Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 മാര്ച്ച് (H.S.)
പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം കേരളത്തിന്റെ ഐടി ഹബ്ബായ ടെക്നോപാർക്കിനെയും ബാധിക്കുന്നു. ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് കാലത്തിന് ശേഷം, നിലവിലെ പ്രതിസന്ധി പരിഗണിച്ച് ക്യാമ്പസിലെ വിവിധ കമ്പനികൾ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നത്. അടുത്തയാഴ്ച ടെക്നോപാർക്ക് ക്യാമ്പസിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ യുഎസ്ടി ഗ്ലോബല് (UST Global) വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. ഏതാണ്ട് ആറായിരത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്.
സിലിണ്ടറുകളുടെ അപര്യാപ്തത മൂലം അഞ്ഞൂറോളം കമ്പനികൾ പ്രവർത്തിക്കുന്ന ക്യാമ്പസിലെ റസ്റ്റോറന്റുകളും കഫറ്റീരിയകളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഇത് അവിടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരുടെ ഭക്ഷണ വിതരണത്തെ സാരമായി ബാധിച്ചുവെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി'യുടെ സെക്രട്ടറി വിനീത് ഇ ടിവി ഭാരതിനോട് പറഞ്ഞു.
ക്ഷാമം മുതലെടുത്ത് പല റസ്റ്റോറന്റുകളും ഭക്ഷണവില വർധിപ്പിക്കുന്നത് സ്വീകാര്യമായ നടപടിയല്ലെന്നും പ്രതിധ്വനി അറിയിച്ചു. സിലിണ്ടറുകളുടെ മതിയായ വിതരണം ഉറപ്പാക്കാനും ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാർ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം. പാചകവാതക ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് പാർക്ക് സെന്ററിനോടും ടെക്നോപാർക്ക് അധികൃതരോടും സംഘടന അഭ്യർഥിച്ചു. ടെക്നോപാർക്കിന്റെ സുഗമമായ പ്രവർത്തനത്തിന് റസ്റ്റോറന്റുകളുടെ സേവനം അത്യന്താപേക്ഷിതമാണെന്നും തടസങ്ങൾ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് പ്രതിധ്വനി ആവശ്യപ്പെടുന്നത്.
വിവരസാങ്കേതിക വിദ്യാരംഗത്തെ ആദ്യ വ്യവസായ പാർക്ക്
ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കായാണ് ടെക്നോപാർക്ക് അറിയപ്പെടുന്നത്. 1990-ൽ സ്ഥാപിതമായ ഇതിന്റെ പ്രവർത്തനങ്ങൾ 1994-ലാണ് പൂർണ്ണതോതിൽ ആരംഭിക്കുന്നത്. കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള 'ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരള'യാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് സർക്കാർ ടെക്നോപാർക്ക് ആരംഭിച്ചത്. നിലവിൽ 350-ഓളം ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ടെക്നോപാർക്കിൽ 10 ദശലക്ഷത്തിലധികം ചതുരശ്രഅടി കെട്ടിട സമുച്ചയങ്ങളുണ്ട്. 450-ഓളം കമ്പനികളിലായി 70,000-ത്തിലധികം പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.
ടെക്നോപാർക്കിലെ ആകെ കമ്പനികളിൽ 30 ശതമാനം അമേരിക്കയിൽ നിന്നും, 40 ശതമാനം യൂറോപ്പിൽ നിന്നും, 5 ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നും, 20 ശതമാനം കേരളത്തിൽ നിന്നും, ബാക്കി 5 ശതമാനം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണ്. ഒറാക്കിൾ, ക്യാപ്ജെമിനി, ടാറ്റാ എലക്സി, ഐടിസി ഇൻഫോടെക്, ഇൻഫോസിസ്, ടിസിഎസ്, യുഎസ്ടി, ഐബിഎസ് സോഫ്റ്റ്വെയർ, ട്രാവൻകൂർ അനലിറ്റിക്സ്, മക്കിൻസി, അലയൻസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു.
1991-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളും സോഫ്റ്റ്വെയർ രംഗത്തെ ആഗോള വളർച്ചയും ടെക്നോപാർക്കിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ ഐടി കയറ്റുമതിയുടെ 70 ശതമാനത്തിലധികം ടെക്നോപാർക്കിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR