സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിച്ചതോടെ സിനിമാ ചിത്രീകരണ മേഖലയിൽ കടുത്ത പ്രതിസന്ധി
Ernakulam , 14 മാര്ച്ച് (H.S.) സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിച്ചതോടെ സിനിമാ ചിത്രീകരണ മേഖലയിൽ കടുത്ത പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. എല്ലാ മേഖലകളെയും പോലെ സിനിമയുടെ അണിയറയിലെ അടുക്കളകളെയും പാചകവാതകക്ഷാമം സാരമായി ബാധിച്ചുതുടങ്ങി. നിലവിൽ മലയാ
Malayalam movie


Ernakulam , 14 മാര്ച്ച് (H.S.)

സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിച്ചതോടെ സിനിമാ ചിത്രീകരണ മേഖലയിൽ കടുത്ത പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. എല്ലാ മേഖലകളെയും പോലെ സിനിമയുടെ അണിയറയിലെ അടുക്കളകളെയും പാചകവാതകക്ഷാമം സാരമായി ബാധിച്ചുതുടങ്ങി. നിലവിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പത്തോളം ചിത്രങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണം തുടരുന്നത്.

ഒരു ശരാശരി സിനിമാ സെറ്റിൽ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളുമടക്കം 250 മുതൽ 300 വരെ അംഗങ്ങളുണ്ടാകും. ഇത്രയും പേർക്ക് മൂന്നുനേരം ഭക്ഷണം എത്തിക്കുക എന്നത് ഏതൊരു നിർമ്മാണ കമ്പനിയുടെയും പ്രാഥമിക ഉത്തരവാദിത്തമാണ്. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ രണ്ടായിരത്തോളം വരുന്ന സിനിമാ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ വിറകടുപ്പുകളിലേക്ക് മടങ്ങുകയാണ് സിനിമാ ലോകം.

വിറകടുപ്പിൽ വിരിയുന്ന സിനിമാ വിഭവങ്ങൾ

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ സെറ്റിലും പാചകവാതകക്ഷാമം ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ പണ്ടുമുതലേ മലയാള സിനിമയിൽ പിന്തുടരുന്ന വിറകടുപ്പ് രീതി ഈ ഘട്ടത്തിൽ തുണയായെന്ന് പ്രമുഖ മെസ്സ് സൂപ്പർവൈസർ മോഹൻ (മെസ് മോഹൻ) പറഞ്ഞു.

നിലവിൽ എറണാകുളത്ത് ചിത്രീകരണം തുടരുന്ന ഈ സെറ്റിൽ 300-ഓളം പേർക്ക് ഭക്ഷണം പാകം ചെയ്യാൻ പൂർണ്ണമായും ഗ്യാസിനെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രധാന വിഭവങ്ങൾ വിറകടുപ്പിൽ പാകം ചെയ്യുകയും ചിക്കൻ കറി പോലുള്ള ചില വിഭവങ്ങൾക്ക് മാത്രം ഗ്യാസ് ഉപയോഗിക്കുകയും ചെയ്യുന്നതാണ് തങ്ങളുടെ രീതിയെന്ന് അദ്ദേഹം വിശദമാക്കി.

തൊടുപുഴയിൽ നിന്ന് ചിത്രീകരണം എറണാകുളത്തേക്ക് മാറ്റിയപ്പോൾ കരുതലായി കുറച്ച് സിലിണ്ടറുകൾ എത്തിച്ചിരുന്നത് ഇപ്പോൾ വലിയ സഹായമായിട്ടുണ്ട്. എറണാകുളം ജില്ലയിൽ മൂന്നിടങ്ങളിലായി മെസ്സുകൾ പ്രവർത്തിപ്പിച്ചാണ് ലൊക്കേഷനുകളിലേക്ക് ഭക്ഷണം എത്തിക്കുന്നത്. വിറകിന് വില വർധിച്ചതും നഗരങ്ങളിൽ സ്ഥലം കുറവായതും വെല്ലുവിളിയാണെങ്കിലും ചിത്രീകരണം മുടങ്ങാതിരിക്കാൻ വിറക് തന്നെയാണ് പ്രധാന ആശ്രയമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതരഭാഷാ ചിത്രങ്ങളുടെ ആശങ്ക

മലയാള സിനിമകൾ ഈ സാഹചര്യം ഒരുവിധം അതിജീവിക്കുമ്പോഴും കേരളത്തിൽ ചിത്രീകരണം നടത്തുന്ന തമിഴ്, ഹിന്ദി സിനിമകൾ കടുത്ത പ്രതിസന്ധിയിലാണ്. ഇവരുടെ ഭക്ഷണരീതിയിൽ പല വിഭവങ്ങളും നിർബന്ധമായും ഗ്യാസ് ഉപയോഗിച്ച് പാകം ചെയ്യേണ്ടവയാണ്. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന ഒരു ഹിന്ദി സിനിമയുടെ പ്രവർത്തകർ ഗ്യാസ് സിലിണ്ടറുകൾക്കായി തങ്ങളെ ബന്ധപ്പെട്ടിരുന്നതായി മെസ് മോഹൻ പറഞ്ഞു. ഗ്യാസ് ഏജൻസികൾ ഫോൺ എടുക്കാത്ത അവസ്ഥയാണെന്നും സിലിണ്ടറുകൾ ലഭ്യമായില്ലെങ്കിൽ ഇതരഭാഷാ ചിത്രങ്ങളുടെ ഭക്ഷണ വിതരണം തടസ്സപ്പെട്ടേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ചിത്രീകരണം മുടങ്ങില്ലെന്ന് നിർമ്മാതാക്കൾ

നിലവിലെ സാഹചര്യത്തിൽ ഒരു മലയാള സിനിമയും ചിത്രീകരണം നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് ഇ ടിവി ഭാരതിനോട് പറഞ്ഞു. ഫെഫ്ക മെസ്സ് വർക്കേഴ്സ് യൂണിയനിൽ നിർമ്മാതാക്കൾക്ക് വലിയ വിശ്വാസമുണ്ട്. പാചകവാതക ലഭ്യത കുറഞ്ഞാൽ വിഭവങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയും പൂർണ്ണമായും വിറകിലേക്ക് മാറിയും മുന്നോട്ട് പോകാൻ മെസ്സ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈദ്യുതി ഉപയോഗിച്ച് ഇത്രയും വലിയ ജനവിഭാഗത്തിന് ഭക്ഷണം പാകം ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാൽ വിറക് തന്നെയാണ് ഏക പോംവഴി. വിറകിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ സവിശേഷമായ രുചി ഇഷ്ടപ്പെടുന്നവർ ഇപ്പോഴും സിനിമയിലുണ്ടെന്നും അതുകൊണ്ട് തന്നെ ഈ മാറ്റം ചിത്രീകരണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രണ്ടുമൂന്നു ദിവസത്തേക്കുള്ള സജ്ജീകരണങ്ങൾ മെസ്സുകളിലുണ്ട്. പ്രതിസന്ധി നീണ്ടുപോയാൽ മെനുവിൽ മാറ്റങ്ങൾ വരുത്തിയും വിറകിനെ പൂർണ്ണമായും ആശ്രയിച്ചും മുന്നോട്ട് പോകാനാണ് സിനിമാ സംഘടനകളുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News