Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 മാര്‍ച്ച് (H.S.)
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനുള്ള കുതന്ത്രമാണ് ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് മാറ്റമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ഇത് ആത്മാര്‍ത്ഥയില്ലാത്ത മലക്കം മറിച്ചിലാണ്. ശബരമലിയില്‍ സ്വര്‍ണ്ണക്കൊള്ളയും ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കൊള്ളയും നടത്തിയവര്‍ മറിമായം നടത്തി മറ്റൊരു തട്ടിപ്പിന് വേദിയുണ്ടാകുമോയെന്നാണ് ഇതിലൂടെ നോക്കുന്നത്. യുവതീ പ്രവേശനത്തിന് ആളുകളെ നിര്‍ബന്ധിപ്പിച്ച് പോലീസ് സംരക്ഷണയില്‍ കൊണ്ടുപോയവരാണ്. അതിന്റെ പേരില്‍ വനിതാ മതിലും നവോത്ഥാന സദസ്സും സമതിയും തീര്‍ത്തു. ഇപ്പോള്‍ വീണ്ടും ചില അഭ്യാസങ്ങളും നാടകങ്ങളും നടത്തുന്നു. സിപിഎമ്മിന് നയമില്ലാത്തതിന്റെ പ്രകടമായ രൂപമാണ് ഇപ്പോഴത്തെ നടപടി. ഇതുവരെയുള്ള സിപിഎമ്മിന്റെ നയങ്ങള്‍ തെറ്റായിരുന്നുവെന്ന് പരസ്യമായി പറയാന്‍ തയ്യാറാകണം. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ കോടികളുടെ ദുര്‍ചെലവ് ആരില്‍ നിന്ന് ഈടാക്കുമെന്നത് വ്യക്തമാക്കണം. നവോത്ഥാനത്തിന്റെ പേരില്‍ രൂപീകരിച്ച സമിതിയെ പിരിച്ചുവിടണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പുരോഗമവാദികളാണെന്ന് അവകാശപ്പെട്ട സി.പി.എം പൊതുസമൂഹത്തോടും പ്രതിപക്ഷത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം പിന്തിരിപ്പന്‍മാരും അവര്‍ നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്തരുതെന്നും അത് അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ പിന്തിരിപ്പന്മാരാണെന്നാണ് സി.പി.എം പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യവും ഇല്ലായിരുന്നു. തുടര്‍ച്ചയായി തെറ്റുകള്‍ സമ്മതിച്ചു എന്നതിന്റെ കുറ്റസമ്മതമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു വേണം സര്‍ക്കാരും സി.പി.എമ്മും നിലപാട് മാറ്റം പ്രഖ്യാപിക്കാന്‍.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാരിന് എന്തൊരു സ്പീഡാണ്. മന്ത്രിസഭായോഗത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധമായ ഒരു പിന്‍വാതില്‍ നിയമനവും അനുവദിക്കില്ല. മന്ത്രിസഭ തീരുമാനിച്ചാലും നിയമവിരുദ്ധമായതെല്ലാം ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ റദ്ദാക്കും. അത്തരം ഒരു തീരുമാനങ്ങളും പോകുന്ന പോക്കില്‍ എടുക്കേണ്ട.
സര്‍ക്കാരും സി.പി.എമ്മും യുവതി പ്രവേശനത്തിന് എതിരല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നവോത്ഥാന സമതിയും വന്‍മതിലും ഉണ്ടാക്കിയത്? എന്തിനാണ് ഞങ്ങളെ പിന്തിരിപ്പന്മാര്‍ എന്ന് വിളിച്ചത്? ആ നിലപാട് മാറ്റില്ല എന്ന് പറയാനുള്ള ധൈര്യമില്ല. പത്ത് വര്‍ഷമുണ്ടായിട്ടും തിരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് ഏറ്റവും അവസാനത്തെ മന്ത്രിസഭാ യോഗത്തില്‍ സത്യവാങ്മൂലം തിരുത്താന്‍ തീരുമാനം എടുത്തത് ജനങ്ങളെ ഭയന്നാണ്. കഴിഞ്ഞ ആഴ്ച ഈ കേസ് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാരിന് ഇതേ നിലപാട് അല്ലായിരുന്നല്ലോ. ഇതിനേക്കാള്‍ വലിയ കീഴ്‌മേല്‍ മറിച്ചില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നിലപാട് മാറ്റാന്‍ ഇത്രയും സമയം എടുത്തതിന് കേരളം കുറെ വില കൊടുക്കേണ്ടിവന്നു എന്നും സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S