ശബരിമല യുവതീപ്രവേശ വിഷയത്തിൽ ആചാരസംരക്ഷണത്തിനൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു
Pathanamthitta , 13 മാര്ച്ച് (H.S.) ശബരിമല യുവതീപ്രവേശ വിഷയത്തിൽ ആചാരസംരക്ഷണത്തിനൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പത്ത് മുതൽ അൻപത് വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്കുള്ള ആചാരം സംരക്ഷിക്കണമെന്ന പുതിയ സത്യവാങ്മൂലം സുപ്രീം കോടത
Sabarimala


Pathanamthitta , 13 മാര്ച്ച് (H.S.)

ശബരിമല യുവതീപ്രവേശ വിഷയത്തിൽ ആചാരസംരക്ഷണത്തിനൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പത്ത് മുതൽ അൻപത് വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്കുള്ള ആചാരം സംരക്ഷിക്കണമെന്ന പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകാനാണ് തീരുമാനം.

പാർട്ടി നിലപാടും വിശദീകരണവും

യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഏഴ് ചോദ്യങ്ങളിൽ സ്ത്രീകളുടെ പ്രവേശനം വേണമോ വേണ്ടയോ എന്ന കാര്യം ഉൾപ്പെടുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതിനാൽ അതിന്മേൽ അനാവശ്യമായ ചർച്ചകൾ നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ നിയമപരവും ഭരണഘടനാപരവുമായ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ ഉചിതമായ മറുപടി കോടതിയിൽ നൽകാൻ സംസ്ഥാന സർക്കാരിനോട് പാർട്ടി സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് നിർദേശിച്ചിട്ടുണ്ട്. യുവതീപ്രവേശത്തെ അനുകൂലിക്കുന്ന പാർട്ടിയുടെ മുൻ നിലപാടിൽ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച് നടപടികൾ സ്വീകരിക്കണം.

സുപ്രീം കോടതി ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ ഭരണഘടനാപരമായ പരിശോധനയുടെ ഭാഗമാണെന്നും അത് എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആചാരങ്ങളും സാമൂഹിക സാഹചര്യങ്ങളും ലിംഗസമത്വവും ഉൾപ്പെടുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനോ കോടതികൾക്കോ ഒറ്റയ്ക്ക് കഴിയില്ല. ആചാരങ്ങളെക്കുറിച്ചും സാമൂഹിക പരിഷ്കാരങ്ങളെക്കുറിച്ചും അറിവുള്ള പണ്ഡിതരുമായും വിദഗ്ധരുമായും ചർച്ച ചെയ്ത് വേണം നിലപാട് സ്വീകരിക്കാൻ. എല്ലാ കാലത്തും വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം വിശദീകരിച്ചു.

തിരിച്ചടികളും നിലപാട് മാറ്റവും

കഴിഞ്ഞ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയാണ് പാർട്ടിയെയും എൽഡിഎഫിനെയും നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്. മുൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിലേക്ക് ചുരുങ്ങിയതിലും അയ്യപ്പ സംഗമം, സ്വർണക്കൊള്ള തുടങ്ങിയ വിവാദങ്ങളിലും ഈ ഭരണ, രാഷ്ട്രീയ പ്രതിസന്ധി പ്രകടമായിരുന്നു. ശബരിമല യുവതീപ്രവേശത്തിന് സർക്കാർ നൽകിയ പിന്തുണയും പൊലീസ് സംരക്ഷണവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തുന്നു. 2018ലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ ധൃതി കാണിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് സർക്കാർ ഇപ്പോൾ എത്തിനിൽക്കുന്നത്. ഗൃഹസമ്പർക്ക പരിപാടികളിലൂടെ വിശ്വാസികളുടെ വികാരം തിരിച്ചറിഞ്ഞതോടെ, വിശ്വാസ സംരക്ഷണത്തിൽ വീഴ്ച പറ്റിയെന്ന ഏറ്റുപറച്ചിൽ കൂടിയാണ് പുതിയ മാറ്റം.

മുൻപ് വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പിണറായി വിജയൻ സർക്കാർ ഇത് തിരുത്തി യുവതീപ്രവേശത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പഴയ പടിയിലേക്ക് മാറ്റുന്നത്.

പുതിയ സത്യവാങ്മൂലവും രാഷ്ട്രീയ തന്ത്രവും

മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള പുതിയ സത്യവാങ്മൂലത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകുന്നതോടെ നാളെത്തന്നെ സുപ്രീം കോടതിയിൽ സമർപ്പിക്കും. സത്യവാങ്മൂലം നൽകാനുള്ള അവസാന തീയതി നാളെയാണ്. എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായങ്ങളെ കൂടെ നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ജി സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തെ പ്രകോപിപ്പിക്കേണ്ടതില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, വിശ്വാസികളുടെ വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണിതെന്ന് ബിജെപിയും യുഡിഎഫും വിമർശിക്കുന്നു. നാമജപ പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുമോ, വിശ്വാസികളോട് സർക്കാർ മാപ്പ് പറയുമോ തുടങ്ങിയ ചോദ്യങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

യുവതീപ്രവേശം വേണമെന്ന് ഹർജിക്കാർ

സർക്കാരും ദേവസ്വം ബോർഡും നിലപാട് മാറ്റിയെങ്കിലും, യുവതീപ്രവേശ വിധി അതേപടി നിലനിർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യഥാർഥ ഹർജിക്കാരായ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ. ആർത്തവത്തിൻ്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് വിവേചനമാണെന്നും സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അസോസിയേഷൻ സുപ്രീം കോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദങ്ങളിൽ വ്യക്തമാക്കുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള അവകാശങ്ങളെ ആചാരങ്ങൾ ബാധിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മതപരമായ ആചാരങ്ങൾ പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ എന്ന വിഷയം സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ചിൻ്റെ പരിഗണനയിലാണ്. ഒൻപതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി എല്ലാ കക്ഷികളും തങ്ങളുടെ വാദങ്ങൾ എഴുതി നൽകണമെന്ന നിർദേശത്തെത്തുടർന്നാണ് അസോസിയേഷൻ നിലപാടറിയിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News