നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെ സംസ്ഥാന വ്യാപകമായി കോൺഗ്രസിൽ അതൃപ്തി പുകയുന്നു
Thiruvananthapuram , 13 മാര്ച്ച് (H.S.) നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെ സംസ്ഥാന വ്യാപകമായി കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ചിലയിടത്ത് സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളാണ് അതൃപ്തിയുമായി രംഗത്ത് വരുന്നതെങ്കിൽ മറ്റ്
Ass


Thiruvananthapuram , 13 മാര്ച്ച് (H.S.)

നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെ സംസ്ഥാന വ്യാപകമായി കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ചിലയിടത്ത് സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളാണ് അതൃപ്തിയുമായി രംഗത്ത് വരുന്നതെങ്കിൽ മറ്റ് ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥികളായി പരിഗണിക്കുന്ന നേതാക്കൾക്കെതിരെ അണികളാണ് പ്രതിഷേധമുയർത്തുന്നത്.

സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കളത്തിലിറങ്ങിയവർക്കെതിരെ നേതാക്കളും അണികളും ഒരു പോലെ അമർഷം പ്രകടിപ്പിക്കുകയാണ്. പത്ത് വർഷം അധികാരത്തിൽ നിന്നു പുറത്തിരുന്നുവെങ്കിലും നിലവിൽ ഭരണം പിടിക്കാനുള്ള അനുകൂലമായ കാലാവസ്ഥയാണുള്ളതെന്ന് മനസിലാക്കിയാണ് സ്ഥാനാർഥി മോഹികൾ വിവിധ വാദങ്ങളുയർത്തി പുറത്ത് വരുന്നത്.

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ അമർഷവുമായി കെ സുധാകരൻ

കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനമാണ് കോൺഗ്രസ് എടുത്തിട്ടുള്ളത്. ഇതിൽ കടുത്ത അതൃപ്തിയാണ് മുൻ കെപിസിസി അധ്യക്ഷനും നിലവിൽ പ്രവർത്തകസമിതിയംഗവും കണ്ണൂർ എംപിയുമായ കെ സുധാകരൻ രേഖപ്പെടുത്തുന്നത്. കണ്ണൂരിൽ തനിക്ക് മത്സരിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.

എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന പൊതു തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹത്തെ നേരിൽക്കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചതോടെയാണ് അദ്ദേഹം അതൃപ്തി പ്രകടമാക്കുന്നത്. ഇതിൻ്റെ ഭാഗമായി അദ്ദേഹം വളരെ വൈകാരികമായ ഒരു ഫേസ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. 1996 മുതൽ 2009 വരെ അദ്ദേഹം കണ്ണൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2001ലെ യുഡിഎഫ് മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്നു. പിന്നീട് മൂന്ന് തവണ കണ്ണൂരിൽ നിന്നും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സുധാകരന് പുറമേ യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശും മത്സര സന്നദ്ധത നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാൻ്റിൻ്റെ ഇടപെടലിനെ തുടർന്ന് അദ്ദേഹം ആവശ്യത്തിൽ നിന്നും പിന്നാക്കം പോയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്.

തിരുവനന്തപുരം ജില്ലയിലും ആശയക്കുഴപ്പവും പ്രതിഷേധവും

ജിലയിലെ പല സീറ്റുകളിലും ഇത്തരത്തിൽ ആശയക്കുഴപ്പവും ചില സീറ്റുകളിൽ നേതാക്കൾക്കെതിരെ പ്രതിഷേധവും രൂപപ്പെട്ടിട്ടുണ്ട്. നേമം, ചിറയൻകീഴ്, തിരുവനന്തപുരം സെൻട്രൽ, അരുവിക്കര, നെയ്യാറ്റിൻകര, കാട്ടാക്കട സീറ്റുകളിൽ ഒന്നിലധികം പേര് വന്നതോടെ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. വാമനപുരത്ത് പരിഗണിക്കുന്ന പാലോട് രവി, നെയ്യാറ്റിൻകരയിൽ പരിഗണിക്കുന്ന എൻ ശക്തൻ എന്നിവർക്കെതിരെ കടുത്ത പ്രതിഷേധമാണ് അണികൾക്കിടയിൽ നിന്നും ഉണ്ടാകുന്നത്.

മുൻ ഡിസിസി അധ്യക്ഷൻ കൂടിയായ പാലോട് രവിക്കെതിരെ വാമനപുരത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരോഗ്യ കാരണങ്ങൾ മുൻനിർത്തി ശക്തനെ മത്സരിപ്പിക്കരുതെന്ന വികാരവും പ്രവർത്തകർക്കിടയിലുണ്ട്. അരുവിക്കരയിൽ പരിഗണിക്കുന്ന വിഎസ് ശിവകുമാർ, എംഎം ഹസൻ എന്നിവർക്കെതിരെയും അണികൾക്കിടയിൽ വികാരം ശക്തമാണ്.

തിരുവനന്തപുരം സെൻട്രൽ മണ്ഡലം സിപി ജോണിന് വിട്ട് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിസിസി നേതാക്കൾക്കിടയിൽ അമർഷമുണ്ട്. കേരളം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന നേമത്തെ സ്ഥാനാർഥിയെ ചൊല്ലിയും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. നിലവിൽ കെഎസ് ശബരീനാഥനെ മത്സരിപ്പിക്കാൻ ഗൗരവതരമായ ആലോചനകൾ പാർട്ടിയിൽ നടക്കുന്നുണ്ട്. ചർച്ചകൾക്കായി അദ്ദേഹത്തെ ഡൽഹിയിലേക്ക് പാർട്ടി നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴയിലും പത്തനംതിട്ടയിലും നേതാക്കൾക്കിടയിൽ അമർഷം

ആലപ്പുഴയിലെ മുതിർന്ന നേതാവും മുൻ ഡിസിസി അധ്യക്ഷനുമായ എംഎ ഷുക്കൂർ തനിക്ക് സീറ്റ് നിഷേധിച്ചതിൽ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ അതിന് പിന്നിൽ ആരാണെന്നതടക്കമുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പരസ്യമായി ചാനലുകളെ അറിയിച്ചു. ഇതിനിടെ പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പരിഗണിക്കപ്പെടുന്ന പഴകുളം മധുവിനെതിരെ കടുത്ത അമർഷവുമായി നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.

മണ്ഡലത്തിൽ മുൻപ് മത്സരിച്ച് പരാജയപ്പെട്ട റിങ്കു ചെറിയാനാണ് പരസ്യ പ്രതിഷേധവുമായി കളത്തിലിറങ്ങിയത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവായ അബിൻ വർക്കിയെ ആറൻമുളയിൽ പരിഗണിക്കുന്നതിൽ പത്തനംതിട്ട ജില്ലയിലെ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയാണ് അതൃപ്തി പങ്കുവച്ചത്. ജില്ലയിലേക്ക് നേതാക്കളെ കെട്ടിയിറക്കുന്നത് അനുവദിക്കാനാവില്ലെന്നും ഇതുമൂലം പലർക്കും സീറ്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നുമാണ് നേതാക്കൾ രമേശിനെ ധരിപ്പിച്ചതെന്നും ഡിസിസി ജനറൽ സെക്രട്ടറി ഇടിവി ഭാരതിനോട് പറഞ്ഞു.

തർക്കം രൂക്ഷമാകുന്നത് കോൺഗ്രസിൻ്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും

നിലവിൽ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം രൂക്ഷമാകുന്നത് കോൺഗ്രസിൻ്റെ നിലവിലുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ റോയ് മാത്യു ഇടിവി ഭാരതിനോട് വ്യക്തമാക്കി. പല സീറ്റുകളിലും കൃത്യമായ ആലോചനയില്ലാതെ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിൽ പ്രതികൂല ഘടകമാവും.

പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കണമെന്നാണ് പറയുന്നത്. സുധാകരനെ പോലെ ഒട്ടേറെത്തവണ പാർലമെൻ്ററി പദവികൾ വഹിച്ചവർ മാറി നിൽക്കണമെന്ന് പറയാൻ പാർട്ടി നേതൃത്വം തയ്യാറാവണം. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News