Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മാര്ച്ച് (H.S.)
ശബരിമല യുവതീപ്രവേശം സംബന്ധിച്ച സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും മലക്കം മറിച്ചിലുകൾ വീണ്ടും രാഷ്ട്രീയ ചർച്ചയ്ക്ക് തിരികൊളുത്തുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഇത് പ്രചാരണവിഷയമായേക്കും. മൂന്ന് മുന്നണികളും ഇതുമായി ബന്ധപ്പെട്ട് കൂട്ടിക്കിഴിക്കലുകൾ നടത്തുന്നുണ്ട്. 2018 സെപ്റ്റംബറിൽ വന്ന യുവതീപ്രവേശന വിധി കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിലും വിശ്വാസി സമൂഹത്തിനിടയിലും കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. വിധിയെ തുടർന്ന് ഒരു വർഷത്തോളം കേരളം പലവിധ പ്രക്ഷോഭങ്ങൾക്കും വേദിയായി. എൽഡിഎഫ് ഒഴികെയുള്ള മുന്നണികൾ രാഷ്ട്രീയമായി ഇതിനെ നേരിട്ടപ്പോൾ സാമുദായിക സംഘടനകളിൽ പലവിധ ഭിന്നതകൾ രൂപപ്പെട്ടിരുന്നുവെങ്കിലും നാമജപസമരവുമായി എൻഎസ്എസും രംഗത്തിറങ്ങി.
നിയമ പോരാട്ടങ്ങളുടെ തുടക്കം
തിരുവതാംകൂർ ദേവസ്വം കമ്മിഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിൻ്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം. ചങ്ങനാശേരി സ്വദേശി എസ് മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ പരാതി നൽകി. ഇതു റിട്ട് ഹർജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശനം ഹൈക്കോടതി നിരോധിച്ചു. പിന്നീട് 2006ലാണ് യങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതിൽ സംസ്ഥാന സർക്കാരിനോടും കോടതി അഭിപ്രായം ആരാഞ്ഞിരുന്നു. യുവതീപ്രവേശനം സാധ്യമാക്കണമെന്ന വി എസ് സർക്കാരിൻ്റെ കാലത്തെ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് അന്ന് കോടതിയെ ബോധിപ്പിച്ചത്.
നിർണായക സുപ്രീംകോടതി വിധി
2018 സെപ്റ്റംബർ 18നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് യുവതീപ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നുമായിരുന്നു അഞ്ചംഗ ബെഞ്ചിലെ നാലു പേർ വ്യക്തമാക്കിയത്.
മതവിശ്വാസത്തിൽ കോടതി ഇടപെട്ടു തീർപ്പ് കൽപിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച് ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണു ഹർജിക്കാർ എന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നും അവർ വിധിച്ചു. വിഷയത്തിൽ സുപ്രീംകോടതി വിധി എത്തിയതോടെ സർക്കാർ അതിനെ ന്യായീകരിച്ച് രംഗത്തെത്തി
എല്ലാ സൗകര്യങ്ങളും ഒരുക്കണം
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീകൾ ദർശനത്തിനെത്തുന്നതിനു മുന്നോടിയായി എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്ന നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ബോർഡിനു നൽകിയത്. വിധിയിൽ സർക്കാരും ഇടതുമുന്നണിയും പിന്തുണ പ്രഖ്യാപിച്ചപ്പോൾ എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകൾ ഇടഞ്ഞു. ഇതിന് പുറമേ ശബരിമലയിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാർ ആരും എത്തിയില്ല.
ശബരിമല യുവതീപ്രവേശന വിധി സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച് സർക്കാരിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രചാരണസംവിധാനമായ പിആർഡി കൈപുസ്തകം അച്ചടിച്ചിറക്കി. എൻഎസ്എസ് ഉൾപ്പടെയുള്ള 17 ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ നാമജപഘോഷയാത്രയോടെ സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾക്ക് സമ്മർദ്ദമേറി. ഇതിനിടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 50ന് താഴെ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനത്തിനെത്തിയപ്പോൾ ഭക്തർ തടഞ്ഞതോടെ കേരളത്തിലെ അന്തരീക്ഷം കലാപകലുഷിതമായി.
വനിതാ മതിലിലേക്ക് സർക്കാർ
യുവതീപ്രവേശന വിധിക്കെതിരായ പ്രക്ഷോഭങ്ങൾ കനത്തതോടെ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിന് കാസർകോടു മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ പടുത്തുയർത്താൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സാമൂഹിക, സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണു തീരുമാനം. സർക്കാരിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ജനറൽ സെക്രട്ടറിയായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനനെയും കൺവീനറായി പുന്നല ശ്രീകുമാറിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജനുവരി ഒന്നിന് നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ഇടതു പാർട്ടികളുടെയും വിവിധ സാമുദായിക സംഘടനകളുടെയും നേതൃത്വത്തിൽ കാസർകോടു മുതൽ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതിൽ സംഘടിപ്പിച്ചു.
യുവതീപ്രവേശനം ശബരിമലയിൽ
ശബരിമലയിൽ ദർശനം നടത്തിയതായി യുവതികളായ ബിന്ദുവും കനകദുർഗയും വെളിപ്പെടുത്തി. പതിനെട്ടാം പടി ഒഴിവാക്കിയാണു സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഭക്തരിൽനിന്ന് പ്രശ്നങ്ങളുണ്ടായില്ലെന്നും പൊലീസ് സംരക്ഷണം ലഭിച്ചെന്നും ഇരുവരും പറഞ്ഞു. രണ്ടു യുവതികളും ശബരിമലയിൽ ദർശനം നടത്തിയെന്നു സർക്കാരും സ്ഥിരീകരിച്ചു. യുവതീപ്രവേശനത്തെ തുടർന്ന് നടയടച്ചു ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരുടെ നടപടി തെറ്റെന്നു പറഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടു തന്ത്രിക്കു നോട്ടിസ് നൽകുകയുമുണ്ടായി. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുകയെന്നത് തന്ത്രിയുടെ കടമയാണെന്നും അതുമാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നുമായിരുന്നു അന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയത്. ശബരിമലയിൽ അയിത്താചരണം നടത്തിയ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ശബരിമല ആദിവാസികൾക്കു വിട്ടു കൊടുക്കണമെന്നും ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയും അന്ന് ആവശ്യപ്പെട്ടിരുന്നു.
2019ലെ തെരഞ്ഞെടുപ്പ് പരാജയം
ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് സർക്കാരിനെതിരായ വിശ്വാസി സമൂഹത്തിൻ്റെ അമർഷം ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്ന് അവർ തന്നെ വിലയിരുത്തി. 20ൽ 19 സീറ്റും യുഡിഎഫ് വിജയിച്ചപ്പോൾ ആലപ്പുഴ സീറ്റിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. 47ശതമാനത്തോളം വോട്ട് യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് 35.3ശതമാനവും എൻഡിഎയ്ക്ക് 15.6 ശതമാനവും വോട്ടാണ് നേടാൻ കഴിഞ്ഞത്. പിന്നീട് വിഷയത്തിൽ നിലപാട് വിശദീകരിച്ച് ജനങ്ങളുടെ അമർഷമില്ലാതാക്കാൻ സിപിഎം ഗൃഹസമ്പർക്കം നടത്തി. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണൻ അടക്കം വീട് കയറുകയും ചെയ്തു. പിന്നീട് 2020 നടന്ന തദ്ദേശത്തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിൻ്റെ തിരിച്ചുവരവും അപ്രതീക്ഷിതമായ തുടർഭരണവും കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന് വലിയ വെല്ലുവിളി ഉയർത്തി.
ആഗോള അയ്യപ്പ സംഗമവും സ്വർണക്കൊള്ള വിവാദങ്ങളും
ശബരിമല വിഷയത്തിൽ അകന്നു നിന്നവരെ അടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി 2025 സെപ്റ്റംബർ 20ന് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ഇതിൽ സാമുദായിക സംഘടനകളായ എൻഎസ്എസ്, എസ്എൻഡിപി എന്നീ സംഘടനകൾ സർക്കാരിന് അനുകൂലമായി നിലപാടെടുത്തത് സർക്കാരിനും രാഷ്ട്രീയമായ സിപിഎമ്മിനും വിജയമായി. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരിട്ട് പങ്കെടുത്ത സംഗമത്തിൽ എൻഎസ്എസ് പ്രത്യേക പ്രതിനിധയെ അയച്ചു. ഇതിനിടെ മറ്റൊരു സംഭവം നടന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണം പൂശിയ പീഠം 2019ൽ അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ശേഷം കാണാതായത് സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിച്ചിരുന്നു.
ഇതിൽ ദേവസ്വം വിജിലൻസിനോട് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് പീഠം കാണാനില്ലെന്ന വിജിലൻസിൻ്റെ റിപ്പോർട്ട് വിവാദമായതോടെയാണ് സ്വർണം പൂശൽ നടത്തിയ സ്പോൺസർ എന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തുവന്നത്. തുടർന്ന് ഒട്ടേറെ വാദപ്രതിവാദങ്ങൾക്ക് ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിൻ്റെ വീട്ടിൽ നിന്നാണ് ഈ പീഠം കണ്ടെത്തിയത്. ഇതിന് നാല് കിലോഗ്രാം ഭാരം കുറവുണ്ടെന്ന വാദം നിലനിൽക്കുകയാണ്. തുടർന്ന് അന്നത്തെ സ്വർണം പൂശലിനെപ്പറ്റി വിശദമായ അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കണമെന്ന കോടതിയുടെ ആവശ്യത്തെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് നടന്ന കേസ് അന്വേഷണത്തിലാണ് ശബരിമലയിൽ നടന്ന സ്വർണക്കൊള്ള വെളിച്ചത്തായത്. അന്വേഷണം പുരോഗമിച്ചതോടെ രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരും അംഗങ്ങളും വിവിധ ഉദ്യോഗസ്ഥരും ജയിൽവാസം അനുഭവിക്കുകയും ചെയ്തത് സർക്കാരിനും സിപിഎമ്മിനും വീണ്ടും തിരിച്ചടിയായി.
സത്യവാങ്മൂലത്തിലെ നിലപാട് മാറ്റം
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉണ്ടായ അറസ്റ്റുകളിൽ സർക്കാരും എൽഡിഎഫും പ്രതിരോധത്തിലായിരിക്കുന്ന അവസ്ഥയിലാണ് ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സത്യവാങ്മൂലത്തിൽ സർക്കാർ നിലപാട് മാറ്റുന്നതെന്നും ഇതിൽ ആത്മാർഥതയില്ലെന്നുമാണ് ബിജെപിയും കോൺ്രഗസും ആരോപിക്കുന്നത്. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നായിരുന്നു 2018ൽ യുവതീപ്രവേശനത്തിനനുകൂലമായ കോടതിവിധി പുറത്ത് വന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനപാദത്തിൽ സർക്കാർ ഈ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞതാണ് പുതിയ രാഷ്ട്രീയ വിവാദമായി സംസ്ഥാനത്ത് മാറിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയും പൊതുമണ്ഡലത്തിൽ ഈ വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കാനുള്ള സാധ്യതയേറയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR