത്തിലും അദ്ദേഹത്തെ പാർട്ടി പരിഗണിച്ചിട്ടുണ്ടെന്നും ആർ നാസർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാർട്ടിയുടേതും അല്ലാത്തതുമായ നിരവധി പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
സാംസ്കാരിക രംഗത്തും ലൈബ്രറി പരിപാടികളിലും സജീവമായ അദ്ദേഹത്തിന് പൊതുവെ അംഗീകാരമുള്ളതിനാൽ എല്ലാ അർഥത്തിലും പാർട്ടി അദ്ദേഹത്തെ ചേർത്തുപിടിച്ചിട്ടുണ്ട്. അവഗണനയുണ്ടെന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ അത് നേരത്തെ തന്നെ അറിയിക്കാമായിരുന്നുവെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ തിരുത്തുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അംഗത്വം പുതുക്കാത്തത് സ്വന്തം തീരുമാനം
പാർട്ടി അംഗത്വം പുതുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് വന്നതിനാൽ ബ്രാഞ്ചുകളിലെ അംഗത്വം പുതുക്കൽ പൂർത്തീകരിച്ചു വരുന്നതേയുള്ളൂ. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഒരു ബ്രാഞ്ചിൽ പ്രവർത്തിച്ചാൽ മതിയെന്ന് ജി സുധാകരൻ തന്നെ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അഭിഭാഷകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതിയൊരു ഘടകം രൂപീകരിച്ചിരുന്നു. ഈ പുതിയ ഘടകത്തിൻ്റെ സ്ക്രൂട്ടിനി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
എങ്കിലും ബ്രാഞ്ച് യോഗം ചേരുകയും അദ്ദേഹത്തിൻ്റെ ലെവിയും വരിസംഖ്യയും വാങ്ങി അംഗത്വം പുതുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനായി ബ്രാഞ്ച് സെക്രട്ടറി വീട്ടിലെത്തി ഫോം പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോൾ ലെവി നൽകാമെന്നും ഫോം പൂരിപ്പിച്ചു തരാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അത് ജില്ലാ കമ്മിറ്റി ഓഫിസിൽ നൽകിക്കൊള്ളാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിനുശേഷം ചാനലിലൂടെ വാർത്ത വരുമ്പോഴാണ് അദ്ദേഹം അംഗത്വം പുതുക്കുന്നില്ലെന്ന വിവരം പാർട്ടി പോലും അറിയുന്നത്.
അംഗത്വം അന്തിമമാക്കുന്നത് ജില്ലാ കമ്മിറ്റിയാണെന്നും ആ ഘട്ടത്തിലേക്ക് പാർട്ടി കടന്നിട്ടുപോലുമില്ലെന്നും ആർ നാസർ പറഞ്ഞു. അംഗത്വം പുതുക്കുന്നതിനായി ലെവിയും വരിസംഖ്യയും അടയ്ക്കുകയും പൂരിപ്പിച്ച ഫോം നൽകുകയും വേണം. അത് ചെയ്യാതെയാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് ഒഴിവാകുന്നു എന്ന നിലപാടിലേക്ക് മാറിയതെന്നും ആർ നാസർ വ്യക്തമാക്കി.
തീരുമാനം ദൗർഭാഗ്യകരം, വ്യാജപ്രചരണങ്ങൾക്കെതിരെ ജാഗ്രത
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി സുധാകരൻ്റെ നിലപാട് വളരെ ദുഃഖകരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കി. അദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് ദൗർഭാഗ്യകരമാണ്. ഇതിലെ മറ്റു കാര്യങ്ങൾ പാർട്ടി വിശദമായി ആലോചിച്ചതിനുശേഷം ഔദ്യോഗികമായി പ്രതികരിക്കും.
തീരുമാനത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഫോണിൽ ദീർഘമായി സംസാരിച്ചിരുന്നു. പാർട്ടി അദ്ദേഹത്തെ ഒരിക്കലും അധിക്ഷേപിക്കില്ലെന്നും അദ്ദേഹം പാർട്ടിയുടെ ഒരു സ്വത്താണെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. അതേസമയം, പാർട്ടിക്കൊപ്പമുള്ളവരാണെന്ന് അവകാശപ്പെട്ട് കൃത്രിമ അക്കൗണ്ടുകൾ ഉണ്ടാക്കി വ്യാജപ്രചരണങ്ങൾ നടത്തുന്നതിനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിയെ പച്ചയ്ക്ക് ചതിച്ചെന്ന് മന്ത്രി സജി ചെറിയാൻ
ജി സുധാകരനെതിരെ രൂക്ഷവിമർശനവുമായാണ് മന്ത്രി സജി ചെറിയാൻ രംഗത്തുവന്നത്. ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചെന്ന് മന്ത്രി തുറന്നടിച്ചു. തങ്ങളായിട്ട് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പോയതിൻ്റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. മുപ്പത്തിയഞ്ച് വർഷത്തെ തെരഞ്ഞെടുപ്പ് മത്സരം പോരാതെ ഇനിയും ഒന്നുകൂടി മത്സരിക്കണമെന്നുണ്ടെങ്കിൽ അത് പറഞ്ഞിട്ട് പോയാൽ മതിയായിരുന്നു. അതിന് പാവപ്പെട്ട തങ്ങളെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത് പാർട്ടിയോടുള്ള പച്ചയായ ചതിയാണെന്നും ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അറുപത് വർഷമോ ആറു ദിവസമോ പ്രവർത്തിച്ചവരാണെങ്കിലും വേണമെങ്കിൽ പ്രവർത്തനം നിർത്തി വീട്ടിൽ പോകാം. അല്ലാതെ പാർട്ടിക്ക് എതിരായി ഒരക്ഷരം പറയാൻ ആർക്കും അർഹതയില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. മത്സരിക്കാനുള്ള തീരുമാനമെടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനം ഉണ്ടാകുമെന്നും അത് ഉടനെ അറിയിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നേരിട്ട് പോയി സംസാരിച്ചിരുന്നെങ്കിലും ഇങ്ങനെയൊരു തീരുമാനം അദ്ദേഹം എടുക്കുമെന്ന് തങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാർലമെൻ്ററി വ്യാമോഹമെന്ന് എച്ച് സലാം
ജി സുധാകരൻ്റേത് പാർലമെൻ്ററി വ്യാമോഹമാണെന്നായിരുന്നു എച്ച് സലാം എംഎൽഎയുടെ പ്രതികരണം. ജി സുധാകരൻ കൂടി വർഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പാർട്ടിയാണിതെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും ദീർഘകാലം മറ്റാർക്കും ലഭിക്കാത്ത പരിഗണനയാണ് അദ്ദേഹത്തിന് ലഭിച്ചത്. 2021 വരെ പാർട്ടിയുടെ നിർണായക ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹത്തിന് ലഭിച്ച അവസരങ്ങൾ വിഎസ് അച്യുതാനന്ദന് പോലും ലഭിച്ചിട്ടുണ്ടാകില്ല.
വലിയ പരിഗണന കിട്ടിയ ഒരാൾ പാർട്ടിയെ ചതിച്ച് ഇത്തരമൊരു നിലപാടിലേക്ക് എത്തിയാൽ അവരെ എങ്ങനെ നേരിടണമെന്ന് ജി സുധാകരൻ തന്നെയാണ് മുൻകാലങ്ങളിൽ പഠിപ്പിച്ചിട്ടുള്ളതെന്ന് എച്ച് സലാം ഓർമിപ്പിച്ചു. ആ പാഠങ്ങൾ ഉൾക്കൊണ്ട് ജനങ്ങളെ അണിനിരത്തി ഇത്തരം കാര്യങ്ങൾ ശക്തമായി നേരിട്ടുതന്നെ പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരന് വേണ്ടിയുള്ള ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യങ്ങൾ മാധ്യമപ്രവർത്തകർക്ക് തന്നെ അറിയാവുന്നതാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ഒരു മാസമായി അമ്പലപ്പുഴയെ കുറിച്ച് നടക്കുന്ന ചർച്ചകൾ എങ്ങനെ സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പദവികളിൽ നിന്ന് ഒഴിഞ്ഞ ശേഷം വർഗ ബഹുജന സംഘടനകളുടെ പരിപാടികളിൽ പോലും മാന്യമായ സ്ഥാനം നൽകിയില്ലെന്ന പരാതിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കാൻ ഉള്ളതിനാൽ അതിനുശേഷം പാർട്ടിയോട് ചോദിച്ച് കൂടുതൽ വിശദീകരിക്കാമെന്നും സലാം വ്യക്തമാക്കി. ഒരു മുതിർന്ന നേതാവ് പാർട്ടി വിടുന്നത് ക്ഷീണമാകില്ലെന്നും ആര് സ്ഥാനാർഥിയായാലും അണികൾ പാർട്ടി ചിഹ്നത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമ്പലപ്പുഴ ഏരിയയിൽ നിന്ന് പതിനഞ്ച് പേർ പോലും പാർട്ടി വിട്ടുപോകില്ലെന്നും വളരെ കരുതലോടുകൂടി സലാം പ്രതികരിച്ചു.
അമ്പലപ്പുഴയിൽ പാർട്ടിയുടെ ശക്തമായ പ്രതിരോധം
പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജി സുധാകരൻ ഔദ്യോഗികമായി തീരുമാനിച്ചതോടെ പ്രതിരോധ നടപടികളുമായി സിപിഎം സജീവമായി രംഗത്തുണ്ട്. എല്ലാ തലങ്ങളിലും ജി സുധാകരനെ പ്രതിരോധിക്കുക എന്നത് തന്നെയാണ് സിപിഎമ്മിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ പോസ്റ്ററുകൾ പതിച്ച് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രക്തസാക്ഷികൾ സിന്ദാബാദ്, വർഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല സിപിഎം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളാണ് ഏരിയ കമ്മിറ്റി ഓഫിസിന് മുൻപിൽ പതിച്ചിരിക്കുന്നത്.
അമ്പലപ്പുഴയിലെ വിവിധ ഇടങ്ങളിലും പുന്നപ്ര വടക്ക്, പുന്നപ്ര പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലടക്കം ജി സുധാകരനെതിരെയുള്ള പ്രതിരോധം തീർത്തുകൊണ്ട് മുന്നോട്ടുപോകാനാണ് സിപിഎമ്മിൻ്റെ തീരുമാനം. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ കാരണങ്ങളും ഇല്ലാതെയാണ് ജി സുധാകരൻ്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായതെന്ന് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടി വിശദീകരണം നൽകുന്നുണ്ട്. അമ്പലപ്പുഴയിൽ മത്സരിച്ചാൽ അദ്ദേഹത്തിൻ്റെ ആദർശ, അഴിമതി വിരുദ്ധ മുഖം വോട്ടുകൾ സമാഹരിക്കാൻ കാരണമാകുമെന്ന വിലയിരുത്തലുകൾ സജീവമാണ്. ഈ സാധ്യതകൾ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പ്രതിരോധം തീർക്കാനാണ് ഏരിയ സെക്രട്ടറി അടക്കമുള്ള നേതാക്കൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR