Enter your Email Address to subscribe to our newsletters

Wayanad , 14 മാര്ച്ച് (H.S.)
കടുത്ത വേനലിലും മാനന്തവാടിയില് മഞ്ഞപൂക്കളുടെ വസന്തം. കണിക്കൊന്നയെ ഓർമ്മിപ്പിക്കുന്ന മഞ്ഞ നിറത്തിലുള്ള “ക്യാറ്റ്സ് ക്ളോ” പൂവുകളാണ് വസന്തമൊരുക്കിയത്. ഈ അലങ്കാര വള്ളികളിലെ വിസ്മയം കാണാന് വഴിയാത്രക്കാരും നാട്ടുകാരും ഒരുപോലെ എത്തുകയാണ്.
വയനാട് ബൈപ്പാസ് റോഡരികിലെ ഷീനയുടെ വീടാണ് ഇപ്പോൾ മഞ്ഞപ്പൂക്കളുടെ വസന്തത്തിൽ മുങ്ങിയിരിക്കുകയാണ്. മാർച്ച് മാസം എത്തുമ്പോഴേക്കും ഈ വള്ളികളിൽ മഞ്ഞപ്പൂക്കളുടെ ഉത്സവം തുടങ്ങും. വീടിൻ്റെ വേലികളിലും കാർപോർച്ചിലും പടർന്ന് കയറുന്ന വള്ളികൾ ഒരുമിച്ച് പൂത്തുനിൽക്കുമ്പോൾ പരിസരം മുഴുവൻ ഒരു മഞ്ഞച്ചാരുതയായി മാറും.
കണിക്കൊന്നയെ പോലെ കുലുങ്ങുന്ന പൂക്കളാണ് ഈ ചെടിയുടെ പ്രധാന ആകർഷണം. പൂക്കളുടെ ശാസ്ത്രീയ നാമം അങ്കേറിയ ടൊമെന്റോസ എന്നാണ്. തണ്ടുകളിൽ പൂച്ചയുടെ നഖം പോലെ വളഞ്ഞ മുളകൾ കാണപ്പെടുന്നതിനാലാണ് ഇതിനെ “ക്യാറ്റ്സ് ക്ളോ” എന്ന് വിളിക്കുന്നത്. ഓവൽ ആകൃതിയിലുള്ള ഇലകളും കുലുങ്ങുന്ന മഞ്ഞപ്പൂക്കളും ചേർന്ന് ഈ വള്ളിക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നു.
മാനന്തവാടി സറ ബൂട്ടിക് ഉടമ ലൂയിസും ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഭാര്യ ഷീനയും എട്ട് വർഷം മുമ്പാണ് ഈ തൈകൾ ഇവിടെ നട്ട് വളർത്തിയത്. തുടർച്ചയായി കഴിഞ്ഞ ആറു വർഷമായി മാർച്ച് മാസമാകുമ്പോൾ തന്നെ പൂക്കൾ വിരിഞ്ഞ് വീടും പരിസരവും മഞ്ഞ നിറത്തിൽ മുങ്ങിക്കുളിപ്പിക്കാറുണ്ട്. വള്ളികളിൽ നിന്ന് കൊഴിഞ്ഞു വീണ് നിലത്തു പരക്കുന്ന പൂക്കൾ പോലും കാഴ്ചക്കാർക്ക് വേറിട്ട സൗന്ദര്യമാണ് സമ്മാനിക്കുന്നത്.
ഈ പൂക്കള് നിറയെ പൂവിടുന്നത് കണ്ണിന് തന്നെ ഒരു കുളിര്മ സമ്മാനിക്കുന്നുവെന്ന് ഷീന പറഞ്ഞു. എല്ലാ മാര്ച്ച് മാസത്തിലാണ് ഈ പൂവ് വിടരുന്നത്. നിരവധി ആളുകളാണ് ഇത് കാണാനും ഫോട്ടോ എടുക്കാനുമായി എത്തുന്നത്. എട്ട് വര്ഷത്തോളമായി ചെടി ഇവിടെ കൊണ്ടു വന്നിട്ട്. അന്നു മുതല് നിറയെ പൂക്കള് ഉണ്ടാകുന്നു ഷീന കൂട്ടിച്ചേര്ത്തു.
വീടിൻ്റെ അതിർത്തിയിൽ സുരക്ഷാ വേലിയായി നിലകൊള്ളുന്ന ഈ ചെടികള് ഒരേസമയം പരിസരത്തിന് കുളിർമയും സൗന്ദര്യവും നൽകുന്നു. മഞ്ഞപ്പൂക്കളുടെ ഈ മനോഹര കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി പേരാണ് ഇപ്പോൾ ബോഗൻവില്ല എന്ന ഈ വീട്ടിലേക്ക് എത്തുന്നത്. പ്രകൃതിയുടെ ഈ മഞ്ഞ വസന്തം മാനന്തവാടിയുടെ ബൈപ്പാസ് റോഡിന് പുതിയൊരു ദൃശ്യസൗന്ദര്യം കൂടി പകർന്നു നൽകുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR