മീനമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു
Pathanamthitta , 14 മാര്ച്ച് (H.S.) മീനമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ
Sabarimala


Pathanamthitta , 14 മാര്ച്ച് (H.S.)

മീനമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു.

മീനമാസം ഒന്നായ മാർച്ച് 15ന് രാവിലെ 5നാണ് ദർശനത്തിനായി നട തുറക്കുക. അന്ന് മുതൽ കളഭാഭിഷേകവും പടിപൂജയും നടക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19ന് രാത്രി 10ന് നടയടയ്ക്കും. വാർഷിക ഉത്സവത്തിനായി മാർച്ച് 22ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും. മാർച്ച് 23നാണ് ശബരിമല ഉത്സവത്തിന് കൊടിയേറുന്നത്. മാർച്ച് 31ന് പള്ളിവേട്ടയും ഏപ്രിൽ ഒന്നിന് പമ്പയിൽ ഭഗവാൻ്റെ ആറാട്ടും നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. ചടങ്ങുകൾക്ക് ശേഷം ഘോഷയാത്ര തിരിച്ചെത്തുന്നതിന് പിന്നാലെ രാത്രി 10ന് നട അടയ്ക്കും.

ദർശനത്തിനും വഴിപാടുകൾക്കുമുള്ള സജ്ജീകരണങ്ങൾ

ശബരിമല ദർശനം ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റായ www.sabarimalaonline.org വഴി സ്ലോട്ട് ഉറപ്പാക്കണം. സന്നിധാനത്ത് താമസിക്കാൻ www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് ചെയ്യാൻ സാധിക്കാത്തവർക്ക് ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് നടത്താൻ ദേവസ്വം ബോർഡ് സൗകര്യമൊരുക്കിയിട്ടുണ്ട്. കൊടിയേറ്റ് ഉത്സവത്തിനും മീനമാസ പൂജകൾക്കും വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മാർച്ച് 23 മുതൽ എല്ലാ ദിവസവും ശ്രീഭൂതബലിയും ഉത്സവബലിയും നടക്കും. ഉത്സവബലി ദർശനത്തിന് പ്രത്യേക സൗകര്യങ്ങളുണ്ട്. കൂടാതെ നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം തുടങ്ങിയ പതിവ് വഴിപാടുകളും ഭക്തർക്ക് നടത്താം. ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കും ശേഷം വാദ്യമേളങ്ങളുടെയും ശരണമന്ത്രങ്ങളുടെയും അകമ്പടിയോടെ സന്നിധാനത്ത് ഭഗവാൻ്റെ തിടമ്പ് എഴുന്നള്ളിക്കുന്ന ശ്രീബലി ഉണ്ടായിരിക്കും.

മാർച്ച് 31ന് രാത്രി ശരംകുത്തിയിലാണ് പ്രസിദ്ധമായ പള്ളിവേട്ട നടക്കുക. ഇതിന് ശേഷം സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ സ്വീകരിക്കാൻ വലിയ ഭക്തജനസഞ്ചയമാണ് കാത്തുനിൽക്കാറുള്ളത്. പിറ്റേദിവസം ഏപ്രിൽ ഒന്നിന് പമ്പാനദിയിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ആറാട്ടോടെ ഉത്സവ ചടങ്ങുകൾ പൂർണമാകും. ആറാട്ടിന് ശേഷം പമ്പാ ഗണപതി കോവിലിൽ ദർശനത്തിനായി വയ്ക്കുന്ന ഭഗവാൻ്റെ തിടമ്പിന് മുന്നിൽ ഭക്തർക്ക് നേരിട്ട് പറ സമർപ്പിക്കാൻ അപൂർവ അവസരം ലഭിക്കും. വൈകുന്നേരം പമ്പയിൽനിന്ന് തുടങ്ങുന്ന ഘോഷയാത്ര രാത്രി സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം കൊടിയിറക്കി നട അടയ്ക്കും.

സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും

തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണം സുഗമമാക്കാൻ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രത്യേക കിയോസ്ക്കുകൾ സ്ഥാപിച്ചു. പമ്പയിലും സന്നിധാനത്തുമുള്ള അന്നദാന മണ്ഡപങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും. അടിയന്തര വൈദ്യസഹായത്തിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഡിസ്പെൻസറികളും കാർഡിയോളജി സെൻ്ററുകളും സജ്ജമാക്കി.

ആയുർവേദ, ഹോമിയോ ആശുപത്രികളുടെ സേവനവും ലഭ്യമാണ്. മല കയറുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് അടിയന്തര ശുശ്രൂഷ നൽകാൻ വഴിനീളെ ഓക്സിജൻ പാർലറുകളും ഒരുക്കിയിട്ടുണ്ട്. യാത്രാക്ലേശം പരിഹരിക്കാൻ നിലയ്ക്കൽ-പമ്പ റൂട്ടിൽ കെഎസ്ആർടിസി കൂടുതൽ ചെയിൻ സർവീസുകൾ നടത്തും. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്ന് പമ്പയിലേക്ക് നേരിട്ട് സ്പെഷ്യൽ സർവീസുകളുമുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വനംവകുപ്പിൻ്റെ എലിഫൻ്റ് സ്ക്വാഡും ഫയർഫോഴ്സ് യൂണിറ്റുകളും സജ്ജമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണമെന്നും പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് ഓർമിപ്പിക്കുന്നു. മീനമാസത്തിലെ ആറാട്ട് വളരെ പുണ്യകരമായി കണക്കാക്കുന്നതിനാൽ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വരും ദിനങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകർ എത്തും. ഇവർക്കായി നിലയ്ക്കലിൽ വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ വിശാലമായ പാർക്കിങ് സൗകര്യമുണ്ട്.

മുൻകൂട്ടിയുള്ള കൃത്യമായ ആസൂത്രണത്തോടെയെത്തിയാൽ തിരക്കില്ലാതെ ദർശനം നടത്തി മടങ്ങാനാകും. ഇതിനായി ഭക്തർ പൊലീസിൻ്റെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നിർദേശങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News