Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മാര്ച്ച് (H.S.)
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ കർശന നിലപാടിൽ അയവ് വരുത്തി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. മതകാര്യങ്ങളിൽ പണ്ഡിതർ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് 17 പേജുള്ള സത്യവാങ്മൂലത്തിലുള്ളത്. മതാചാരങ്ങൾ പുറത്തുള്ളവർക്ക് പൊതുതാൽപ്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും മുൻകാല അനുഭവങ്ങൾ അതാണ് വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. മനുഷ്യരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന മുൻനിലപാടിൽ നിന്നും മാറിയാണ് സർക്കാരിന്റെ പുതിയ സത്യവാങ്മൂലം.
നിലപാട് മാറ്റവുമായി സർക്കാർ
കഴിഞ്ഞ തവണത്തെ സത്യവാങ്മൂലത്തിന്റെ ഭാഗമായി പറഞ്ഞതിൽ ഉറച്ചുനിന്നുള്ള കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശ്വാസികളുടെ വികാരം ഒരുകാലത്തും സി.പി.എം. മാനിക്കാതിരുന്നിട്ടില്ല. കോടതി ഉന്നയിച്ച ഏഴു ചോദ്യങ്ങളിൽ സ്ത്രീകളുടെ പ്രവേശനം വേണോ വേണ്ടയോ എന്ന വിഷയമില്ല. ആചാരം ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അതൊക്കെ പരിഹരിക്കാൻ ആവശ്യമായ പരിശോധന നടത്താനാവുക സർക്കാരിനല്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആ മേഖലയിലെ പണ്ഡിതരും വിദഗ്ധരുമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയിൽ ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ ശബരിമല പ്രവേശനത്തിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യമുണ്ടായിരുന്നു. ഇപ്പോഴത്തെ സത്യവാങ്മൂലത്തിൽ ആ പരാമർശം ഒഴിവാക്കാനാണ് സി.പി.എം. സെക്രട്ടേറിയറ്റിന്റെ തീരുമാനം. യുവതീപ്രവേശത്തെ അനുകൂലിച്ച് 2007-ൽ നൽകിയ സർക്കാർ സത്യവാങ്മൂലത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ട പണ്ഡിതരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നാണ് ഇപ്പോൾ നേതാക്കളുടെ വാദം. അതാണ് ഇപ്പോൾ ഉയർത്തിപ്പിടിക്കുന്നതെന്നും അതു നിലപാടു മാറ്റമല്ലെന്നും സി.പി.എം. നേതൃത്വം വിശദീകരിക്കുന്നു. ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി.എൻ. വാസവനും അറിയിച്ചു.
മുൻനിലപാടുകൾ
മനുഷ്യരെ രണ്ടായി കാണുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് 2018-ലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വാദം. എത്ര വോട്ട് കിട്ടുമെന്നോ നഷ്ടമാവുമെന്നോ എത്ര സീറ്റ് കിട്ടുമെന്നോ നഷ്ടമാവുമെന്നോ തുടങ്ങിയ കാര്യങ്ങൾ തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടി നിലപാട് വ്യക്തമാക്കി അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. പത്ത് വോട്ടിനുവേണ്ടി രാഷ്ട്രീയ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട്, അഞ്ചംഗ ബെഞ്ചിനു മുന്നിൽ പുനഃപരിശോധനാ ഹർജികൾ വന്ന വേളയിൽ 2020 ജനുവരി 28-ന് സി.പി.എം. പോളിറ്റ് ബ്യൂറോയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി. എല്ലാ രംഗങ്ങളിലും സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാൻ സി.പി.എം. പ്രതിജ്ഞാബദ്ധമാണെന്നും എത്രയും വേഗത്തിൽ കോടതി സുനിശ്ചിതമായ നിലപാടടുക്കണം എന്നുമായിരുന്നു പി.ബി.യുടെ പ്രസ്താവന.
യുവതീപ്രവേശം വേണമെന്ന് ഹർജിക്കാർ
സർക്കാരും ദേവസ്വം ബോർഡും നിലപാട് മാറ്റിയെങ്കിലും, യുവതീ പ്രവേശന വിധി അതേപടി നിലനിർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യഥാർത്ഥ ഹർജിക്കാരായ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് വിവേചനമാണെന്നും സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അസോസിയേഷൻ സുപ്രീം കോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദങ്ങളിൽ വ്യക്തമാക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള അവകാശങ്ങളെ ആചാരങ്ങൾ ബാധിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മതപരമായ ആചാരങ്ങൾ പൊതുതാൽപ്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ എന്ന വിഷയം സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. ഒൻപതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി എല്ലാ കക്ഷികളും തങ്ങളുടെ വാദങ്ങൾ എഴുതി നൽകണമെന്ന നിർദ്ദേശത്തെത്തുടർന്നാണ് അസോസിയേഷൻ നിലപാടറിയിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR