ഇക്കുറിയും സീറ്റ് നൽകാതെ അവഗണിച്ചതോടെ ഡിസിസി ജനറല് സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു
Pathanamthitta , 13 മാര്ച്ച് (H.S.) ഇക്കുറിയും സീറ്റ് നൽകാതെ അവഗണിച്ചതോടെ ഡിസിസി ജനറല് സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കുന്നുവെന്ന് ആരോപിച്ചാണ് കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറല് സെക്രട്ടറിയും മുൻ
Babu Divakaran


Pathanamthitta , 13 മാര്ച്ച് (H.S.)

ഇക്കുറിയും സീറ്റ് നൽകാതെ അവഗണിച്ചതോടെ ഡിസിസി ജനറല് സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കുന്നുവെന്ന് ആരോപിച്ചാണ് കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറല് സെക്രട്ടറിയും മുൻ അടൂർ നഗരസഭ ചെയർമാനും കൂടിയായ ബാബു ദിവാകരൻ്റെ രാജി.

അടൂരില് അഡ്വ സിവി ശാന്തകുമാറിനെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം ഏകദേശ ധാരണയിലെത്തി എന്നാണ് വിവരം. കോന്നി സ്വദേശിയായ ശാന്തകുമാർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ഇതുമായി ബന്ധപ്പാട്ടാണ് ബാബു ദിവാകരൻ്റെ രാജി എന്നാണ് സൂചന.

അടൂരില് തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയില് നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരൻ്റെ ആവശ്യം. പാർട്ടിയില് നിന്ന് തന്നെ പൂർണമായി അവഗണിക്കുകയാണെന്ന് ബാബു ദിവാകരൻ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് തവണയും ഇടതുമുന്നണിക്ക് വിജയിക്കാൻ പാകത്തിലുള്ള സാഹചര്യമാണ് പാർട്ടി നേതൃത്വം ഒരുക്കിക്കൊടുത്തതെന്നും ഇത്തവണയും അത്തരം നീക്കങ്ങളാണ് നടക്കുന്നതെന്നും താൻ ജീവിച്ചിരിക്കുമ്പോള് അത് സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ സ്ഥാനാർഥി ആകുമെന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന എംജി കണ്ണൻ അവസാന നിമിഷം സ്ഥാനാർഥി ആയി എത്തുകയായിരുന്നു.

പാർട്ടി നേതാക്കൾ ബാബു ദിവാകരൻ്റെ വീട്ടിലെത്തി അനുനയ ചർച്ചകൾ നടത്തിയതോടെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലത്തിൽ 2910 വോട്ടിനാണ് എൽഡിഎഫിലെ ചിറ്റയം ഗോപകുമാറിനോട് കണ്ണൻ പരാജയപ്പെട്ടത്.

2016 ല് 25460 വോട്ടിൻ്റെ വലിയ ഭൂരിപക്ഷം നേടിയ ചിറ്റയം കഷ്ടിച്ച് വിജയിക്കുകയായിരുന്നു.

ഇതിനിടെ എംജി കണ്ണൻ മരിച്ചതോടെ വരുന്ന 2026ലെ തെരഞ്ഞെടുപ്പിൽ ബാബു ദിവാകരൻ സ്ഥാനാർഥി ആകും എന്ന തരത്തിൽ വീണ്ടും പ്രചാരങ്ങൾ ശക്തമായി. അദ്ദേഹം മണ്ഡലത്തിലെ എല്ലാ പരിപാടികളിലും സജീവമാകുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ പ്രാദേശിക നേതൃത്വത്തിൽ വലിയൊരു വിഭാഗം ബാബു ദിവാകരൻ സ്ഥാനാർഥി ആകണം എന്ന അഭിപ്രായക്കാരാണ്.

ഇതിനിടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയുള്ള ചർച്ചകളിലേക്ക് സംസ്ഥാന നേതൃത്വം നീങ്ങിയതും ബാബു ദിവാകരൻ രാജി പ്രഖ്യാപിച്ചതും. അതേസമയം പത്തനംതിട്ടയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. യുഡിഎഫിൽ കോൺഗ്രസ് നാലിടങ്ങളിലാണ് മത്സരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News