കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോസ്റ്റർ പ്രതിഷേധം.
Kozhikode,13 മാര്ച്ച് (H.S.) കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോസ്റ്റർ പ്രതിഷേധം. അഴിമതി ആരോപണവുമായി ''സേവ് കോൺഗ്രസ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിലേക്ക് കടക്കവേ കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്ര
Kerala Assembly election


Kozhikode,13 മാര്ച്ച് (H.S.)

കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോസ്റ്റർ പ്രതിഷേധം. അഴിമതി ആരോപണവുമായി 'സേവ് കോൺഗ്രസ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ ഘട്ടത്തിലേക്ക് കടക്കവേ കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡൻ്റുമായ അഡ്വ. കെ. പ്രവീൺ കുമാറിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

അഴിമതിക്കാരനായ സ്ഥാനാർഥിയെ തങ്ങൾക്ക് വേണ്ടെന്നും പ്രവീൺ കുമാറിനെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് 'സേവ് കോൺഗ്രസ് കൊയിലാണ്ടി' എന്ന പേരിൽ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കൊയിലാണ്ടി ടൗൺഹാൾ പരിസരത്തും നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലുമാണ് പോസ്റ്ററുകൾ പ്രധാനമായും കാണപ്പെട്ടത്.

കെ. കരുണാകരൻ്റെ സ്മരണാർത്ഥം കോഴിക്കോട് നിർമ്മിച്ച ഡിസിസി ഓഫീസിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവീൺ കുമാർ വൻതോതിൽ അഴിമതി നടത്തിയെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. കെട്ടിട നിർമ്മാണ ഫണ്ടിൽ അഴിമതി നടന്നതായി യൂത്ത് കോൺഗ്രസ് നേതാവ് തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പാർട്ടി നേതൃത്വം നടപടിയെടുത്തില്ലെന്ന് പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു.

2025 സെപ്റ്റംബർ മാസത്തിൽ സി.പി. സഹനാദ് എന്ന നേതാവ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് നൽകിയ പരാതിയുടെ പകർപ്പും, കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രേഖകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം പ്രവർത്തകർ. തെരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് വലിയ തലവേദനയാണ് ഈ പോസ്റ്റർ പ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നത്. എതിരാളികൾ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുന്നതോടെ വരും ദിവസങ്ങളിൽ കൊയിലാണ്ടിയിൽ പോരാട്ടം കൂടുതൽ കടുക്കും.

എന്നാൽ പാർട്ടിക്കുള്ളിലെ ഐക്യം തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന നീക്കമാണിതെന്ന് പ്രവീൺ കുമാറിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി. വളരെ നേരത്തെ തൻ്റെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച വ്യക്തിയാണ് കെ പ്രവീൺ കുമാർ. കൊയിലാണ്ടിയിൽ രണ്ട് തവണ എംഎൽഎ ആയിരുന്ന കെ ദാസനെയാണ് പ്രവീൺ കുമാർ നേരിടുന്നത്.

2011 മുതൽ 2021 വരെ രണ്ട് തവണ തുടർച്ചയായി കൊയിലാണ്ടി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് കെ ദാസൻ. 1995 മുതൽ 2005 വരെ പത്ത് വർഷം കൊയിലാണ്ടി നഗരസഭയുടെ ചെയർമാനായതിന് ശേഷമായിരുന്നു നിയമസഭ രംഗത്തിറങ്ങിയത്. തൊഴിലാളി പ്രസ്ഥാനങ്ങളിലടക്കം സജീവമായിരുന്ന അദ്ദേഹം കൊയിലാണ്ടിക്കാർക്ക് സുപരിചിതനാണ്. കുറച്ച് കാലങ്ങളായി രാഷ്ട്രീയ ജീവിതത്തിൽ നിന്നും അകലം പാലിച്ചു നിൽക്കുകയായിരുന്നു ഇദ്ദേഹം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News