Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 മാര്‍ച്ച് (H.S.)
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ മലക്കം മറിഞ്ഞതായും ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെന്ന് തോന്നുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
സർക്കാർ ശബരിമല വിഷയത്തിൽ മലക്കം മറിയുമെന്ന് നാലാഴ്ചകൾക്ക് മുൻപ് വാർത്താ സമ്മേളനത്തിൽ ഞാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അത് അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനും ശബരിമല വിഷയത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയത് തെറ്റാണെന്ന് തുറന്നു സമ്മതിച്ച് മാപ്പ് പറയുകയും ആചാരം സംരക്ഷിക്കാൻ തെരുവിലിറങ്ങിയ ഭക്തർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുകയും വേണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബി.ജെ.പി - എൻ.ഡി.എ സഖ്യത്തിന്റെയും ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളുടെയും നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായാണ് സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരുത്താൻ പിണറായി വിജയൻ സർക്കാർ ഇപ്പോൾ നിർബന്ധിതരായിരിക്കുന്നത്. ഇത് അയ്യപ്പഭക്തരോടുള്ള ബഹുമാനം കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഭയന്നുള്ള വെറും രാഷ്ട്രീയ നാടകം മാത്രമാണ്.
2018-ൽ ചെയ്തത് തെറ്റാണെന്ന് മുഖ്യമന്ത്രി ഇപ്പോൾ തിരിച്ചറിയുന്നുണ്ടെങ്കിൽ അയ്യപ്പഭക്തർക്കെതിരെ സർക്കാർ എടുത്ത ആയിരക്കണക്കിന് കേസുകൾ ഉടനടി പിൻവലിക്കാൻ അദ്ദേഹം തയ്യാറാകണം. അത് ഇപ്പോൾത്തന്നെ നടപ്പിലാക്കുകയും വേണം.
അധികാരത്തിന് വേണ്ടി കോൺഗ്രസും സി.പി.എമ്മും എന്തും ചെയ്യുമെന്ന് ഇരുവരും തെളിയിച്ചതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ചവിട്ടിമെതിക്കുകയും, ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നവർ തന്നെ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ ആഗോള അയ്യപ്പ സംഗമവും സംഘടിപ്പിക്കും. വിശ്വാസികളെ ദ്രോഹിക്കുന്ന കാര്യത്തിലും സി.പി.എമ്മും കോൺഗ്രസും ഈകാര്യത്തിൽ രണ്ടല്ല, ഒന്നാണ്.
എന്നാൽ 2018 മുതൽ ബി.ജെ.പി - എൻ.ഡി.എയുടേത് ഉറച്ച നിലപാടാണ്. ഞങ്ങൾ വിശ്വാസത്തിൽ രാഷ്ട്രീയം കലർത്താറില്ല. ജനങ്ങളെ സേവിക്കാനും വിശ്വാസികളുടെ ആചാരങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്.
ഒരു അയ്യപ്പഭക്തൻ എന്ന നിലയിൽ ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങൾക്കൊപ്പം ഒരുകാര്യം ഞാനും ഉറപ്പിച്ചു പറയുന്നു—വിശ്വാസത്തെ തകർക്കാൻ ഇടതുപക്ഷം കാട്ടിയ ക്രൂരതകളും വിശ്വാസികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ തിരിഞ്ഞുനോക്കാതിരുന്ന കോൺഗ്രസിന്റെ കാപട്യവും ജനങ്ങൾ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.
വോട്ട് ചോദിച്ച് വീണ്ടും ജനങ്ങൾക്ക് മുന്നിലെത്തും മുൻപ്, ഈ പൊറുക്കാനാവാത്ത കുറ്റത്തിന് എല്ലാ അയ്യപ്പ വിശ്വാസികളോടും ഹിന്ദു സമൂഹത്തോടും നിരുപാധികം മാപ്പ് പറയാൻ ഇടതുപക്ഷ സർക്കാരും കോൺഗ്രസ് നേതൃത്വവും തയ്യാറാകണം. ശബരിമലയെ തകർക്കാൻ ഇനി ആരെയും അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
---------------
Hindusthan Samachar / Sreejith S