Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മാര്ച്ച് (H.S.)
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിൽ, കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയ ആറ് മന്ത്രിസഭാ യോഗങ്ങളിലായി വിവിധ വകുപ്പുകളിൽ ഇടതുസർക്കാർ പുതുതായി രൂപീകരിച്ചത് 1,130 തസ്തികകൾ. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ആയിരത്തിലധികം പുതിയ തസ്തികകൾ രൂപീകരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായുള്ള 5.45 ലക്ഷത്തിലധികം സ്ഥിരം സർക്കാർ ജീവനക്കാർക്ക് ഒരു വർഷം ശമ്പളം നൽകാൻ 44,114.35 കോടി രൂപയാണ് വേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷവും കേന്ദ്രസർക്കാരിൽ നിന്ന് കടമെടുത്താണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തസ്തിക രൂപീകരണം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകിടം മറിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശമ്പളം നൽകാൻ വേണ്ട 44,114.35 കോടി രൂപയിൽ 12,513.60 കോടി രൂപ എയ്ഡഡ് ജീവനക്കാരുടെ ശമ്പളത്തിനായാണ് മാറ്റിവയ്ക്കുന്നത്. എയ്ഡഡ് ജീവനക്കാരുടെ ശമ്പളം ഒഴിവാക്കിയാൽ സർക്കാർ ജീവനക്കാർക്ക് മാത്രം വേണ്ടത് 31,600.75 കോടി രൂപയാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, വിവിധ ബോർഡ് ചെയർമാൻമാർ, അംഗങ്ങൾ, ജുഡീഷ്യൽ അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ശമ്പളം നൽകുന്നത് ഈ തുകയിൽ നിന്നാണ്. സർക്കാർ ജീവനക്കാരല്ലാത്ത ഇവരുടെയെല്ലാം ശമ്പളത്തിനായി മാത്രം ഒരു വർഷം ഏകദേശം 6,600 കോടി രൂപയെങ്കിലും ആവശ്യമാണ്.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് 4,000 കോടി രൂപ കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നു. ഓഗസ്റ്റ് 26-ന് 3,000 കോടി കടമെടുത്ത് ഒരാഴ്ച തികയും മുൻപാണ് വീണ്ടും ഭീമമായ തുക കടമെടുക്കാൻ തീരുമാനിച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. 4,000 കോടി കൂടി കടമെടുത്തതോടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 27,000 കോടി രൂപയായി ഉയർന്നു. ഏപ്രിലിൽ 3,000 കോടി, മേയിൽ 4,000 കോടി, ജൂണിൽ 5,000 കോടി, ജൂലൈയിൽ 5,000 കോടി, ഓഗസ്റ്റിൽ 6,000 കോടി എന്നിങ്ങനെയാണ് കടമെടുത്ത തുക. കഴിഞ്ഞ ഡിസംബർ വരെ 29,529 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിരുന്നത്. കേന്ദ്രസഹായമില്ലാതെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ ബി.എ. പ്രകാശ് ഇ ടിവി ഭാരതിനോട് പറഞ്ഞു. പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കാതെ പുതിയ തസ്തികകൾ രൂപീകരിക്കുന്നത് സ്ഥിതി വഷളാക്കും.
ഈ തീരുമാനങ്ങൾ പൂർണ്ണമായി നടപ്പിലാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ നിയമനങ്ങൾക്ക് പകരം പുതിയ തസ്തിക സൃഷ്ടിക്കുന്നത് നല്ലതാണെങ്കിലും ഒരുമിച്ച് ഇത്രയും തസ്തികകൾ രൂപീകരിക്കുന്നതിൽ ആശങ്കയുണ്ടെന്ന് എൻജിഒ അസോസിയേഷൻ പ്രസിഡന്റ് എ.എം. ജാഫർഖാൻ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്തെ ട്രഷറികളിൽ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് മുൻഗണന നിശ്ചയിച്ചു നൽകുന്ന ബില്ലുകൾ മാത്രം പാസാക്കിയാൽ മതിയെന്നാണ് നിർദ്ദേശം. ബില്ലുകളെല്ലാം പരിശോധിച്ച് മുൻഗണന നിശ്ചയിച്ച് പാസാക്കാനുള്ള പട്ടിക ട്രഷറികൾക്ക് നൽകും. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളെല്ലാം തന്നെ മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചേ പാസാക്കൂ. ദൈനംദിന ചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി 25 ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപയായി കുറച്ചു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.
13-ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ രൂപീകരിച്ചത് 235 തസ്തികകൾ
മോട്ടോർ വാഹന വകുപ്പിൽ 34 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ, 26 മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ എന്നിങ്ങനെ 60 തസ്തികകൾ.
സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ പുതുതായി അനുവദിച്ച 17 ഔട്ട്ലെറ്റുകളിലേക്കും അഞ്ച് വെയർ ഹൗസുകളിലേക്കുമായി 68 തസ്തികകൾ.
പട്ടികവർഗ വികസന വകുപ്പിൽ രണ്ട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരും 8 ക്ലാർക്കുമാരും ഉൾപ്പെടെ 10 തസ്തികകൾ.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ബയോളജി വിഭാഗത്തിൽ അഞ്ചും കെമിസ്ട്രി വിഭാഗത്തിൽ മൂന്നും ഡോക്യുമെന്റ്സ് വിഭാഗത്തിൽ 11-ഉം ഉൾപ്പെടെ 19 സയന്റിഫിക് ഓഫീസർ തസ്തികകൾ.
ഹൈക്കോടതി ആർബിട്രേഷൻ സെന്ററിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാ ജഡ്ജി റാങ്കിലുള്ള ജുഡീഷ്യൽ ഓഫീസറെ നിയമിക്കുന്നതിനായി ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്റിൽ ഒരു ഡയറക്ടർ.
പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിലും മേഖല ഓഫീസുകളിലുമായി 10 തസ്തികകൾ.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ 26 തസ്തികകൾ.
തലശേരിയിൽ ആരംഭിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഡീഷണൽ ബെഞ്ചിനോട് അനുബന്ധിച്ചുള്ള എ.ജി ഓഫീസിൽ 18 തസ്തികകൾ.
കണ്ണൂർ നടുവിൽ സർക്കാർ പോളിടെക്നിക് കോളേജിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ 4 ലക്ചറർ തസ്തികകൾ.
കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ ബി.പി.ടി കോഴ്സിനായി ഒരു അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോതെറാപ്പി തസ്തിക.
വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഭാഗമായി അനുവദിച്ച കോട്ടുകാൽ പട്ടം താണുപിള്ള മെമ്മോറിയൽ വിഎച്ച്എസ്ഇയിൽ മൂന്ന് തസ്തികകൾ.
തിരുവനന്തപുരം നെടുമങ്ങാട് പുതിയ ഐടിഐയിൽ പ്രിൻസിപ്പൽ തസ്തികയടക്കം 16 തസ്തികകൾ.
10-ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ രൂപീകരിച്ചത് 96 തസ്തികകൾ
പട്ടികജാതി-പട്ടികവർഗ വിരുദ്ധ അതിക്രമങ്ങൾ നേരിടുന്നതിനായി അഗളി, മാനന്തവാടി, കാസർഗോഡ് എന്നിവിടങ്ങളിൽ സ്പെഷ്യൽ മൊബൈൽ സ്ക്വാഡുകൾക്കായി 41 തസ്തികകൾ.
എൻ.ആർ.ഐ പോലീസ് സ്റ്റേഷൻ രൂപീകരണത്തിനായി 25 തസ്തികകൾ.
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ 13 തസ്തികകൾ.
രാജാക്കാട് ഫയർ സ്റ്റേഷന് 15 തസ്തികകൾ.
കണ്ണൂർ ചെമ്പിലോട് എച്ച്എസ്എസ്, കോഴിക്കോട് ചോറോട് യുപി സ്കൂൾ എന്നിവിടങ്ങളിലായി ഓരോ അധിക അധ്യാപക തസ്തികകൾ.
5-ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ 529 തസ്തികകൾ
ഗ്രാമപഞ്ചായത്തുകളിൽ 436 പുതിയ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകൾ.
പിഎസ്സിയിൽ വിവിധ വിഭാഗങ്ങളിലായി 35 തസ്തികകൾ.
ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റിൽ 52 തസ്തികകൾ.
റാന്നി ഇട്ടിച്ചുവട് ഹയർസെക്കൻഡറി സ്കൂളിൽ 7 അധ്യാപക തസ്തികകൾ.
2-ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ 99 തസ്തികകൾ
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് 24 തസ്തികകൾ.
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ 9 തസ്തികകൾ.
മലബാർ ദേവസ്വം ബോർഡിൽ വിവിധ വിഭാഗങ്ങളിലായി 66 തസ്തികകൾ.
28-ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ 55 തസ്തികകൾ
പൊലീസ് വകുപ്പിൽ വിവിധ റാങ്കുകളിലുള്ള 51 ഡ്രൈവർ തസ്തികകൾ.
കണ്ണൂർ പോലീസ് റൂറലിൽ ഫിംഗർപ്രിന്റ് വിഭാഗത്തിൽ 4 തസ്തികകൾ.
20-ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ 65 തസ്തികകൾ
കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 65 തസ്തികകൾ.
18-ന് കൂടിയ മന്ത്രിസഭാ യോഗത്തിൽ 51 തസ്തികകൾ
പുതിയ ഫയർ സ്റ്റേഷനുകൾക്കായി 29 തസ്തികകൾ.
പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ വിഭാഗത്തിൽ 20 തസ്തികകൾ.
കാലിക്കറ്റ് സർവ്വകലാശാലയിൽ ഫോറൻസിക് സയൻസ് വിഭാഗത്തിൽ 2 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR