Enter your Email Address to subscribe to our newsletters

Kannur , 13 മാര്ച്ച് (H.S.)
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും ചെയ്ത സുധാകരന് ഹൈക്കമാന്ഡില് നിന്നും സംസ്ഥാന നേതൃത്വത്തിൽ നിന്നും അനുകൂല നിലപാടല്ല ഉണ്ടായതെന്നാണ് സൂചന. എംപിമാര് ആരും മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്ഡ്. നേതൃത്വം വിലങ്ങുതടിയായതോടെ അതൃപ്തി രേഖപ്പെടുത്തിയാണ് അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെ വൈകാരികമായ ഒരു കുറിപ്പ് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും അവിടുത്തെ കോൺഗ്രസാണ് തന്റെ മേൽവിലാസമെന്നും അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.
കമ്മ്യൂണിസ്റ്റ് അക്രമങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരെ തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ ചിറകിനടിയിൽ സംരക്ഷിച്ച ചരിത്രമാണ് തനിക്കുള്ളതെന്ന് സുധാകരൻ അവകാശപ്പെടുന്നു. കൊല്ലപ്പെട്ട സഹപ്രവർത്തകരുടെ മുഖങ്ങൾ ഉൾക്കണ്ണിൽ തെളിയുന്നുണ്ടെന്നും പാർട്ടിയുടെ ത്രിവർണ്ണ പതാകയേന്തി കണ്ണൂരിന്റെ മണ്ണിൽ താൻ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
പോസ്റ്റിന്റെ പൂര്ണരൂപം-
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.
ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ
ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി
കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്ന് പോസ്റ്റില് പറയുന്നു.
താൻ വളർത്തിക്കൊണ്ടുവന്ന നേതാക്കൾ പോലും ഇപ്പോൾ തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിലും, സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കാൻ വീടിനെപ്പോലും മറന്നാണ് പ്രവർത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിവൈകാരികമായ ഈ പോസ്റ്റിലൂടെ താൻ ഇപ്പോഴും കണ്ണൂർ സീറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന കൃത്യമായ സൂചനയാണ് സുധാകരൻ നൽകുന്നത്.
സുധാകരന്റെ ഈ നീക്കം അണികളെ പ്രകോപിപ്പിക്കാനും സമ്മർദ്ദ തന്ത്രം പ്രയോഗിക്കാനുമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അദ്ദേഹം തന്നെ വളർത്തിക്കൊണ്ടുവന്ന കെ.പി.സി.സി. അധ്യക്ഷനും ജില്ലയിലെ ഡി.സി.സി. പ്രസിഡന്റും സുധാകരനെതിരെ നിലപാടെടുത്തതോടെയാണ് തർക്കം മുറുകിയത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും സുധാകരന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന് സീറ്റ് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്.
എന്നാൽ, സുധാകരന്റെ ഈ നീക്കത്തിൽ അദ്ദേഹത്തിന്റെ തന്നെ അടുത്ത അനുയായികളിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുന്നത് ഒഴിവാക്കിയാൽ, പിന്നീട് വരുന്ന ഉപതെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലം യു.ഡി.എഫിന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം. ആലപ്പുഴയിൽ ജി. സുധാകരൻ സി.പി.ഐ.എമ്മിന് വെല്ലുവിളിയാകുന്നത് പോലെ കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളിയാകുന്നത് കെ. സുധാകരൻ തന്നെയായിരിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR