Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 മാര്ച്ച് (H.S.)
എൽപിജി ക്ഷാമത്തിനിടെ ഹോട്ടലിൽ നിന്ന് എൽപിജി സിലിണ്ടർ മോഷണം.എൽപിജി ക്ഷാമം ചെറുതും വലുതുമായ സ്ഥാപനങ്ങളെ ബാധിച്ചു തുടങ്ങിയ ഈ സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്ന് എൽപിജി സിലിണ്ടർ മോഷണം പോയത്. തിരുവനന്തപുരം ചാല മാർക്കറ്റ് പ്രദേശത്തെ വിഎസ് ഹോട്ടലിൽ ഇന്ന് (മാർച്ച് 13) പുലർച്ചെയാണ് കവർച്ച നടന്നത്.
ഹോട്ടലിൻ്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ പാചക വാതക സിലിണ്ടറാണ് മോഷണം പോയതെന്ന് ഉടമ പറഞ്ഞു. ഹോട്ടലിൻ്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്ത് പ്രതി അകത്ത് കടന്ന് നിറച്ച് വച്ചിരുന്ന എൽപിജി സിലിണ്ടർ എടുത്തുകൊണ്ടുപോയി.
അകത്ത് കയറിയ ശേഷം സിസിടിവി ക്യാമറ പ്രവർത്തനരഹിതമാക്കാൻ അയാൾ വൈദ്യുതി വിശ്ചേദിച്ചു. എന്നാൽ, ക്യാമറ ഒരു യുപിഎസുമായി ബന്ധിപ്പിച്ചിരുന്നതിനാൽ ഓഫായില്ല. സിസിടിവി പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ക്യാമറയുടെ ദിശ മാറ്റി - വിഎസ് ഹോട്ടൽ ഉടമ വിമൽ കുമാർ പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഉടമ വ്യക്തമാക്കി.
തങ്ങളുമായി ശത്രുതയുള്ള മറ്റൊരു റസ്റ്റോറൻ്റ് ഉടമക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് വിമൽ കുമാർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൽപിജി സിലിണ്ടറുകള് ലഭ്യമല്ലാത്തതിനാൽ നിലവിൽ ഹോട്ടൽ അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും ഹോട്ടൽ ഉടമ പറയുന്നു. നിലവിൽ ബിരിയാണി മാത്രമേ പാകം ചെയ്ന്നുള്ളൂ. പുതിയ എൽപിജി സിലിണ്ടറുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ശനിയാഴ്ച മുതൽ റസ്റ്റോറൻ്റ് അടച്ചുപൂട്ടാനാണ് തീരുമാനമെന്നും ഉടമ വ്യക്തമാക്കി.
കേരളത്തിൽ ഹോട്ടലുകള് അടച്ചുപൂട്ടലിലേക്ക്
എൽപിജി ക്ഷാമം മൂലം കേരളത്തിലെ 40 ശതമാനം റസ്റ്റോറൻ്റുകളും അടച്ചുപൂട്ടുമെന്ന് കെഎച്ച്ആർഎ (കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ). വാണിജ്യ എൽപിജി ക്ഷാമം ചെറുതും വലുതുമായ സ്ഥാപനങ്ങളെ ബാധിച്ചു തുടങ്ങിയ ഈ സാഹചര്യത്തിലാണ് തീരുമാനം.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് റസ്റ്റോറൻ്റുകൾക്ക് പുറമേ, കാറ്ററിങ്, ഹോസ്റ്റൽ, കാൻ്റീനുകൾ, ശ്മശാനങ്ങൾ എന്നിവയെയും എൽപിജി ക്ഷാമം ബാധിച്ചിട്ടുണ്ട്. കേരളത്തിലെ പല സ്ഥാപനങ്ങൾക്കും ബദൽ പാചക രീതികളിലേക്ക് മാറാൻ കഴിയാത്ത സാഹചര്യത്തിൽ പാചകം നിർത്തിവയ്ക്കേണ്ട സാഹചര്യമാണെന്നും വ്യവസായ പ്രതിനിധികൾ പറഞ്ഞു.
