Enter your Email Address to subscribe to our newsletters

Kasaragod , 12 മാര്ച്ച് (H.S.)
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. കണ്ണൂർ കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിനെയാണ് ഹിമാചൽ പ്രദേശ് പൊലീസിൻ്റെ സഹായത്തോടെ കുളുവിൽ നിന്ന് ക്രൈംബ്രാഞ്ച് സാഹസികമായി പിടികൂടിയത്. കേരളത്തിലും കർണാടകയിലുമായി 40 ഓളം കേസുകളിൽ പ്രതിയാണ് സൂരജെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
'യുകെ റീഗൽ' വഴി കാനഡയിലേക്ക്
മംഗളൂരു ആസ്ഥാനമായി 'UK REGAL' എന്ന പേരിൽ സ്ഥാപനം നടത്തിയാണ് സൂരജ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. കാനഡയിലേക്കും യുകെയിലേക്കും ജോലി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓരോരുത്തരിൽ നിന്നും 17 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഏകദേശം ഏഴ് കോടി രൂപയോളം ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പണം നൽകിയവർക്ക് വിസ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
കുളുവിൽ നിന്ന് പിടികൂടിയത് സാഹസികമായി
കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശാസ്ത്രീയവും സാങ്കേതികവുമായ മാർഗങ്ങളിലൂടെ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി കുളുവിലുണ്ടെന്ന് കണ്ടെത്തിയത്. ഇൻസ്പെക്ടർ ബി അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
കേരളത്തിൽ വിവിധ ജില്ലകളിലായി 38 കേസുകളും കർണാടകയിൽ മംഗളൂരു കേന്ദ്രീകരിച്ച് രണ്ട് കേസുകളും ഉള്പ്പെടെ സൂരജിനെതിരെ നിലവിൽ 40 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ പരാതികൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം വിപുലീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
തൃശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റേഞ്ച് മേധാവി ജോസി ചെറിയാൻ, കണ്ണൂർ റേഞ്ച് മേധാവി വിനോദ് എം പി, ഡിവൈഎസ്പി സി കെ സുനിൽ കുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രതിയെ ഉടൻ തന്നെ കേരളത്തിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും.
നിര്മാതാവ് ജോബി ജോര്ജിന് 4 വര്ഷം തടവും 66 ലക്ഷം പിഴയും
യുകെയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമാതാവ് ജോബി ജോർജിന് നാല് വര്ഷം തടവും 66.5 ലക്ഷം രൂപ പിഴയും കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക പിഎംഎല്എ കോടതി വിധിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള് എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലായിരുന്നു ജോബി ജോര്ജിനെതിരായ നടപടി.
2011ലാണ് കേസിന് ആസ്പദമായ സംഭവം. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവിന് യുകെയിൽ ജോബ് വിസ ലഭ്യമാക്കുകയും ബിസിനസ് ആരംഭിക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ജോബി ജോർജ് വിശ്വസിപ്പിക്കുകയും ണ്ട് ഘട്ടങ്ങളിലായി രാജേഷ് മാത്യുവിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങുകയുമായിരുന്നു. വിസ ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്നാണ് രാജേഷ് മാത്യു പൊലീസിൽ പരാതി നൽകിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR