Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മാര്ച്ച് (H.S.)
ബെവ്കോയുടെ ആദ്യ വനിത സിഎംഡി ഹര്ഷിത അട്ടല്ലൂരിയെ തത്സ്ഥാനത്തുനിന്നു നീക്കി സര്ക്കാര് ഉത്തരവ്. എക്സൈസ് കമ്മിഷണറായിരുന്ന എഡിജിപി എംആർ അജിത്കുമാറാണ് പുതിയ ബെവ്കോ സിഎംഡി. ഹര്ഷിത അട്ടല്ലൂരിയെ ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി ഐജിയായി മാറ്റി നിയമിച്ചു.
ഐഎഎസ് അസോസിയേഷൻ്റെ നിയമപോരാട്ടം
ഐഎഎസ് ഉദ്യോഗസ്ഥരുടെ കേഡര് പോസ്റ്റുകളായി വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളില് ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷനും ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകും ജി പ്രിയങ്കയും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്നിന്ന് അനുകൂല വിധി നേടിയിരുന്നു. ഇതോടെ എക്സൈസ് കമ്മിഷണര് സ്ഥാനത്തുനിന്ന് എഡിജിപിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ എംആർ അജിത്കുമാറിനും ഐഎംജി ഡയറക്ടര് സ്ഥാനത്തുനിന്ന് മുന് ചീഫ് സെക്രട്ടറി കെ ജയകുമാറിനും സ്ഥാനമൊഴിയേണ്ടിവന്നു. ഇതു പരിഗണിച്ചാണ് എംആർ അജിത്കുമാറിന് ഐപിഎസ് ഉദ്യോഗസ്ഥരുടെ തസ്തികയായ ബെവ്കോ സിഎംഡിയായി ഉടനടി നിയമനം നല്കി സര്ക്കാര് ഉത്തരവു പുറപ്പെടുവിച്ചത്.
വനിത പ്രാതിനിധ്യവും പരിഷ്കാരങ്ങളും
നാല്പതു വര്ഷം നീണ്ട ബെവ്കോ ചരിത്രത്തില് ആദ്യമായാണ് ഒരു വനിത സിഎംഡി സ്ഥാനത്തേക്കു വരുന്നത്. 2024 ഓഗസ്റ്റിൽ ഈ സ്ഥാനത്ത് നിയമിതയായ അട്ടല്ലൂരി, തൻ്റെ കാലാവധി രണ്ടു വര്ഷം പൂര്ത്തിയാക്കാന് വെറും നാലുമാസം അവശേഷിക്കേയാണ് പടിയിറങ്ങുന്നത്. ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി ഐജി എന്ന തികച്ചും അപ്രധാനമായ തസ്തികയിലേക്കാണ് ഇവരെ മാറ്റിയത്. ബിവറേജസ് കോർപറേഷനിൽ വലിയ നവീകരണ നടപടികള്ക്കും പരിഷ്കാരങ്ങള്ക്കും തുടക്കമിട്ട ശേഷമാണ് ഈ സ്ഥാനമാറ്റം. ഉപഭോക്താക്കള്ക്ക് മികച്ച വാങ്ങല് അനുഭവം ഉറപ്പാക്കുന്നതിനായി സൂപ്പര്പ്രീമിയം ഔട്ട്ലെറ്റുകള്ക്ക് അവർ തുടക്കമിട്ടിരുന്നു.
ജീവനക്കാരുടെ ക്ഷേമവും ഓൺലൈൻ മദ്യവിൽപനയും
കോർപറേഷനിലെ വനിത ജീവനക്കാര്ക്ക് രാത്രികാലങ്ങളില് ജോലി കഴിഞ്ഞു മടങ്ങുമ്പോൾ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക കായിക പരിശീലനം ഏര്പ്പെടുത്തിയിരുന്നു. കൂടാതെ കോർപറേഷൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന ബോണസ് കഴിഞ്ഞ ഓണക്കാലത്ത് വിതരണം ചെയ്തതും ഇവരുടെ നേതൃത്വത്തിലാണ്. സ്വിഗ്ഗി വഴി മദ്യം ഓണ്ലൈനായി വീടുകളിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്ത്തിയാക്കിയിരുന്നെങ്കിലും, ഇതിനെതിരെ വലിയ തോതിൽ എതിര്പ്പുയര്ന്നതിനെത്തുടര്ന്ന് സര്ക്കാര് ഈ പദ്ധതിക്ക് അനുമതി നല്കിയിരുന്നില്ല.
എക്സൈസ് കമ്മിഷണർ പദവിയിലെ മാറ്റങ്ങൾ
തുടക്കത്തില് ബെവ്കോ സിഎംഡി ആയിട്ടായിരുന്നു അട്ടല്ലൂരിയുടെ നിയമനമെങ്കിലും പിന്നീട് എക്സൈസ് കമ്മിഷണറായിരുന്ന എംആർ അജിത്കുമാറിനെ ആ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. പിന്നാലെ സിഎടി വിധി പ്രതികൂലമായതോടെ അജിത്കുമാറിന് എക്സൈസ് കമ്മിഷണര് പദവി ഒഴിയേണ്ടിവന്നത് സര്ക്കാരിനു വലിയ ക്ഷീണമുണ്ടാക്കി.
ഒന്നാം പിണറായി സര്ക്കാരിൻ്റെ കാലത്ത് 2017ലാണ് എക്സൈസ് കമ്മിഷണര് പദവിയിലേക്ക് ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. അതുവരെ ഈ പദവിയില് ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ഋഷിരാജ് സിങ് ആയിരുന്നു എക്സൈസ് കമ്മിഷണര് പദവിയിലെത്തിയ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥന്. അദ്ദേഹം വിരമിച്ചതോടെ എഡിജിപി മഹിപാല് യാദവ് ആ പദവിയിലെത്തി. അദ്ദേഹം ആ സ്ഥാനത്തിരിക്കെ അസുഖബാധിതനായി മരിച്ചതോടെയാണ് എഡിജിപിയായിരുന്ന എംആർ അജിത്കുമാര് എക്സൈസ് കമ്മിഷണര് സ്ഥാനത്തേക്ക് എത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR