രാജ്യം സുരക്ഷിതമായ കൈകളില്; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാല്
Thiruvananthapuram , 12 മാര്ച്ച് (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിനെയും കാഴ്ചപ്പാടുകളെയും പുകഴ്ത്തി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി പ്രധാനമന്ത്രി നടത്തുന്ന പരിശ്രമങ്ങള് അഭിനന്ദനാർഹമാണെന്
Mohanlal


Thiruvananthapuram , 12 മാര്ച്ച് (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിനെയും കാഴ്ചപ്പാടുകളെയും പുകഴ്ത്തി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്.

രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി പ്രധാനമന്ത്രി നടത്തുന്ന പരിശ്രമങ്ങള് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യം കൈവരിച്ച നേട്ടങ്ങള് ലോകം ഉറ്റുനോക്കുകയാണെന്നും, അതിനു പിന്നില് ശക്തമായ ഒരു നേതൃത്വമുണ്ടെന്നും മോഹൻലാല് കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പരാമർശം.

പ്രധാനമന്ത്രി ഏതൊരാള്ക്കും പ്രചോദനം

ഇന്ത്യയെ ലോകത്തിന്റെ നെറുകയില് എത്തിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടുണ്ടെന്ന് മോഹൻലാല് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം മുതല് സാങ്കേതിക വിദ്യയില് കൈവരിച്ച മുന്നേറ്റം വരെ എല്ലാം പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. പ്രത്യേകിച്ച് യുവാക്കളെയും സാധാരണക്കാരെയും ശാക്തീകരിക്കുന്ന പദ്ധതികളെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ എളിമയും പ്രവർത്തന സന്നദ്ധതയും ഏതൊരാള്ക്കും പ്രചോദനമാണ്. മോദി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. മോദി ഒരു യോഗിയാണെന്നും വാക്കുകളില് ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേതെന്നും മോഹൻലാല് പറയുന്നു.

വിശ്വശാന്തി ഫൗണ്ടേഷനും സാമൂഹിക പ്രവർത്തനങ്ങളും

നേരത്തെ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകളില് തന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മോഹൻലാല് വിശദീകരിച്ചിരുന്നു. അഗതികള്ക്കും പാവപ്പെട്ടവർക്കുമായി ഫൗണ്ടേഷൻ നടത്തുന്ന കാൻസർ കെയർ സെന്റർ ഉള്പ്പെടെയുള്ള പദ്ധതികള്ക്ക് പ്രധാനമന്ത്രി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രവാസികള്ക്കായി 'ഗ്ലോബല് മലയാളി റൗണ്ട് ടേബിള്' എന്ന ആശയം മുന്നോട്ട് വെച്ചപ്പോള് അതില് പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചതും മോഹൻലാല് സ്മരിച്ചു.

രാഷ്ട്രീയ അഭ്യൂഹങ്ങളും നിലപാടുകളും

മോഹൻലാലിന്റെ ഇത്തരം പ്രസ്താവനകള് പലപ്പോഴും രാഷ്ട്രീയ അഭ്യൂഹങ്ങള്ക്ക് വഴി വെക്കാറുണ്ട്. അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകള് പലപ്പോഴും പ്രചരിക്കാറുണ്ടെങ്കിലും, തന്റെ പ്രവർത്തനമേഖല കലയും സാമൂഹിക സേവനവുമാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കുന്നു. എന്നാല് രാജ്യനന്മയ്ക്കായി നിലകൊള്ളുന്ന ഏതു നേതൃത്വത്തെയും പിന്തുണയ്ക്കുക എന്നത് ഒരു പൗരന്റെ കടമയാണെന്നും അദ്ദേഹം പറയാറുണ്ട്.

മോഹൻലാലിന് ദാദാസാഹിബ് ഫാല്ക്കെ പുരസ്കാരം ലഭിച്ച വേളയില് പ്രധാനമന്ത്രി അദ്ദേഹത്തെ ഇന്ത്യൻ സിനിമയുടെ വിളക്ക് എന്ന് വിശേഷിപ്പിച്ചിരുന്നു. മോഹൻലാലിന്റെ അഭിനയ മികവിനെയും വിനയത്തെയും പ്രധാനമന്ത്രി പലപ്പോഴും പുകഴ്ത്തിയിട്ടുണ്ട്.

അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാല് പ്രേത്യേക അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തില്, കേരളത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചും പ്രളയാനന്തര പുനർനിർമ്മാണത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെയും തീരുമാനങ്ങള് നടപ്പിലാക്കുന്നതിലെ വേഗതയെയും മോഹൻലാല് അന്ന് അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതിക്കായി മുഖ്യമന്ത്രി നല്കുന്ന പിന്തുണയെക്കുറിച്ച് താരം വാചാലനായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News