Enter your Email Address to subscribe to our newsletters

Kottayam , 14 മാര്ച്ച് (H.S.)
മലയാളത്തെ കൂടുതല് സമ്പന്നമാക്കാന് കോട്ടയത്തെ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എന്. വാസവന്. സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിൻ്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തില് സഹകരണവകുപ്പ് നിര്മിച്ച അക്ഷര മ്യൂസിയത്തിൻ്റെ തുടര്ഘട്ടങ്ങളുടെ നിര്മാണോദ്ഘാടനവും എസ്.പി.സി.എസ് അക്ഷര പുരസ്കാര സമര്പ്പണവും നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരനഗരിയെന്ന പേരിനൊപ്പം സാഹിത്യ, സാംസ്കാരിക രംഗങ്ങളില് കോട്ടയത്തിൻ്റെ പേര് കൂടുതല് ഉയരങ്ങളിലേക്കെത്തിക്കാന് അക്ഷര മ്യൂസിയത്തിന് കഴിഞ്ഞു. ആറായിരത്തിലധികം ഭാഷകളും ലിപികളും അവയുടെ പരിണാമവും പരിചയപ്പെടുത്തുന്ന അക്ഷരമ്യൂസിയം പോലുള്ള സംരംഭം വേറെയില്ലെന്നും മന്ത്രി പറഞ്ഞു.
സാഹിത്യപ്രവര്ത്തക സഹകരണസംഘം ഏര്പ്പെടുത്തിയ അക്ഷരപുരസ്കാരം സാഹിത്യകാരന് യു.കെ. കുമാരന് ചടങ്ങില് മന്ത്രി സമ്മാനിച്ചു. എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച തക്ഷന്കുന്ന് സ്വരൂപം എന്ന നോവലാണ് അദ്ദേഹത്തെ പുരസ്കാരത്തിന്ന് അര്ഹനാക്കിയത്.
ഒന്നേകാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. നാട്ടകം ഇന്ത്യാ പ്രസ് പുരയിടത്തില് നടന്ന ചടങ്ങില് എസ്.പി.സി.എസ് പ്രസിഡൻ്റ് അഡ്വ. പി. കെ. ഹരികുമാര് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര് രാധാകൃഷ്ണന് എം.എല്.എ മുഖ്യപ്രഭാഷണം നടത്തി.
കിഫ്ബി അഡീഷണല് സി.ഇ.ഒ മിനി ആൻ്റണി, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര് ആര്. ചന്ദ്രന്പിള്ള, സാഹിത്യകാരന് സുസ്മേഷ് ചന്ദ്രോത്ത്, പത്രപ്രവര്ത്തകന് പോള് മണലില്, സര്ക്കിള് സഹകരണ യൂണിയന് ജില്ലാ ചെയര്മാന്, കെ.എം. രാധാകൃഷ്ണന്, ജോയിൻ്റ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന കെ.പി. ഉണ്ണികൃഷ്ണന് നായര്, എസ്.പി.സി.എസ് ഭരണസമിതിയംഗം ഡോ.എം.ജി. ബാബുജി എന്നിവര് പ്രസംഗിച്ചു.
കിഫ്ബിയുടെ 16.18 കോടി രൂപ ധനസഹായത്തോടെയാണ് തുടര്ന്നുള്ള മൂന്നു ഘട്ടങ്ങളുടെ നിര്മാണ പ്രവര്ത്തനങ്ങള് പൂര്ത്തീകരിക്കുക. ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്ഞാനികസാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗാലറികള് ഉള്പ്പെടുന്നതാണ് അടുത്ത ഘട്ടങ്ങള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR