ശബരിമല സ്ത്രീപ്രവേശനം;വിശ്വാസികളെ ചേർത്തുപിടിച്ചും കോടതി വിധി കാത്തുനിന്നും സമവായത്തിന്റെ പാത സ്വീകരിക്കുമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി
Thiruvananthapuram , 14 മാര്ച്ച് (H.S.) ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികളെ ചേർത്തുപിടിച്ചും കോടതി വിധി കാത്തുനിന്നും സമവായത്തിന്റെ പാത സ്വീകരിക്കുമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കി. പാർട്ടിയുടെ സൈദ്ധാന്തിക നിലപാട
M A Baby


Thiruvananthapuram , 14 മാര്ച്ച് (H.S.)

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികളെ ചേർത്തുപിടിച്ചും കോടതി വിധി കാത്തുനിന്നും സമവായത്തിന്റെ പാത സ്വീകരിക്കുമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കി. പാർട്ടിയുടെ സൈദ്ധാന്തിക നിലപാടുകൾ സർക്കാരിൽ അടിച്ചേൽപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനങ്ങൾക്കേ പ്രസക്തിയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

പാർട്ടിയുടെ നയപരമായ കാഴ്ചപ്പാടുകൾ അതേപടി നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും ഭരണപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വിശ്വാസികളുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്നുമാണ് എം.എ. ബേബി വ്യക്തമാക്കുന്നത്.

പാർട്ടിയുടെ ആദർശങ്ങളും സർക്കാരിന്റെ ഭരണനിർവഹണവും രണ്ട് വ്യത്യസ്ത തലങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെയും നിർബന്ധപൂർവ്വം മാറ്റുക എന്നത് പാർട്ടിയുടെ രീതിയല്ലെന്നും, സാമൂഹികമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് ബോധ്യപ്പെടുത്തലുകളിലൂടെയും നിരന്തരമായ ചർച്ചകളിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ശബരിമല വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ബേബി.

വിഷയം നിലവിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലായതിനാൽ അന്തിമ വിധി വന്നതിനുശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകൂ. വിധി എന്തുതന്നെയായാലും അത് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എങ്കിലും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും ഭക്തജനങ്ങളുമായും ചർച്ച ചെയ്ത് സമവായമുണ്ടാക്കിയ ശേഷമേ ഏതൊരു തീരുമാനവും നടപ്പിലാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി

സമാനമായ നിലപാട് തന്നെയാണ് മന്ത്രി വി.എൻ. വാസവനും ആവർത്തിച്ചത്. ശബരിമലയിൽ വിശ്വാസികളുടെ താൽപ്പര്യങ്ങൾ പരിരക്ഷിച്ചുകൊണ്ട് മാത്രമേ സർക്കാർ മുന്നോട്ട് പോകുകയുള്ളൂവെന്നും ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലാഭത്തിനായി ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് ശരിയല്ലെന്നും, സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു. ആരെയും നിർബന്ധിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകില്ലെന്നും എല്ലാ വിഭാഗം ആളുകളുമായും ചർച്ച ചെയ്ത് സമവായമുണ്ടാക്കി മാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്കിയ ഇടതുസര്ക്കാര് വിശ്വാസികളുടെ എതിര്പ്പും തെരഞ്ഞെടുപ്പ് തോല്വിയും ഉള്ക്കൊണ്ടാണ് നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലം നല്കാന് തയാറായത്.

കഴിഞ്ഞ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയാണ് പാർട്ടിയെയും എൽഡിഎഫിനെയും നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്. മുൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിലേക്ക് ചുരുങ്ങിയതിലും അയ്യപ്പ സംഗമം, സ്വർണക്കൊള്ള തുടങ്ങിയ വിവാദങ്ങളിലും ഈ ഭരണ, രാഷ്ട്രീയ പ്രതിസന്ധി പ്രകടമായിരുന്നു. ശബരിമല യുവതീപ്രവേശത്തിന് സർക്കാർ നൽകിയ പിന്തുണയും പൊലീസ് സംരക്ഷണവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തുന്നു. 2018ലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ ധൃതി കാണിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് സർക്കാർ ഇപ്പോൾ എത്തിനിൽക്കുന്നത്. ഗൃഹസമ്പർക്ക പരിപാടികളിലൂടെ വിശ്വാസികളുടെ വികാരം തിരിച്ചറിഞ്ഞതോടെ, വിശ്വാസ സംരക്ഷണത്തിൽ വീഴ്ച പറ്റിയെന്ന ഏറ്റുപറച്ചിൽ കൂടിയാണ് പുതിയ മാറ്റം.

മുൻപ് വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ പിണറായി വിജയൻ സർക്കാർ ഇത് തിരുത്തി യുവതീപ്രവേശത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പഴയ പടിയിലേക്ക് മാറ്റുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News