Enter your Email Address to subscribe to our newsletters

Thrissur , 13 മാര്ച്ച് (H.S.)
2026–27 സാമ്പത്തിക വര്ഷത്തെ ബജറ്റ് പാസാക്കി കൊച്ചിന് ദേവസ്വം ബോര്ഡ്. 359.95 കോടി രൂപയുടെ വരവും 356.67 കോടി രൂപ ചെലവും 3.28 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന കൊച്ചിന് ദേവസ്വം ബോര്ഡിൻ്റെ ഈ സാമ്പത്തിക വര്ഷത്തെ ബജറ്റ് പാസാക്കിയതായി കൊച്ചിന് ദേവസ്വം ബോര്ഡ് പ്രസിഡൻ്റ് കെ രവീന്ദ്രന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. പ്രധാന ക്ഷേത്രങ്ങളില് കമ്പ്യൂട്ടറൈസേഷന്, സിസിടിവി എന്നിവ ഉൾപ്പെടുന്ന ബജറ്റാണിത്.
ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും കെട്ടിടങ്ങളുടെയും നവീകരണം, വിശ്വാസികള്ക്കാവശ്യമായ സൗകര്യങ്ങള് വിപുലപ്പെടുത്തല്, സാങ്കേതികവിദ്യ വ്യാപിപ്പിക്കല്, ഷോപ്പിങ് കോംപ്ലക്സ് നിര്മാണം, തരിശ് ഭൂമികളില് കൃഷി, വിശ്വാസികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന ബജറ്റാണിതെന്ന് കെ രവീന്ദ്രന് വ്യക്തമാക്കി. പ്രധാന ക്ഷേത്രങ്ങളിലും ഓഫിസുകളിലും കമ്പ്യൂട്ടറൈസേഷന്, ഓണ്ലൈന്, ഇഫയലിങ് സംവിധാനം എന്നിവ വിപുലപ്പെടുത്താന് രണ്ടുകോടി വകയിരുത്തിയിട്ടുണ്ട്.
ക്ഷേത്രങ്ങളില് സിസിടിവി സംവിധാനം ഏര്പ്പെടുത്താന് രണ്ടുകോടി അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങളും കെട്ടിടങ്ങളും നവീകരിക്കാന് നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രധാന ക്ഷേത്രങ്ങളിലെ നവീകരണത്തിനും വികസനത്തിനും പ്രത്യേക മാസ്റ്റര് പ്ലാനുണ്ടാകും. ഓരോ ക്ഷേത്രത്തിൻ്റെയും പുനരുദ്ധാരണത്തിന് പ്രത്യേക ഫണ്ട് രൂപീകരിക്കും. തരിശായി കിടക്കുന്ന ദേവസ്വം ഭൂമികളില് പൂജാ പുഷ്ഷങ്ങള്, ഔഷധ സസ്യങ്ങള്, ഫല വൃക്ഷങ്ങള് എന്നിവ കൃഷി ചെയ്യും. പൂജാ പുഷ്പങ്ങളുടെ ലഭ്യത ക്ഷേത്രങ്ങളില് ഉറപ്പാക്കാന് ദേവാങ്കണം ചാരുഹരിതം പദ്ധതി തുടരും.
ഇതിനായി പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അശോകേശ്വരം, കൈലാസം, പൂങ്കുന്നം, കൂത്താമ്പുള്ളി, കുത്തപ്പാടി, ഏരൂർ, വൈറ്റില, ശ്രീദേവസ്വം എന്നിവിടങ്ങളിൽ ഷോപ്പിങ്ങ് കോംപ്ലക്സുകൾ നിര്മിക്കാന് രണ്ടുകോടി വകയിരുത്തിയിട്ടുണ്ട്. പഴയന്നൂർ ക്ഷേത്രം കോമ്പൗണ്ടിൽ ഷോപ്പിങ് കോപ്ലക്സ് നിർമ്മിക്കാന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിശ്വാസികള്ക്കുള്ള അപകട ഇൻഷുറൻസ് തുടരും.
അപകടം, രോഗം എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് ജീവനക്കാര്ക്ക് അഡ്വാന്സ് നല്കാനും അടിയന്തിര ചികിത്സ സഹായം നല്കാനും പത്തുലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ശുചിത്വ മിഷൻ്റെ സഹായത്തോടെ ചോറ്റാനിക്കര പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കുന്ന ചോറ്റാനിക്കര സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് പ്രോജക്ടിൻ്റെ രണ്ടാം ഘട്ടത്തിനായി രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊച്ചിന് ദേവസ്വം ബോര്ഡ് അംഗം കെപി അജയന്, സെക്രട്ടറി പി ബിന്ദു, ഫിനാന്സ് ആന്ഡ് അക്കൗണ്ട്സ് ഓഫീസര് വിഎം രമേശ് ബാബു, ഡെപ്യൂട്ടി കമീഷണര് കെ സുനില്കുമാര് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
പ്രധാന പദ്ധതികള്
- ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കുളവും കിണറും നവീകരിക്കാന് 50 ലക്ഷം.
- വടക്കുന്നാഥൻ അന്നദാനമണ്ഡപം നവീകരിക്കാന് 50 ലക്ഷം രൂപ. വടക്കുന്നാഥൻ ക്ഷേത്രമൈതാനത്തിൻ്റെ സൗന്ദര്യവത്ക്കരണ ജോലികൾ ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായി സർക്കാരിൻ്റെയും പ്രായോജകരുടെയും സഹായത്തോടെ നടപ്പാക്കും.
- ടെമ്പിൾ ടൂറിസം പദ്ധതിയുടെ ഭാഗമായി വിശ്വാസികള്ക്ക് ആവശ്യമായ സൗകര്യമൊരുക്കാന് പത്തുലക്ഷം.
- ചോറ്റാനിക്കര ക്ഷേത്രം, കൊടുങ്ങല്ലൂർ ക്ഷേത്രം, ഹെഡ് ഓഫിസ് എന്നിവിടങ്ങളില് സോളാർ പദ്ധതി നടപ്പാക്കാന് 50 ലക്ഷം. ചോറ്റാനിക്കര ക്ഷേത്രത്തിൻ്റെ പഴയ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്മിക്കാന് 50 ലക്ഷം.
- കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ കല്യാണ മണ്ഡപം നവീകരിക്കാന് 50 ലക്ഷം.
- തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൻ്റെ സത്രം കെട്ടിടം പുനർ നിർമിക്കാന് 50 ലക്ഷം.
- തിരുവഞ്ചിക്കുളം ശിവപാർവതി കല്യാണ മണ്ഡപം നവീകരിക്കാന് 50 ലക്ഷം.
- കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, തൃപ്രയാർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വെള്ളത്തിനായി ഓവര് ഹെഡ് വാട്ടര് ടാങ്ക് നിര്മിക്കാന് 40 ലക്ഷം.
- പല്ലന് ചാത്തന്നൂര് ക്ഷേത്രത്തിലെ ഊട്ടുപുര നവീകരിക്കാന് 30 ലക്ഷം രൂപ.
- തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് നാലമ്പല തീർഥാടകർക്കുള്ള സൗകര്യങ്ങളുടെ വികസനത്തിനായി 10 ലക്ഷം.
- ഉത്സവങ്ങൾ, വിശേഷ ദിവസങ്ങൾ എന്നിവയുടെ നവ മാധ്യമ പ്രചാരണത്തിനായി 10 ലക്ഷം.
- ക്ഷേത്രങ്ങളില് ശുചിമുറി സമുച്ചയങ്ങള് നിര്മിക്കാന് പത്തുലക്ഷം രൂപ.
- ശാന്തിമഠം നിര്മാണത്തിനായി 20 ലക്ഷം രൂപ.
- ബോര്ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഉന്നത വിജയം നേടുന്നവര്ക്ക് വിദ്യാഭ്യാസ അവാർഡുകളും, കലകായിക പ്രോത്സാഹനത്തിനും 15 ലക്ഷം.
- കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ പ്രസ് ആധുനികവൽക്കരിക്കുന്നതിന് 30 ലക്ഷം.
- വാദ്യകലാ കേന്ദ്രങ്ങളുംതാന്ത്രിക വിദ്യാപഠനകേന്ദ്രങ്ങളും ആരംഭിക്കാനുള്ള നടപടികൾ ഈ വർഷവും തുടരും.
- വാടകയ്ക്ക് നൽകിയിരിക്കുന്ന കെട്ടിടങ്ങളുടെ പിസിആർ വർക്കുകൾക്കായി 1.5 കോടി
- ക്ഷേത്ര ഉപദേശസമിതികൾ മുഖാന്തിരം നടത്തുന്ന മരാമത്ത് പണികൾക്കായി 1.5 കോടി.
- ഇലക്ട്രിക്കൽ വർക്കുകൾക്കായി ഒരു കോടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR