തിരുവനന്തപുരത്ത് പ്രതാപവുമായി 'വിൻ്റേജ്' ബസ്, ഓർമകൾ പുതുക്കി യാത്രക്കാർ
Thiruvananthapuram , 14 മാര്ച്ച് (H.S.) ഓർമകളുടെ ചില്ലുകൾക്കിടയിലൂടെ പഴയകാലത്തേക്ക് ഒരു യാത്ര! തിരുവനന്തപുരം നഗരത്തിൻ്റെ നിരത്തുകളിൽ കാലം വീണ്ടും പുറകോട്ട് സഞ്ചരിക്കുകയാണ്. പഴമയുടെ പ്രൗഢിയുമായി കെഎസ്ആർടിസിയുടെ ''വിൻ്റേജ്'' ബസ് സർവീസ് ആരംഭിച്ചതോട
Vintage bus


Thiruvananthapuram , 14 മാര്ച്ച് (H.S.)

ഓർമകളുടെ ചില്ലുകൾക്കിടയിലൂടെ പഴയകാലത്തേക്ക് ഒരു യാത്ര! തിരുവനന്തപുരം നഗരത്തിൻ്റെ നിരത്തുകളിൽ കാലം വീണ്ടും പുറകോട്ട് സഞ്ചരിക്കുകയാണ്. പഴമയുടെ പ്രൗഢിയുമായി കെഎസ്ആർടിസിയുടെ 'വിൻ്റേജ്' ബസ് സർവീസ് ആരംഭിച്ചതോടെ, തിരുവനന്തപുരത്തെ പഴയതലമുറയ്ക്ക് അതൊരു മനോഹരമായ തിരിച്ചുപോക്കാണ്, പുതുതലമുറയ്ക്ക് അതൊരു കൗതുകക്കാഴ്ചയും. പച്ച നിറവും മുൻവശത്തെ വിഭജിച്ച ചില്ലുകളും, കവടിയാർ-പേരൂർക്കട ബോർഡുകളുമൊക്കെയായി പഴയ അശോക് ലേയ്ലാൻഡ് ബസുകളെ അനുസ്മരിപ്പിക്കുന്ന വിൻ്റേജ് ബസാണ് നഗരത്തിൽ സർവീസ് ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴേകാലോടെ പേരൂര്ക്കട ഡിപ്പോയില്നിന്നു തുടങ്ങിയ ആദ്യ സര്വീസ് 7.50 ഓടെ കിഴക്കേക്കോട്ടയിലെത്തി. ആദ്യ ദിവസംതന്നെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ സ്വീകാര്യതയാണ് ബസിനു ലഭിച്ചത്. തൻ്റെ യൗവനത്തിലേക്കൊരു തിരിച്ചുപോക്കാണ് ബസ് സമ്മാനിച്ചതെന്നും ഇനിയും ബസില് യാത്ര ചെയ്യുമെന്നും യാത്രക്കാരന് പാര്ഥസാരഥി പറഞ്ഞു. കേട്ടു മാത്രം പരിചയമുള്ള പഴയകാലത്തിലേക്കു പോകാന് സാധിച്ചതിൻ്റെ സന്തോഷത്തിലാണ് വിദ്യാര്ഥിയായ ആദില്ഷാ. വിൻ്റേജ് ബസ് കണ്ടപ്പോള്തന്നെ കയറുകയായിരുന്നെന്നും ആദില്ഷാ പറഞ്ഞു.

യാത്രക്കാരെപോലെ തന്നെ ആവേശത്തിലാണ് ബസിലെ ജീവനക്കാരും. പേരൂര്ക്കട ഡിപ്പോയില് വെഹിക്കിള് സൂപ്പര്വൈസറായി ജോലി ചെയ്യുന്ന ഗോപാലകൃഷ്ണന് ഡ്യൂട്ടി ചോദിച്ചുവാങ്ങിയാണ് വിൻ്റേജ് ബസ് ഓടിക്കാന് കഴിഞ്ഞ ദിവസം എത്തിയത്. തൻ്റെ കുട്ടിക്കാലത്തു കണ്ടിരുന്നത് ഈ മോഡല് ബസുകളായിരുന്നു. താന് ഡ്രൈവിങ് പഠിച്ചതും ഈ മോഡല് ബസിലാണ്. ഒരിക്കല് കൂടി ഈ ബസ് ഓടിക്കാന് സാധിക്കുമെന്നു കരുതിയതല്ല, സാധിച്ചതില് സന്തോഷമുണ്ട്. കയറുന്ന യാത്രക്കാരെല്ലാം ഹാപ്പിയാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. വിൻ്റേജ് ബസിലെ യാത്ര പൊളിയാണെന്നും ആളുകള് കൗതുകത്തോടെയാണ് ബസ് നോക്കി നില്ക്കുന്നതെന്നും കണ്ടക്ടര് അനു ചന്ദ്രനും സാക്ഷ്യപ്പെടുത്തുന്നു.

വൈകിട്ട് 6.15 ന് കിഴക്കേക്കോട്ടയില്നിന്ന് പേരൂര്ക്കടയിലേക്കു ബസ് തിരിക്കും. 7.15-നു പേരൂര്ക്കടയിലെത്തുന്നതോടെ വെള്ളിയാഴ്ചത്തെ സര്വീസ് അവസാനിക്കും. 12 രൂപയാണ് കുറഞ്ഞ നിരക്ക്. വ്യാഴാഴ്ച കവടിയാര് കൊട്ടാരത്തിനു മുന്പിലാണ് ഗതാഗതമന്ത്രി ബി ഗണേഷ്കുമാര് ബസ് ഉദ്ഘാടനം ചെയ്തത്. ബസ് സര്വീസ് നടത്തുന്ന റൂട്ട് നിശ്ചയിച്ചെങ്കിലും ഷെഡ്യൂല് നിശ്ചയിച്ചിട്ടില്ല.

ഉപയോഗിച്ചുകൊണ്ടിരുന്ന പുതിയ മോഡല് കെഎസ്ആര്ടിസി ബസിൻ്റെ ബോഡിയില് മാറ്റം വരുത്തിയാണ് വിൻ്റേജ് ബസ് തയാറാക്കിയത്. പാപ്പനംകോട് സെന്ട്രല് വര്ക്സിലാണ് വിൻ്റേജ് ബസിനെ പുനഃസൃഷ്ടിച്ചത്. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതിനൊപ്പം, കല്യാണ ആവശ്യങ്ങൾക്കും സിനിമാ ഷൂട്ടിങ്ങുകൾക്കും ഈ ബസ് വാടകയ്ക്ക് നൽകാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News