Enter your Email Address to subscribe to our newsletters

Trivandrum, 12 മാര്ച്ച് (H.S.)
ഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) അംഗീകാരം നൽകി. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് 31 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഉണ്ടാകൂ എങ്കിലും, പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചിത്രം ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.
സിറ്റിംഗ് എം.എൽ.എമാർക്ക് മുൻഗണന
പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള മിക്ക മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാർ തന്നെ വീണ്ടും ജനവിധി തേടും. പാലക്കാട് എം.എൽ.എയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്തായ സാഹചര്യത്തിലും, തൃപ്പൂണിത്തുറയിൽ കെ. ബാബു മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിനാലുമാണ് ഇവിടെ മാറ്റങ്ങൾ വരുന്നത്. പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനാണ് ഹൈക്കമാൻഡ് നീക്കം. തൃപ്പൂണിത്തുറയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രധാന സ്ഥാനാർത്ഥികൾ
ആദ്യ പട്ടികയിൽ ഇടംപിടിച്ച പ്രമുഖർ ഇവരാണ്:
-
വട്ടിയൂർക്കാവ്: കെ. മുരളീധരൻ
-
തൃത്താല: വി. ടി. ബൽറാം
-
മണലൂർ: ടി. എൻ. പ്രതാപൻ
-
കുന്നത്തുനാട്: വി. പി. സജീന്ദ്രൻ
-
കൊല്ലം: ബിന്ദു കൃഷ്ണ
-
കൊട്ടാരക്കര: അയിഷ പോറ്റി
-
കൊയിലാണ്ടി: കെ. പ്രവീൺകുമാർ
കൂടാതെ ഷാനിമോൾ ഉസ്മാൻ (അരൂർ), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), പഴകുളം മധു (റാന്നി), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ) എന്നിവരുടെ പേരുകളും ആദ്യഘട്ടത്തിൽ തന്നെ ഉറപ്പിച്ചിട്ടുണ്ട്.
പെരുമ്പാവൂരിലെ ആശയക്കുഴപ്പവും സഭയുടെ ഇടപെടലും
പെരുമ്പാവൂർ മണ്ഡലത്തിൽ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സസ്പെൻസ് തുടരുകയാണ്. എൽദോസിനെതിരെ പാർട്ടിക്ക് ലഭിച്ച സർവ്വേ റിപ്പോർട്ടുകളും ചില പരാതികളും പരിഗണിച്ച് കൂടുതൽ പരിശോധന വേണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ഇതിനിടെ, മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എം.പിമാർക്ക് സീറ്റില്ല
നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിലാണ് ഹൈക്കമാൻഡ്. കെ. സുധാകരൻ, അടൂർ പ്രകാശ്, എം. കെ. രാഘവൻ തുടങ്ങിയവർ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സ്ക്രീനിംഗ് കമ്മിറ്റി ഇത് അംഗീകരിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഡൽഹിയിൽ തുടരുകയാണ്. ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ പൂർത്തിയാകും. അതിനിടെ, സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി പിന്തുണയ്ക്കാനുള്ള ആലോചനകളും യു.ഡി.എഫ് ക്യാമ്പിൽ സജീവമാണ്.
---------------
Hindusthan Samachar / Roshith K