വ്യാഴാഴ്ച വരെ, ഏകദേശം 20 ശതമാനം റസ്റ്റോറൻ്റുകൾ അടച്ചിരുന്നു. എൽപിജി സ്റ്റോക്കുകൾ തീർന്നുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ റസ്റ്റോറൻ്റുകളും അടയ്ക്കുന്നതോടെ എണ്ണം 40 ശതമാനമായി ഉയരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡൻ്റ് ജി ജയപാൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബദൽ പാചക രീതികൾ നിർദേശിച്ചിട്ടുണ്ടെങ്കിലും, നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിൽ വിറക് അടുപ്പ് ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് കെഎച്ച്ആർഎ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി, നഗരപ്രദേശങ്ങളിലെ മിക്ക റസ്റ്റോറൻ്റുകളിലും ആധുനിക അടുക്കള സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അതിനാൽ വിറകും ഇതര ഇന്ധനങ്ങളും ഉപയോഗിച്ച് പാചകം ചെയ്യുന്നതിനുള്ള സൗകര്യങ്ങളില്ല. നഗരപ്രദേശങ്ങളിലെ റസ്റ്റോറൻ്റുകളിലാണ് കൂടുതൽ എൽപിജി ക്ഷാമം ബാധിച്ചിരിക്കുന്നത് ജി ജയപാൽ പറഞ്ഞു. ചില സ്വകാര്യ എൽപിജി വിതരണക്കാർ സിലിണ്ടറുകൾക്ക് ഇരട്ടി വില ഈടാക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിറകിൻ്റെ വിലയും വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
19 കിലോയുടെ സിലിണ്ടറിൻ്റെ സാധാരണ നിരക്ക് ഏകദേശം 1,800 രൂപയാണ്. എന്നാൽ കഴിഞ്ഞ ദിവസം 17 കിലോയുടെ സ്വകാര്യ എൽപിജി സിലിണ്ടർ 3,000 രൂപയ്ക്കാണ് വിതരണം ചെയ്തത്. വിറകിൻ്റെ വിലയും കുതിച്ചുയർന്നു, ബദൽ നടപടികളിലേക്ക് മാറുന്നത് എളുപ്പമല്ല കെഎച്ച്ആർഎ ലെ കാസർകോടിൽ നിന്നുള്ള ഒരു അംഗം പറഞ്ഞു.
എൽപിജി ക്ഷാമം കേരളത്തിലെ കാറ്ററിങ് കമ്പനികളെയും ബാധിച്ചിട്ടുണ്ട്, സംസ്ഥാനത്ത് വിവാഹ സീസൺ ആരംഭിക്കാനിരിക്കെയാണ് പ്രതിസന്ധി വന്നിരിക്കുന്നതെന്ന് വ്യവസായ പ്രതിനിധികൾ പറഞ്ഞു. മാർച്ച് 15 ന് മലയാള മാസമായ മേടം മുതൽ ആരംഭിക്കുന്ന വരാനിരിക്കുന്ന വിവാഹ സീസണിലേക്കുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചതിനാൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഓൾ കേരള കാറ്ററിങ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി സുനുകുമാർ പറഞ്ഞു.
അടുത്ത ആഴ്ച റംസാൻ കഴിഞ്ഞാൽ മുസ്ലീം സമൂഹത്തിലെ വിവാഹ ചടങ്ങുകൾക്കും തുടക്കമാകും. ക്രിസ്ത്യൻ സമൂഹത്തിൻ്റെയും നോമ്പുകാലം അടുത്ത മാസം ആദ്യം അവസാനിക്കും, അതിനുശേഷം കേരളത്തിലുടനീളം വിവാഹങ്ങൾ നടക്കും,” - അദ്ദേഹം പറഞ്ഞു. താത്ക്കാലിക നടപടിയായി ഗാർഹിക സിലിണ്ടറുകൾ ഉപയോഗിക്കാൻ സർക്കാർ ഞങ്ങളെ അനുവദിക്കണമെന്നും ഇപ്പോൾ ഞങ്ങൾക്ക് ഒരു വാണിജ്യ എൽപിജി സിലിണ്ടർ പോലും ലഭിക്കുന്നില്ലെന്നും കാറ്ററിങ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി സുനുകുമാർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR