Enter your Email Address to subscribe to our newsletters

Kozhikode , 14 മാര്ച്ച് (H.S.)
മലബാറിലെ ട്രെയിൻ യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യം റെയിൽവേ അംഗീകരിച്ചു. മംഗളൂരു വഴിയുള്ള കണ്ണൂർ - കെ.എസ്.ആർ. ബെംഗളൂരു സിറ്റി എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടി. കണ്ണൂരിനും ബെംഗളൂരുവിനുമിടയിലുള്ള സമയക്രമത്തിൽ മാറ്റം വരുത്താതെയാണ് സർവീസ് നീട്ടിയത്. കോച്ചുകളുടെ എണ്ണവും മാറ്റമില്ലാതെ തുടരും.
ബെംഗളൂരുവിൽ നിന്ന് രാവിലെ 10.55-ന് കണ്ണൂരിലെത്തുന്ന 16511 നമ്പർ ട്രെയിൻ 11.00-ന് കോഴിക്കോട്ടേക്ക് പുറപ്പെടും. തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58) സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെയിൻ ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട്ടെത്തും.
തിരികെ വൈകിട്ട് 3.30-ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന 16512 നമ്പർ ട്രെയിനിന്റെ സമയക്രമം ഇപ്രകാരമാണ്: കൊയിലാണ്ടി (3.52), വടകര (4.12), തലശ്ശേരി (4.34), കണ്ണൂർ (5.00). ബെംഗളൂരു - കോഴിക്കോട് ട്രെയിൻ മാർച്ച് 15 മുതലും തിരിച്ചുള്ള സർവീസ് 16 മുതലും നിലവിൽ വരും. കോഴിക്കോട്ട് നിന്നുള്ള ബെംഗളൂരു യാത്രക്കാർക്ക് ഈ തീരുമാനം ഏറെ ഉപകാരപ്രദമാകും.
കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമായി രണ്ട് പകൽ ട്രെയിനുകളുടെ ഗുണം ലഭിക്കുന്ന തീരുമാനമാണിത്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും നടപ്പായിരുന്നില്ല. ദക്ഷിണ പശ്ചിമ റെയിൽവേയുടെ പുതിയ അറിയിപ്പ് ഇത്തവണയെങ്കിലും നടപ്പാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഇത് കോഴിക്കോട് - കണ്ണൂർ റൂട്ടിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.
ബെംഗളൂരുവിൽ നിന്ന് രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന ട്രെയിൻ വൈകിട്ട് 5 മണി വരെ അവിടെത്തന്നെ നിർത്തിയിടുന്നതിന് പകരം കോഴിക്കോട്ടേക്ക് നീട്ടുന്നത് യാത്രക്കാർക്ക് ഗുണകരമാകുമെന്ന് നേരത്തെ തന്നെ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ബുക്കിങ് വർധിപ്പിക്കാനും അതുവഴി സർവീസ് സ്ഥിരപ്പെടുത്താനും ഈ തീരുമാനം സഹായിക്കും.
മലബാറിൽ നിന്നുള്ള ബെംഗളൂരു യാത്രാക്ലേശത്തിന് ഇത് ചെറിയൊരളവിലെങ്കിലും ആശ്വാസം പകരുമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഈ ട്രെയിൻ സർവീസ് നീട്ടുന്നതിനായി 2023 നവംബറിൽ എം.പി. എന്ന നിലയിൽ ജനറൽ മാനേജരുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് എൻ.ഒ.സി. (NOC) ലഭ്യമായതും റെയിൽവേ പച്ചക്കൊടി കാട്ടിയതും. 2024 ഫെബ്രുവരിയിൽ സർവീസ് നീട്ടി ഉത്തരവിറങ്ങിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നടപ്പാക്കിയില്ല. റെയിൽവേ മന്ത്രാലയത്തിലും പാർലമെന്റിലും നിരന്തരമായി നടത്തിയ ശ്രമത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും എം.കെ. രാഘവൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR