Enter your Email Address to subscribe to our newsletters

Idukki , 12 മാര്ച്ച് (H.S.)
കാത്തിരിപ്പിനൊടുവില് പള്ളിവാസല് വിപുലീകരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്പ്പിച്ചു. ഊർജ്ജ മേഖലയ്ക്ക് വൻ കുതിപ്പേകുന്ന 60 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതിയാണ് സമര്പ്പിച്ചത്.
നാടിൻ്റെ വൈദ്യുതി മേഖലയില് പദ്ധതി വലിയ മാറ്റം സൃഷ്ടിക്കുമെന്നും ഉത്പാദന പ്രസരണ രംഗത്ത് ഇത് വലിയ ചുവടുവയ്പ്പായി മാറുമെന്നും പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ ജലാശയത്തിലെ അധിക ജലലഭ്യത പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇന്ന് രാവിലെയാണ് പദ്ധതി നാടിന് സമര്പ്പിച്ചത്.
കേരളത്തിൻ്റെ അഭിമാനമായ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ സുവര്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്വഹിച്ചു. പള്ളിവാസല് വിപുലീകരണ പദ്ധതിയില് 30 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പ്രവര്ത്തിക്കുന്നത്. കൂടാതെ ഇതിനോടനുബന്ധിച്ച് 220 കെ.വി സബ്സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ വാര്ഷിക ഉല്പ്പാദനം 153.90 ദശലക്ഷം യൂണിറ്റാണ്.
പള്ളിവാസല് വിപുലീകരണ പദ്ധതി പവര്ഹൗസ് അങ്കണത്തില് നടന്ന ചടങ്ങില് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി അധ്യക്ഷത വഹിച്ചു. എംഎല്എമാരായ എംഎം മണി, അഡ്വ എ രാജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്, വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്
പള്ളിവാസൽ വിപുലീകരണ പദ്ധതിയിലൂടെ പ്രതിവർഷം 153.9 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പ്പാദിപ്പിക്കുമെന്ന് മുപഖ്യമന്ത്രി സമൂഹമാധ്യമമായ എക്സില് പറഞ്ഞു. ഏകദേശം 594.37 കോടി രൂപ ചെലവിൽ യാഥാർത്ഥ്യമാക്കിയ പള്ളിവാസൽ വിപുലീകരണ പദ്ധതിയിലൂടെ പ്രതിവർഷം 153.9 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. 30 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ ജലാശയത്തിലെ അധിക ജലലഭ്യത പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. സമീപകാലത്ത് പൂർത്തിയാക്കിയ 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ പദ്ധതിക്കൊപ്പം പള്ളിവാസൽ വിപുലീകരണ പദ്ധതി കൂടി യാഥാർഥ്യമായതോടെ നമ്മുടെ ജലവൈദ്യുത ഉത്പാദനശേഷിയിൽ 100 മെഗാവാട്ടിൻ്റെ വർധനവാണുണ്ടായിരിക്കുന്നത് മുഖ്യമന്ത്രി എക്സില് കുറിച്ചു.
പള്ളിവാസല് വിപുലീകരണ പദ്ധതി
ദേവികുളം താലൂക്കില് പള്ളിവാസല് വില്ലേജില് മുതിരപ്പുഴയാറിൻ്റെ തീരത്താണ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. പ്രധാനമായും മാട്ടുപ്പെട്ടി, കുണ്ടള എന്നീ ജലസംഭരണികളിലെ വെള്ളം ഉപയോഗിച്ചാണ് പദ്ധതി പ്രവര്ത്തിക്കുന്നത്.
പദ്ധതിക്കായി മൂന്നാറില് നിലവിലുള്ള രാമസ്വാമി അയ്യര് ഹെഡ് വര്ക്സില് പുതിയ ഇന്ടേക്ക് സ്ഥാപിച്ച് ഏകദേശം 4.5 കി.മീ ദൈര്ഘ്യമുള്ള തുരങ്കം വഴി വെള്ളം തിരിച്ചുവിട്ട് വാല്വ് ഹൗസില് എത്തിക്കുന്നു. അവിടെനിന്ന് വെള്ളം പുതിയ പെന്സ്റ്റോക്കിലൂടെ നിലവിലുള്ള പള്ളിവാസല് പദ്ധതിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള വൈദ്യുതി നിലയത്തില് എത്തിച്ച് ഉല്പ്പാദനം നടത്തുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR