Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മാര്ച്ച് (H.S.)
സംസ്ഥാനത്ത് ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി നഴ്സുമാർ സമരം നടത്തുന്നത്. സമരം വിവിധ ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നടക്കുന്ന സമരം അഞ്ചുദിവസം പിന്നിട്ടു.
വയനാട്ടിൽ സമരം ശക്തം
സമരത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട് മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജിന് സമീപം നഴ്സുമാർ നടത്തുന്ന സമരം ആറാം ദിനത്തിലേക്ക് കടന്നു. വയനാട് മേപ്പാടിയിൽ ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളജിന് സമീപത്താണ് നഴ്സുമാർ കുത്തിയിരിപ്പ് സമരം നടത്തുന്നത്. നൂറുകണക്കിന് നഴ്സുമാർ സമരത്തിൽ പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. ന്യായമായ ആവശ്യങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും അത് പരിഹരിക്കുന്നതിനുപകരം സമരം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സമരക്കാർ ആരോപിക്കുന്നു.
ഇത് ഞങ്ങളുടെ അവകാശ സമരമാണ്. ഞങ്ങളുടെ അവകാശ സമരത്തിന് എതിരെ പ്രവർത്തിക്കുന്ന മാനേജ്മെൻ്റിലെ ഒരുപാട് ആളുകളുണ്ട്. അവർ ഞങ്ങൾക്കെതിരെ പ്രയോഗിച്ച ഒരു പ്രചരണം എന്ന് പറഞ്ഞാൽ, ന്യൂറോ സർജറിയും ഗ്യാസ്ട്രോ സർജറിയും വരെ സൗജന്യമായി ഗവർൺമെൻ്റ് സർവീസ് നടത്തുന്നുണ്ട് എന്നാണ്. എവിടെയാണ് ഇങ്ങനെ നടത്തുന്നത്. ഇതൊക്കെ വൻ ലക്ഷങ്ങൾ വാങ്ങിച്ച് തന്നെയാണ് നടത്തുന്നത്. എന്നിട്ടാണ് ശമ്പള പരിഷ്ക്കരണത്തിനെതിരെ പലതരത്തിലുള്ള നുണകൾ പ്രചരിപ്പിക്കുന്നത്. ഇതെല്ലാം ഞങ്ങളെ അടിച്ചുതാഴ്ത്താൻ ശ്രമിക്കുന്ന പ്രവണതകളാണ്, എന്ന് സമരത്തിൽ പങ്കെടുക്കുന്ന അനിൽ പറയുന്നു.
ദിവസങ്ങളായി സമരം തുടരുന്നുണ്ടെങ്കിലും ചർച്ചയ്ക്ക് പോലും മാനേജ്മെൻ്റ് തയ്യാറാകുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം. ആശുപത്രികൾക്ക് സൽപേരുണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് നഴ്സുമാരെന്നും അവരുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും തയ്യാറാകാതെ മാനേജ്മെൻ്റ് മുന്നോട്ടുപോകുകയാണെന്നും സമരക്കാർ പറഞ്ഞു. ആവശ്യങ്ങൾ അവഗണിച്ചാൽ സമരത്തിൻ്റെ രീതി കൂടുതൽ ശക്തമാക്കുമെന്നും നഴ്സുമാർ മുന്നറിയിപ്പ് നൽകി.
ശവപ്പെട്ടിയിൽ കിടന്ന് സമരം
അതേസമയം, ശമ്പള വർധനവ് ആവശ്യപ്പെട്ട് കോട്ടയം കാരിത്താസ് ആശുപത്രിക്ക് മുൻപിൽ നഴ്സുമാർ നടത്തുന്ന സമരം അഞ്ച് ദിവസം പിന്നിട്ടു. അഞ്ചു ദിവസം കഴിഞ്ഞിട്ടും മാനേജ്മെൻ്റ് ചർച്ചയ്ക്ക് തയാറായിട്ടില്ല എന്ന് സമരക്കാർ ആരോപിച്ചു. ആശുപത്രിക്ക് മുന്നിൽ യുഎൻഎ യൂണിറ്റ് പ്രസിഡൻ്റ് അൻസു ജോസഫ് ശവപ്പെട്ടിയിൽ കിടന്നാണ് പ്രതിഷേധിക്കുന്നത്.
ഞങ്ങൾ അഞ്ച് ദിവസമായി സമരത്തിലാണ്. സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നിട്ടും മാനേജ്മെൻ്റ് ഞങ്ങൾക്ക് നേരെ തിരിഞ്ഞ് നോക്കിയിട്ടില്ല. പലതരത്തിലും ഞങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. മനപ്പൂർവ്വം ജോലി കളയാനോ ഒന്നിനും അല്ല. ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിയും ആരുടെയും അടിമകളായിരിക്കാതിരിക്കാനും വേണ്ടിയാണ് ഈ സമരം നടത്തുന്നത്. എന്നാൽ രാഷ്ട്രീയ,സാമൂഹിക,മതപരമായി എല്ലാവരും ഞങ്ങളുടെ ആവശ്യം എതിർക്കുകയാണ്. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ ഞങ്ങളെ തകർക്കുക എന്നതാണ് മാനേജ്മെൻ്റിൻ്റെ ലക്ഷ്യം. അവർ ഞങ്ങളെ ചൂഷണം ചെയ്യുന്നു. ഞങ്ങളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്, എന്ന് സമരക്കാരിയായ നഴ്സ് അൻസു ജോസഫ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസമായി ഞങ്ങൾ സമരത്തിൻ്റെ പിറകെയാണ്. ഇന്നിവിടെയിരിക്കുന്ന ഓരോ നഴ്സുമാർക്കും ശമ്പളം ഇല്ല. അല്ലെങ്കിൽ കൈയിൽ ഇനി എത്ര കിട്ടുമെന്നോ ഇതിൻ്റെ ഭവിഷ്യത്ത് എന്തെന്നോ ഒരു ധാരണയുമില്ല. പക്ഷേ എന്നാലും ഞങ്ങൾ ശക്തമായി സമരത്തിൽ പങ്കെടുക്കും. ഞങ്ങൾ ഈ സംഘടനയെ വിശ്വസിച്ചുകൊണ്ടുമാത്രം നിൽക്കുന്നതാണ്. മാനേജ്മെൻ്റ് ഞങ്ങളുടെ ആവശ്യം അനുവദിച്ച് തരുമെന്ന വിശ്വാസമുണ്ട്, എന്ന് കാരിത്താസ് ആശുപത്രിയിലെ നഴ്സ് ഗോപിക പറഞ്ഞു. അതേസമയം സമരം ഇത്രയധികം ശക്തമായിട്ടും ഇതുവരെ മാനേജ്മെൻ്റ് ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. എന്നാൽ പലരെയും വിളിച്ച് ഡ്യൂട്ടിക്ക് കയറാൻ നിർബന്ധിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത് എന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.
സമരം തകർക്കാൻ മാനേജ്മെൻ്റ് ശ്രമിക്കുകയാണെന്നും നഴ്സുമാർ ആരോപിച്ചു. ജോലിയിൽ തിരികെ കയറണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്തുന്നു. എന്നാൽ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് നഴ്സുമാർ പറയുന്നത്. അതേസമയം സർക്കാർ പ്രഖ്യാപനപ്രകാരം കൂടുതൽ ശമ്പളം നൽകുന്നതായും ജീവനക്കാർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും മാനേജ്മെൻ്റ് അവകാശപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR