Enter your Email Address to subscribe to our newsletters

Trivandrum, 12 മാര്ച്ച് (H.S.)
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉയർന്ന ഗൂഢാലോചന ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പോലീസ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റി ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്താനായി ഡിജിപി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. കമ്മീഷണർ ഈ പരാതി തുമ്പ പോലീസിന് കൈമാറും. അന്വേഷണത്തിന് ശേഷം കുറ്റകരമായ നടപടികൾ ബോധ്യപ്പെട്ടാൽ മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
ഗൂഢാലോചന ആരോപണം
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്നു വന്ന പരാതികൾക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന ആരോപണം. തന്നെ കള്ളക്കേസിൽ കുടുക്കാൻ മുൻ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു. കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീയെ സ്വാധീനിച്ച് തനിക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചത് കടകംപള്ളിയാണെന്നാണ് പോറ്റി ആരോപിക്കുന്നത്. എന്നാൽ താൻ ഈ ഭൂമി നിയമാനുസൃതമായി വില കൊടുത്തു വാങ്ങിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കേസിനാസ്പദമായ പശ്ചാത്തലം
2020-ലാണ് വിവാദത്തിനടിസ്ഥാനമായ സംഭവങ്ങളുടെ തുടക്കം. ഒരു സ്കൂൾ ഉടമയായ സ്ത്രീ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടമെടുത്തിരുന്നു. ഇതിനായി ഈടായി നൽകിയത് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന പത്ത് സെന്റ് ഭൂമിയാണ്. ഈ ഭൂമി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അമ്മയുടെ പേരിലാണ് എഴുതി നൽകിയിരുന്നത്. പലിശ ഇനത്തിൽ അഞ്ച് ലക്ഷം രൂപ ഇവർ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
പിന്നീട് കടം വാങ്ങിയ തുക നൽകി ഭൂമി തിരികെ ആവശ്യപ്പെട്ടപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി ആ ഭൂമി മറിച്ചു വിറ്റതായി കണ്ടെത്തിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് 2024 ജൂലൈ ഒന്നിന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന പോലീസ് മധ്യസ്ഥ ചർച്ചകളിൽ ഭൂമി തിരികെ നൽകാമെന്ന് പോറ്റി സമ്മതിച്ചെങ്കിലും അത് ലംഘിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പരാതി ലഭിക്കുന്നത്..
ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തന്നെ ഈ കേസിൽ കുടുക്കാൻ മുൻ മന്ത്രി കരുനീക്കങ്ങൾ നടത്തുന്നുവെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തിയത്. നിലവിൽ രണ്ട് ഭാഗത്തുനിന്നും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാൽ കമ്മീഷണറുടെ മേൽനോട്ടത്തിലുള്ള പ്രാഥമിക അന്വേഷണം നിർണ്ണായകമാണ്. ഇതിനുശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
---------------
Hindusthan Samachar / Roshith K