Enter your Email Address to subscribe to our newsletters

Kottayam , 14 മാര്ച്ച് (H.S.)
കേരള സർവകലാശാല താത്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മലിൻ്റെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. എസ്എഫ്ഐ നേതാക്കൾ ലഹരിക്കടിമകളാണെന്ന വിസിയുടെ ആരോപണം അദ്ദേഹത്തിൻ്റെ മനോനില തെറ്റിയതുകൊണ്ടാണെന്നും അടിയന്തരമായി മനോരോഗ വിദഗ്ധൻ്റെ മുന്നിലെത്തിക്കാൻ ലോക്ഭവൻ തയാറാകണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. വിസി നിലവിലെ നിലപാടുമായി മുന്നോട്ടു പോവുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി അദ്ദേഹത്തിൻ്റെ ഓഫിസിലേക്ക് കടന്നുവരുമെന്ന് എസ്എഫ്ഐ നേതാക്കൾ മുന്നറിയിപ്പ് നൽകി.
ആർഎസ്എസ് അജൻഡ നടപ്പാക്കുന്നുസർവകലാശാലയെ സംഘപരിവാർ തൊഴുത്തിൽ കെട്ടാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമാണ് വിസി ശ്രമിക്കുന്നത്. രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂഷനായ കേരള സർവകലാശാലയുടെ വിസി സ്ഥാനത്തിരിക്കാൻ യാതൊരുവിധ അക്കാദമിക് യോഗ്യതയുമില്ലാത്ത വ്യക്തിയാണ് മോഹനൻ കുന്നുമ്മലെന്നും സഞ്ജീവ് ആരോപിച്ചു. യോഗ്യത മറികടന്ന് ആർഎസ്എസ് പ്രവർത്തകരെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ എസ്എഫ്ഐ സമരം നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി സർവകലാശാലയിൽ ആർഎസ്എസ് അജൻഡകൾ നടപ്പാക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിച്ചതിനെയും സംഘടന എതിർത്തു. ഇതിൻ്റെ പേരിൽ മുൻ രജിസ്ട്രാറെ അകാരണമായി പുറത്താക്കിയതിനെതിരെ പ്രതിഷേധിച്ചതാണോ തങ്ങൾ ചെയ്ത കുറ്റമെന്നും നേതാക്കൾ ചോദിക്കുന്നു.
തുടർച്ചയായ തിരിച്ചടികൾസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാതെ വിസി മാറിനിൽക്കുന്നതുമൂലം വിദ്യാർഥികളുടെ പരീക്ഷകൾ മുടങ്ങുകയും നിരവധി സർട്ടിഫിക്കറ്റുകൾ ഒപ്പിടാതെ കെട്ടിക്കിടക്കുകയുമാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന യൂണിയനെ റദ്ദാക്കിയ നടപടി ഹൈക്കോടതി തള്ളിയതുൾപ്പെടെ വിസിക്ക് വലിയ തിരിച്ചടിയായി. ഇതിൻ്റെ നിരാശ തീർക്കേണ്ടത് തങ്ങളോടല്ലെന്നും രാജ്ഭവനിലിരിക്കുന്ന ഗവർണറുടെ മുന്നിലാണെന്നും എസ്എഫ്ഐ വ്യക്തമാക്കി.
എസ്എഫ്ഐയെ ഇല്ലാതാക്കാൻ ശ്രമംസംഘടനയുടെ പൈതൃകത്തെയും സംസ്കാരത്തെയുമാണ് വിസി ചോദ്യം ചെയ്യുന്നത്. മികച്ച സംഘടനാ പ്രവർത്തനവും കാലികമായ നയസമീപനങ്ങളും കൊണ്ടാണ് കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും എസ്എഫ്ഐ വിജയിക്കുന്നത്. യാതൊരുവിധ തെറ്റായ പ്രവണതകൾക്കും നേതൃത്വം നൽകാത്തതിനാലാണ് അഭിമാനത്തോടെ പ്രവർത്തിക്കാൻ കഴിയുന്നതെന്ന് വ്യക്തമാക്കിയ നേതാക്കൾ, സമരത്തെ ഭയന്ന് അനാവശ്യ വാദങ്ങൾ ഉന്നയിക്കാതെ മോഹനൻ കുന്നുമ്മൽ യഥാർഥ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും എത്തിയ ആർഎസ്എസ് പ്രതിനിധികൾ സർവകലാശാലയിൽ അവരുടെ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുന്ന എസ്എഫ്ഐയെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. കെഎസ്യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ നിശബ്ദരായതുകൊണ്ടാണ് അവർക്കെതിരെ വിമർശനമില്ലാത്തത്. എന്നാൽ തങ്ങൾ നിശബ്ദരാവില്ലെന്നും വിസിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിസി സ്ഥാനമൊഴിയണംതെറ്റായ കാര്യങ്ങൾ ആരോപിക്കുന്നതിന് തെളിവുണ്ടെങ്കിൽ അത് പുറത്തുവിടാൻ എസ്എഫ്ഐ വെല്ലുവിളിച്ചു. സമരം ചെയ്യുന്നവരെ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കാൻ വിസിക്ക് അവകാശമില്ല. യഥാർഥത്തിൽ നാടിനെതിരായി പ്രവർത്തിക്കുന്നത് ആർഎസ്എസ് ആണ്. വിദ്യാർഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന മോഹനൻ കുന്നുമ്മലിൻ്റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ല. അദ്ദേഹം തൻ്റെ പ്രസ്താവനകൾ തിരുത്തണമെന്നും അടിയന്തരമായി താത്കാലിക വിസി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
പുതിയ ഉത്തരവ് തള്ളുന്നുസർവകലാശാല യൂണിയനുകളും കോളജ് ഡിപ്പാർട്ട്മെൻ്റ് യൂണിയനുകളും സംഘടിപ്പിക്കുന്ന പരിപാടികളിലെ അതിഥികളുടെ വിവരങ്ങൾ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങണമെന്ന വിസിയുടെ പുതിയ ഉത്തരവിനെയും എസ്എഫ്ഐ തള്ളി. ഇത്തരം ഉത്തരവുകൾ കാമ്പസുകളിൽ നടപ്പാക്കാൻ പോകുന്നില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. ആർഎസ്എസിന് താത്പര്യമില്ലാത്ത മതനിരപേക്ഷവാദികളും ജനാധിപത്യവാദികളുമായ ആളുകൾ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് വിസി ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭരണഘടനാപരമായി ജീവിക്കുന്നവർ സംസാരിക്കരുതെന്ന് പറയാൻ അദ്ദേഹത്തിന് അധികാരമില്ല. വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന യൂണിയനുകൾക്ക്, അവർക്ക് താത്പര്യമുള്ളവരെ പങ്കെടുപ്പിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കഴിയുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR