Enter your Email Address to subscribe to our newsletters

Thrissur , 12 മാര്ച്ച് (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന വേളയില് എസ്പിജി ഉദ്യോഗസ്ഥര് നടത്തുന്ന പരിശോധനയില് കഴിഞ്ഞ ദിവസം മന്ത്രി എംബി രാജേഷ് അതൃപ്തി പരസ്യമാക്കിയിരുന്നു.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന പരിപാടിയില് ഉണ്ടായ അനുഭവം അദ്ദേഹം മാധ്യമങ്ങള്ക്ക് മുമ്പില് വിശദീകരിക്കുകയും ചെയ്തു. മന്ത്രിയാണെന്ന് അറിഞ്ഞിട്ടും വിഐപി പാസുണ്ടായിട്ടും ആധാര് കാര്ഡ് ചോദിച്ചത് അപമാനിക്കുന്നതിന് തുല്യമാണ് എന്ന് മന്ത്രി പറഞ്ഞു.
ആധാര് കാര്ഡ് ചോദിച്ചതിനെ തുടര്ന്ന് മന്ത്രി പരിപാടിയില് പങ്കെടുക്കാതെ തിരിച്ചുപോകാന് തീരുമാനിച്ചു. പ്രോട്ടോകോള് ഉദ്യോഗസ്ഥരും എസ്പിജിയും തമ്മില് തര്ക്കമായി. ഒടുവില് എസ്പിജി ഉദ്യോഗസ്ഥര് മന്ത്രിയെ പ്രവേശിക്കാന് അനുമതി നല്കി എന്നാണ് എംബി രാജേഷ് വിശദീകരിച്ചത്. എന്നാല് എസ്പിജിയുടെ സുരക്ഷാ പരിശോധന സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
നരേന്ദ്ര മോദിയുടെ പരിപാടിയില് ഇന്നലെ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. നാല് സ്ഥലത്താണ് ആധാര് കാര്ഡ് ചോദിച്ചത് എന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടെയുള്ളവര് കേന്ദ്ര മന്ത്രിയാണിത് എന്ന് സൂചിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര് സമ്മതിച്ചില്ല. അവര് പരിശോധന നടത്തി എന്ന് സുരേഷ് ഗോപി പറയുന്നു. ഇത്തരം പരിശോധന നേരത്തെയുള്ളതാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തന്നെ ദേഹ പരിശോധന നടത്തി
ഇന്നലെ തനിക്ക് പേടിയായി. ആധാര് കാര്ഡിന് പുറമെ പാസ്പോര്ട്ട്, ഡ്രൈവിങ് ലൈസന്സ് എന്നിവയുടെ എല്ലാം ഒറിജിനലും കരുതിയിരുന്നു. എല്ലാം അവരുടെ മുന്നില് വച്ചു. അവര്ക്ക് തോല്ക്കാനോ നമുക്ക് ജയിക്കാനോ അല്ലിത്. നമുക്ക് ഓരോ കാറ്റഗറിയുണ്ട്. അതിന് അനുസരിച്ചുള്ള പരിശോധനകള് നടക്കുമെന്നും സുരേഷ് ഗോപി പറയുന്നു.
ഇസഡ്, ഇസഡ് പ്ലസ്, വൈ തുടങ്ങി പല കാറ്റഗറികളുമുണ്ട്. വൈ കാറ്റഗറിയില് തന്നെ വകഭേദങ്ങളുണ്ട്. ഉദ്യോഗസ്ഥര്ക്ക് അത് പാലിച്ചേ മതിയാകൂ. അമിത് ഷായോടും നേരത്തെ പാസിന് പുറമെ ആധാര് കാണിക്കാന് പറഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. അമിത് ഷായെ അവര്ക്ക് അറിയാം. എല്ലാവരോടും ചോദിക്കുമ്പോള് അമിത് ഷായോടും ചോദിക്കുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ഇന്നലെ തന്നെ ഒരു സ്ഥലത്ത് ദേഹപരിശോധന നടത്തി. പ്രധാനമന്ത്രി വരുന്ന പെട്രോളിയത്തിന്റെ പരിപാടിയായിട്ടും തന്നെ പരിശോധിച്ചു. ഗവര്ണര്ക്ക് പരിരക്ഷ ഉള്ളതിനാല് പരിശോധിച്ചില്ല. എന്നാല് തന്നെ പരിശോധിച്ചു. അവര്ക്ക് സംശയം തോന്നിയപ്പോള് ഷര്ട്ട് പൊക്കി ബെല്റ്റിന്റെ ബക്കിള് ആണെന്ന് മറുപടി നല്കി. കേരള പോലീസ് ഈ സമയം കേന്ദ്രമന്ത്രിയാണിത് എന്ന് പറഞ്ഞെങ്കിലും അവര് പരിശോധ നടത്തി. ഇത് പതിവ് പരിശോധനയാണെന്നായിരുന്നു മറുപടി എന്നും സുരേഷ് ഗോപി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR