കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ തല്ലിക്കൊന്ന് നാട്ടുകാർ
Thrissur , 13 മാര്ച്ച് (H.S.) കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ തല്ലിക്കൊന്ന് നാട്ടുകാർ. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. പ്രദേശത്തെ നായപിടിത്തക്കാരനും സമീപവാസികളും ചേർന്ന് നായയെ ഓടിച്ചിട്ട് പിടിച്ച് തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന
STRAY DOG ATTACK ON BEDRIDDEN WOMAN


Thrissur , 13 മാര്ച്ച് (H.S.)

കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ തല്ലിക്കൊന്ന് നാട്ടുകാർ. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. പ്രദേശത്തെ നായപിടിത്തക്കാരനും സമീപവാസികളും ചേർന്ന് നായയെ ഓടിച്ചിട്ട് പിടിച്ച് തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് പൊലീസും സംഭവസ്ഥലത്തെത്തി. വിഷയത്തിൽ പ്രദേശവാസികളും പ്രതികരണവുമായി രംഗത്തെത്തി. നിലവിൽ ഏറെ ഭീതിയിലാണ് നാട്ടുകാർ.

ഈ ഒരു പ്രദേശത്ത് തുകൽ തൊഴിലാളികളാണ് ഏറ്റവും കൂടുതലായുള്ളത്. ഈ തുകലിൻ്റെ തോൽ ഭക്ഷിക്കാൻ വരുന്ന കുറേ നായകളുണ്ട് ഈ പരിസരത്ത്. രാത്രി ഒറ്റയ്ക്ക് പുറത്തൊക്കെ ഇറങ്ങേണ്ടി വരുമ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. തന്നെയുമല്ല നായകളെ പേടിച്ചിട്ട് കുട്ടികളെപ്പോലും രക്ഷിതാക്കൾ സ്കൂൾ ബസ് വരെ കൊണ്ടുവിട്ടിട്ടാണ് തിരിച്ച് പോകുന്നത്. ഈ പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകളിലാണ് നായ്ക്കൾ വസിക്കുന്നത്, എന്ന് പ്രദേശവാസിയായ രാധിക പറയുന്നു.

കഴിഞ്ഞ ദിവസം ഒരു പുതിയ നായയാണ് പ്രദേശത്ത് എത്തിയത്. അധികം ആരും കണ്ടിട്ടില്ല ഇതിനെ. ഇന്നലെ ഉച്ചയോടുകൂടി റോഡ് സൈഡിൽ ഉള്ള ഒരു പൂച്ചയെ കടിക്കുന്നതാണ് നാട്ടുകാർ ആദ്യം കാണുന്നത്. പിന്നീട് തൊട്ടപ്പുറത്തെ റോഡിലുള്ള ഒരു നായയെയും കടിച്ചു. അതിന് ശേഷമാണ് ഇവിടെയെത്തി കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ചത്. ഈ പ്രദേശത്തുള്ള ബൈജു എന്ന നായപിടിത്തക്കാരനും ചേർന്നാണ് അക്രമകാരിയായ നായയെ പിടിച്ചത്. മുമ്പും ഇവിടങ്ങളിൽ നായയുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നായശല്യം ഇവിടെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും, അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധവുമായി നാട്ടുകാർ

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ 84 വയസുള്ള കാർത്ത്യായനിയെയാണ് കഴിഞ്ഞ ദിവസം വീടിനകത്ത് കയറി തെരുവുനായ ക്രൂരമായി കടിച്ച് കൊന്നത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകൻ 60 വയസുള്ള ദേവദാസനേയും നായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലായിരുന്നു.

രണ്ട് വർഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്ത്യായനി കിടപ്പിലായിരുന്നു. ദേവദാസ് മനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം 6.30 ഓടെ സമീപത്തുള്ള ഇവരുടെ മകൻ മണി ഭക്ഷണം കൊടുക്കാൻ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News